ഗര്‍ഭനിരോധന ഗുളിക കഴിച്ചവര്‍ക്ക് ഇനി ആശ്വസിക്കാം

ഗര്‍ഭനിരോധന ഗുളിക കഴിച്ച സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറയുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നു.
ഗര്‍ഭനിരോധന ഗുളിക കഴിച്ചവര്‍ക്ക് ഇനി ആശ്വസിക്കാം

ഗര്‍ഭനിരോധന ഗുളിക കഴിച്ച സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറയുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നു. സ്ത്രീകളെ ബാധിക്കുന്ന മൂന്ന് തരത്തിലുള്ള കാന്‍സറുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ഇത്തരം ഗുളികകള്‍ക്ക് കഴിയുമെന്ന് ബ്രിട്ടനിലെ അബെര്‍ദീന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുകയാണ്. 

ചെറിയ പ്രായത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കേണ്ടി വന്നവര്‍ക്ക് ആശ്വസിക്കാവുന്ന പഠനമാണിത്. ഗുളിക കഴിച്ചവര്‍ക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭപാത്രത്തിലും മറ്റുമുണ്ടാകുന്ന അര്‍ബുദം ഒരു പരിധി വരെ തടയാനാകും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗത്തുണ്ടാകുന്ന എന്‍ഡോമെട്രിയല്‍, അണ്ഡാശയ അര്‍ബുദം, വന്‍കുടലിലും മലദ്വാരത്തിലുമായുണ്ടാകുന്ന കോളോറെക്ടല്‍ അര്‍ബുദം എന്നിവ ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷി ഗുളികയുടെ ഉപയോഗത്തിലൂടെ കൈവരിക്കാമെന്നാണ് ഗവേഷകരുടെ വാദം. ഒരുപാട് കാലംകൊണ്ടുള്ള പഠനത്തിലാണ് ഇത് തെളിഞ്ഞത്. പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത് ഡോക്ടര്‍ ലിസ ഐവര്‍സന്റെ നേതൃത്വത്തിലാണ്. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ഭാവിയില്‍ അര്‍ബുദമുണ്ടാക്കുമെന്ന പ്രചരണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ആഴത്തിലുള്ള പഠനം തന്നെ നടത്താന്‍ സര്‍വ്വകലാശാല തയാറായത്.

46000 സ്ത്രീകളെ 44 വര്‍ഷങ്ങളോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതില്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചവരും കഴിക്കാത്തവരും ഉള്‍പ്പെട്ടിരുന്നു. കൂടാതെ ചെറുപ്പകാലത്ത് മരുന്നുപയോഗിച്ചവരിലെ എല്ലാവിധ അര്‍ബുദസാധ്യതകളും പഠനം പരിഗണിച്ചിരുന്നു. പഠനവിവരങ്ങള്‍ അമേരിക്കയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com