'എന്തൊരു ആത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോള്‍ അവള്‍ക്ക്'; എയ്ഡ്‌സ് ദിനത്തില്‍ ഈ കുറിപ്പ് കണ്ണു നനയിക്കും

'എന്തൊരാത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോഴവള്‍ക്ക്! മനസുകൊണ്ട് ആ കൊച്ചുപെണ്‍കുട്ടിക്ക് ഞാനൊരു സല്യൂട്ട് വച്ചുകൊടുത്തു
'എന്തൊരു ആത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോള്‍ അവള്‍ക്ക്'; എയ്ഡ്‌സ് ദിനത്തില്‍ ഈ കുറിപ്പ് കണ്ണു നനയിക്കും

'എന്തൊരാത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോഴവള്‍ക്ക്! മനസുകൊണ്ട് ആ കൊച്ചുപെണ്‍കുട്ടിക്ക് ഞാനൊരു സല്യൂട്ട് വച്ചുകൊടുത്തു.'- ലോക എയ്ഡ്‌സ് ദിനത്തില്‍ എഴുത്തുകാരന്‍ കൂടിയായ ഡോ. മനോജ് വെള്ളനാട് എഴുതിയ ഈ കുറിപ്പ് വായിക്കൂ. എച്ച്‌ഐവി ബാധിതരെ ഇപ്പോഴും തീണ്ടാപ്പാടകലേക്കു മാറ്റിനിര്‍ത്തുന്ന സമൂഹത്തില്‍ അതു നമ്മുടെ മനസുകളെ തൊടാതിരിക്കില്ല.

മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. മെഡിക്കല്‍ കോളേജില്‍, വയറിനുള്ളില്‍ വലിയൊരു ഓപറേഷന്‍ കഴിഞ്ഞ് കിടക്കുന്ന ആ അമ്മയെ പതിനെട്ടുകാരിയായ മകള്‍ പരിചരിക്കുകയാണ്. അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വര്‍ഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കള്‍ക്കറിയില്ലായെന്നുമാണ് മാതാപിതാക്കള്‍ പറഞ്ഞ പ്രകാരം എന്റെ അറിവ്. ഈ രോഗവിവരമറിയാതെ, ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങള്‍ പുറത്തേയ്ക്ക് പോകാന്‍ മൂന്നോളം കുഴലുകളുമായി കിടക്കുന്ന അമ്മയെ പരിചരിക്കുന്ന ആ കുട്ടിയ്ക്ക്, അശ്രദ്ധമൂലം HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാലാ മാതാപിതാക്കള്‍ മക്കളറിയാതെ മറച്ചുവച്ചേക്കുന്ന രഹസ്യം ഞാനായിട്ടു പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോര്‍ത്ത് ഒന്നും പറയാനും വയ്യാ. എന്തായാലും ആ കുട്ടിയെ മാറ്റി നിര്‍ത്തി ചോദിച്ചു.
'അമ്മയുടെ അസുഖത്തെ പറ്റിയൊക്കെ അറിയാമോ?'
''അറിയാം ഡോക്ടര്‍' അവള്‍ പറഞ്ഞു.
'എന്തറിയാം?'
'ക്യാന്‍സറാണ്. ചികിത്സിക്കാവുന്ന സ്‌റ്റേജൊക്കെ കഴിഞ്ഞു എന്ന് മറ്റേ ഡോക്ടര്‍ പറഞ്ഞായിരുന്നു'
'മറ്റെന്തറിയാം?' ഞാന്‍ പിന്നെയും ചോദിച്ചു
അല്‍പനേരം മിണ്ടാതെ നിന്നിട്ടവള്‍ പറഞ്ഞു,
''അതുമറിയാം ഡോക്ടര്‍. എനിക്കുമറിയാം ചേച്ചിക്കുമറിയാം. പക്ഷെ, ഞങ്ങള്‍ക്കതറിയാമെന്ന് അവര്‍ക്കറിയില്ലാ. അവരതറിഞ്ഞാ പിന്നെങ്ങനെ ഫേസ് ചെയ്യുമെന്ന് പറയാന്‍ പറ്റില്ലാ. അവരു വളരെ ഡെലിക്കേറ്റാണ്..'
കാര്യം ശരിയാണ്. മക്കള്‍ക്കൊന്നുമറിയില്ലാന്നുള്ള ഒരു ആത്മവിശ്വാസം ആ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാലും ഞാനെന്റെ ആശങ്ക മറച്ചു വച്ചില്ലാ.
'ഈ അവസ്ഥയില്‍ അമ്മയെ ശുശ്രൂഷിക്കുമ്പോള്‍ സൂക്ഷിക്കണം. മുറിവിലൂടെയും മറ്റും ..'
'ഞാനും ചേച്ചിയും HIV യെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് ഡോക്ടര്‍. ഞങ്ങള്‍ക്കറിയാം കുറേയൊക്കെ, പകരുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ആ കെയര്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്'
ഞാന്‍ അത്ഭുതത്തോടെ ആ പതിനെട്ടുകാരിയെ കേട്ടുകൊണ്ടിരുന്നു.
''ഈ അസുഖമുണ്ടെന്നറിഞ്ഞിട്ടും അവര്‍ രണ്ടും ഇപ്പോഴും ജീവിക്കുന്നത് ഞങ്ങള്‍ക്കു വേണ്ടിയാണ് ഡോക്ടര്‍. ജീവിക്കുന്നിടത്തോളം രണ്ടുപേരേം രോഗമുണ്ടെന്ന തോന്നല്‍ പോലുമില്ലാതെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും..'
എന്തൊരാത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോഴവള്‍ക്ക്! മനസുകൊണ്ട് ആ കൊച്ചുപെണ്‍കുട്ടിയ്ക്ക് ഞാനൊരു സല്യൂട്ട് വച്ചുകൊടുത്തു. HIV/AIDS രോഗിയെന്നാല്‍ മാറ്റി നിര്‍ത്തേണ്ട ആളല്ലെന്നും ശരിയായ ചികിത്സയും പ്രതിരോധവും ഒപ്പം ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കേണ്ടത് ഒപ്പമുള്ളവരുടെ കടമയാണെന്നും മനസിലാക്കുന്ന അവളുടെ ഈ തലമുറയ്ക്കായിരുന്നു ആ സല്യൂട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com