നിങ്ങളുടെ പ്രായത്തെ തടഞ്ഞുനിര്‍ത്തുമെങ്കില്‍ കുറച്ച് കൂണ്‍ കഴിച്ചാലെന്താ...!

കൂണിലടങ്ങിയിട്ടുള്ള രണ്ടുതരത്തിലുള്ള നിരോക്‌സീകാരികള്‍ പ്രായമാകുന്നത് തടഞ്ഞ് നിര്‍ത്തും.
നിങ്ങളുടെ പ്രായത്തെ തടഞ്ഞുനിര്‍ത്തുമെങ്കില്‍ കുറച്ച് കൂണ്‍ കഴിച്ചാലെന്താ...!

ചെറുപ്പം നിലനിര്‍ത്താന്‍ എന്താ വഴിയെന്ന് നോക്കി നടക്കുന്നവരാണ് പലരും. ഒരു പ്രായം കഴിഞ്ഞാല്‍ ചര്‍മ്മം, മുടി, കണ്ണ് തുടങ്ങിയ എല്ലാ അവയവങ്ങളിലും വയസാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പ്രായമാകലിനെയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും തടയാന്‍ ഒരു മാര്‍ഗമുണ്ട്. ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തിയാല്‍ മതി. കൂണിലടങ്ങിയിട്ടുള്ള രണ്ടുതരത്തിലുള്ള നിരോക്‌സീകാരികള്‍ പ്രായമാകുന്നത് തടഞ്ഞ് നിര്‍ത്തും.

കൂണില്‍ എര്‍ഗോതയോനിന്‍, ഗ്ലൂട്ടാതയോനിന്‍ എന്നീ രണ്ട് ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ റോബറ്റ് ബീല്‍മാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠനത്തിനായി 13 ഇനം കൂണുകള്‍ തെരഞ്ഞെടുത്തു. ഇവയിലെല്ലാം ഈ നിരോക്‌സീകാരികള്‍ കൂടിയ അളവില്‍ ഉണ്ടെന്നും മറ്റു ഭക്ഷ്യവസ്തുക്കളിലുള്ളതിനെക്കാളധികം നിരോക്‌സീകാരികള്‍ കൂണിലുണ്ടെന്നും ഗവേഷണത്തില്‍ തെളിഞ്ഞു. 

ഇതില്‍ പോര്‍സിനി വര്‍ഗത്തില്‍പ്പെട്ട കൂണിനാണ് ധാരാളമായി ഗ്ലൂട്ടാതയോണ്‍, എര്‍ഗോ തയോനിന്‍ ഇവയുള്ളത് എന്ന് ഫുഡ് കെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഊര്‍ജോല്‍പ്പാദനത്തിനായി ഭക്ഷണം ഓക്‌സീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോല്‍പ്പന്നങ്ങളാണ് ഫ്രീറാഡിക്കലുകള്‍ ഇവയില്‍ പലതും വിഷപദാര്‍ത്ഥങ്ങളാണ്- ബീല്‍മാന്‍ പറയുന്നു.

ഈ ഓക്‌സീകരണ സമ്മര്‍ദത്തിനെതിരെ സംരക്ഷണമേകാന്‍ ആന്റിഓക്‌സിഡന്റിന്റെ കുറവു നികത്തുന്നതോടുകൂടി സാധിക്കുന്നു. കൂണിലടങ്ങിയ ആന്റിഓക്‌സിഡന്റുകളായ ഗ്ലൂട്ടാതയോനിന്‍, എര്‍ഗോ തയോനിന്‍ എന്നിവയ്ക്ക് ഇതു സാധിക്കും. പാചകം ചെയ്യുന്നത് ഈ സംയുക്തങ്ങളെ ബാധിക്കുന്നില്ല എന്നും കണ്ടു. 

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ് പോലുള്ള നാഡീസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിയുമെന്ന് ഗവേഷകര്‍ കരുതുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com