സിംഗിളായി ഇരിക്കാതെ  മിംഗിള്‍ ആകുന്നതാണ് ആരോഗ്യത്തിന് നല്ലത്

അവിവാഹിതര്‍ക്ക് വിവാഹിതരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പുതിയ പഠനം
സിംഗിളായി ഇരിക്കാതെ  മിംഗിള്‍ ആകുന്നതാണ് ആരോഗ്യത്തിന് നല്ലത്

വിവാഹിതര്‍ക്ക് വിവാഹിതരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനം. അതുകൊണ്ട് എന്നുമിങ്ങനെ സിംഗിളായി ഇരിക്കാതെ ആരെങ്കിലുമായൊക്കെ മിംഗിള്‍ ആകുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

ബെര്‍മിങ്ഹാമിലെ ആസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 929552 പ്രായപൂര്‍ത്തിയായ ആളുകളില്‍ പഠനം നടത്തിയാണ് വിവാഹാവസ്ഥയും ഹൃദയാഘാത സാധ്യതയും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസിലാക്കിയത്. അവിവാഹിതര്‍ക്ക് വിവാഹിതരെ അപേക്ഷിച്ച് കാഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. 

ഹാര്‍ട്ട് അറ്റാക്ക് വന്ന 25287 രോഗികളെ അവിവാഹിതര്‍, വിവാഹിതര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, പങ്കാളിയെ നഷ്ടപ്പെട്ടവര്‍(മരിച്ചവര്‍) എന്നിങ്ങനെ തരം തിരിച്ച് പഠനം നടത്തി. ഇതില്‍ വിവാഹിതരായ രോഗികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗാവസ്ഥ തരണം ചെയ്തതായി കണ്ടെത്തി. 

വിവാഹിതര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കുറവാകാനുള്ള കാരണങ്ങളും ഗവേഷകര്‍ നിരത്തുന്നുണ്ട്. പങ്കാളി കൂടെയുള്ളപ്പോള്‍ രോഗിക്ക് കൂടുതല്‍ മാനസിക, ശാരീരിക പിന്തുണയും സംരക്ഷണവും ലഭിക്കും. ഇതിലൂടെ രോഗിക്ക് ആത്മവിശ്വാസം ലഭിക്കുകയും ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് രോഗിക്ക് ചികിത്സയോട് പ്രതികരിക്കാനും മറ്റും കൂടുതല്‍ താല്‍പര്യമുണ്ടാക്കുമെന്നാണ് ഗവേഷകനായ ഡോക്ടര്‍ പോള്‍ കേറ്റര്‍ പറയുന്നത്. ഹൃദ്രോഗം പിടിപെട്ട രോഗിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും തുടര്‍ന്ന് രസകരമായി ജീവിപ്പിക്കാനും ഒരു പങ്കാളിക്ക് കഴിയുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com