നിങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് കണ്ണെടുക്കുന്നില്ലേ? എങ്കില്‍ സൂക്ഷിച്ചോളൂ അവരില്‍ ആത്മഹത്യ പ്രവണത കൂടുതലായിരിക്കും

കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണിന്റേയും കംപ്യൂട്ടറിന്റേയും അമിത ഉപയോഗം കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
നിങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് കണ്ണെടുക്കുന്നില്ലേ? എങ്കില്‍ സൂക്ഷിച്ചോളൂ അവരില്‍ ആത്മഹത്യ പ്രവണത കൂടുതലായിരിക്കും

ലോകം ഡിജിറ്റലായി മാറിയതോടെ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണിന്റേയും കംപ്യൂട്ടറിന്റേയും അമിത ഉപയോഗം കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 

ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോടുള്ള അമിത ആസക്തി മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയിലാണ് ഇത്തരം പ്രവണത ഏറെയുണ്ടാവാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ വളരെ ഗൗരവമായി കാണണമെന്ന് യുഎസിലുള്ള സാന്‍ ഡീഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജീന്‍ ട്വിന്‍ഗെ പറഞ്ഞു. പ്രശ്‌നത്തിലാണെന്ന് കൗമാരക്കാര്‍ പറയുകയാണെങ്കില്‍ അത് വളരെ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

അഞ്ച് ലക്ഷത്തില്‍ അധികം കൗമാരക്കാരെ നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 2010-1015 കാലഘട്ടത്തില്‍ 13 നും 18 നും ഇടയില്‍ പ്രായമായ പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ 65 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളോടുള്ള അമിതാസക്തിയാണ്. കൗമാരക്കാര്‍ ഇപ്പോള്‍ കൂടുതല്‍ സമയം ചെലവാക്കുന്നത് മൊബൈലിനും കംപ്യൂട്ടറിനും മുന്നിലാണ്. 

അവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാറിയതാണ് മാനസിക ആരോഗ്യം മോശമാകാനും ആത്മഹത്യ പ്രവണത വര്‍ധിക്കാനും കാരണമായിരിക്കുന്നത്. കൗമാരക്കാരില്‍ 48 ശതമാനവും പ്രതിദിനം അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഉപയോഗിക്കുന്നവരാണ്. ഇത് കുറക്കാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത കുറക്കാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com