അത് ലസ്റ്റ് അറ്റ് ഫസ്റ്റ് സൈറ്റ് ആണ്, ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നല്‍ മാത്രം

ശാരീരിക പ്രത്യേകതകള്‍ മാത്രം ഇഷ്ടപ്പെട്ട് ബന്ധത്തിലാകുന്നതിനെ പ്രണയം എന്ന പേര് വിളിക്കാനാവില്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
അത് ലസ്റ്റ് അറ്റ് ഫസ്റ്റ് സൈറ്റ് ആണ്, ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നല്‍ മാത്രം

ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. അതില്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായവരും ഉണ്ടാകും. അതിനെ നമ്മള്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് വിളിക്കാറുള്ളതും. എന്നാല്‍ നിങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ തകിടം മറിയ്ക്കുന്ന പഠനഫലമാണ് പുറത്തുവന്നിരിക്കുന്നത്.

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നൊരു സംഭവമേ ഇല്ലെന്നും അങ്ങനെ തോന്നുന്നത് വെറും ശാരീരികാകര്‍ഷണം മാത്രമാണെന്നുമാണ് നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിന്‍ജെന്‍ സര്‍വകലാശാലയുടെ ഗവേഷണഫലം പറയുന്നത്. 'ലസ്റ്റ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നതാണ് ശരിയായ കാര്യം എന്നും പഠനറിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്. ശാരീരിക പ്രത്യേകതകള്‍ മാത്രം ഇഷ്ടപ്പെട്ട് ബന്ധത്തിലാകുന്നതിനെ പ്രണയം എന്ന പേര് വിളിക്കാനാവില്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

396 ഡച്ച്, ജര്‍മ്മന്‍ വിദ്യാര്‍ത്ഥികളെയാണ് ഗ്രോണിന്‍ജെന്‍ സര്‍വകലാശാല ഗവേഷണത്തിനായി ഉള്‍പ്പെടുത്തിയത്. ചോദ്യാവലി തയാറാക്കി ഇവരോട് അത് പൂരിപ്പിക്കാന്‍ പറയുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. നിലവിലെ പ്രണയിതാവിനെക്കുറിച്ചും ആദ്യത്തെ മീറ്റിങ്ങിനെക്കുറിച്ചുമൊക്കെ ചോദ്യങ്ങളുണ്ടായിരുന്നു. 

ഇതുവരെ അവര്‍ കണ്ടിട്ടില്ലാത്തവരെ ഫോട്ടോയിലൂടെ പരിചയപ്പെടുത്തി അപ്പോള്‍ തോന്നിയ വികാരമെന്തായിരുന്നു എന്ന് രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് പ്രണയമാണ് തോന്നിയതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ മറുപടി.

മറ്റ് ചിലരെ കമിതാവിനൊപ്പം ഒന്നരമണിക്കൂര്‍ ചെലവഴിക്കാന്‍ വിട്ടു. അവരെത്തന്നെ പരിചയമില്ലാത്ത പങ്കാളിക്കൊപ്പം 20 മിനിറ്റ് നേരം ചെലവഴിക്കാനും സൗകര്യമൊരുക്കി. രണ്ടവസരങ്ങളിലും മനസ്സിലും ശരീരത്തിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. 

പഠനങ്ങളുടെയെല്ലാം അവസാനം ആദ്യ കാഴ്ചയിലെ പ്രണയം എന്നൊന്ന് ഇല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഗവേഷണത്തിന്റെ ഭാഗമായ 32 വിദ്യാര്‍ത്ഥികള്‍ (അധികവും ആണ്‍കുട്ടികള്‍) ആദ്യ കാഴ്ചയിലെ പ്രണയത്തില്‍ തന്നെ വിശ്വസിക്കുന്നവരാണ്. അതേസമയം പ്രണയത്തിലേക്ക് എത്തിപ്പെടാന്‍ മാത്രം ശക്തിയുള്ള ശാരീരിക ആകര്‍ഷണം ചിലപ്പോഴൊക്കെ തോന്നിയേക്കാമെന്നും ഇതിനെ പ്രണയമായി തെറ്റിദ്ധരിക്കുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com