അമ്മയാവുന്നതില്‍ ഉത്കണ്ഠ; അമ്മയായാല്‍ സമ്മര്‍ദം

അഞ്ചില്‍ ഒന്ന് സ്ത്രീകളും പ്രസവശേഷമുള്ള ആദ്യ ആഴ്ചകളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് പഠനം
അമ്മയാവുന്നതില്‍ ഉത്കണ്ഠ; അമ്മയായാല്‍ സമ്മര്‍ദം

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ശിശുവുമായി അമ്മയ്ക്ക് അടുപ്പം വളര്‍ന്ന് തുടങ്ങുകയും, അമ്മയെന്ന പുതിയ അവസ്ഥ സ്ത്രീ ആസ്വദിച്ച് തുടങ്ങുകയും ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീക്ക് ആശങ്കയും ഉത്ക്കണ്ഠയും ഭയവും തോന്നാന്‍ സാധ്യതയുണ്ടെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ 21 ശതമാനം സ്ത്രീകളിലും നവജാത ശിശുവിന്റെ ജനനം മുതല്‍ ആറ് ആഴ്ച വരെയുള്ള കാലം കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാകുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിയുന്നത്. 

ഈ പ്രശ്‌നം അനുഭവിക്കുന്ന മിക്ക സ്ത്രീകള്‍ക്കും വേണ്ട വിധത്തിലുള്ള ചികിത്സ കിട്ടുന്നില്ല. ഇവരുടെ പ്രശ്‌നങ്ങള്‍ ആരും അറിയാതെ പോവുകയാണെന്നും ഈ വിഷയത്തില്‍ പഠനം നടത്തിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബെറ്റി ഷാന്നോന്‍ പ്രെവാട്ട് പറഞ്ഞു. 10 മുതല്‍ 20 ശതമാനം വരെ സ്ത്രീകളും കടുത്ത മൂഡ് ഡിസോര്‍ഡര്‍ ആണ് പ്രസവശേഷം അനുഭവിക്കുന്നത്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക- മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാനസിക സമ്മര്‍ദ്ദം (mood desorder) അനുഭവിക്കുന്ന സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് ശരിയായ ചികിത്സ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷക കൂട്ടിച്ചേര്‍ത്തു.

മൂന്നു വര്‍ഷം മുന്‍പ് പ്രസവിച്ച 211 സ്ത്രീകളില്‍ സര്‍വേ നടത്തിയപ്പോള്‍ അവര്‍ക്കെല്ലാം പ്രീമെന്‍സ്ട്രല്‍ ഡൈസ്‌ഫോറിക് ഡിസോര്‍ഡറിന്റെ (Premenstrual dysphoric disorder) ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. കുഞ്ഞ് ജനിച്ചയുടനെയുണ്ടാകുന്ന മാറ്റങ്ങള്‍ (മുലയൂട്ടല്‍, കുഞ്ഞിന്റെ പരിപാലനം, ചികിത്സ തുടങ്ങിയവ) മൂലം സ്ത്രീകള്‍ക്ക് വേണ്ടത്ര പരിപാലനം കിട്ടിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.

സര്‍വേയില്‍ പ്രതികരിച്ച 51 ശതമാനം അമ്മമാരിലും പ്രീമെന്‍സ്ട്രല്‍ ഡൈസ്‌ഫോറിക് ഡിസോര്‍ഡര്‍ ഉണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അതായത് അഞ്ചില്‍ ഒരാള്‍ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നുമില്ല. എന്‍സിയിലെ അസോസിയേറ്റ് പ്രഫസര്‍ സാറാ ഡെസ്മറൈസിന്റെ അഭപ്രായത്തില്‍ ഭൂരിപക്ഷം സ്ത്രീകളും ആ സമയത്തെ മാനസിക പ്രശ്‌നങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാവുന്നില്ല എന്നാണ്.

സ്ത്രീകളിലെ പ്രസവസമയത്തെ മൂഡ് ഡിസോര്‍ഡര്‍ മാറാന്‍ ചുറ്റുമുള്ളവരാണ് പരിശ്രമിക്കേണ്ടത്. സ്ത്രീകളില്‍ ഇതേപ്പറ്റി ബോധവല്‍ക്കരണം നടത്തിയിട്ട് കാര്യമില്ല. അവര്‍ക്ക് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ശക്തമായ സാമൂഹിക പിന്തുണ നേടിക്കൊടുക്കുകയാണ് വേണ്ടതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ജേണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com