മൗത്ത് വാഷിന്റെ ഉപയോഗം പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനം

മൗത്ത് വാഷിന്റെ സ്ഥിരമായ ഉപയോഗം നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകും.
മൗത്ത് വാഷിന്റെ ഉപയോഗം പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനം

ശരീരത്തിന്റെ ഏതൊരു ഭാഗത്തേയും സംരക്ഷിക്കുക എന്ന പോലെ തന്നെ ദന്ത സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും രണ്ടു നേരം പല്ല് വൃത്തിയാക്കുക എന്നത് നമ്മുടെ ശീലവുമായി മാറിയിട്ടുണ്ട്. ടൂത്ത് ബ്രഷിന് പുറമെ മൗത്ത് വാഷുകളും ഇന്ന് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി എന്നു വേണം പറയാം. എന്നാല്‍ മൗത്ത് വാഷിന്റെ സ്ഥിരമായ ഉപയോഗം നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകും. തുടര്‍ന്ന് നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയേറും.

ദിവസവും രണ്ട് തവണയെങ്കിലും മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനത്തില്‍ കൂടുതലാണ്. മൗത്ത് വാഷ് കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നവരുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മൗത്ത് വാഷിന്റെ ഉപയോഗം വായിലെ നൈട്രിക് ഓക്‌സിഡിന്റെ രൂപീകരണം തടസപ്പെടുത്തുന്നു എന്നാണ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇത് നിങ്ങളിലെ ഉപാപജയ പ്രവര്‍ത്തനങ്ങളെ വരെ പ്രതികൂലമായി ബാധിച്ചേക്കാം.

'ഡയബെറ്റിസ് വന്നതിന് ശേഷവും വരുന്നതിന് മുന്‍പും ആളുകളില്‍ പഠനം നടത്തി, മൗത്ത് എങ്ങനെ രോഗത്തിന് കാരണമാകും എന്ന് മനസിലാക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ കൗമുദി ജെ ജോഷിപുര പറഞ്ഞു.

40നും 65നും ഇടയില്‍ പ്രായമുള്ള 1206 ആളുകളെയാണ് ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഇവര്‍ക്കാര്‍ക്കും തന്നെ ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങളോ പ്രമേഹമോ ഇല്ല. ഇതില്‍ 43 ശതമാനം ആളുകള്‍ ദിവസേന ഒരു തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നവരായിരുന്നു. 22 ശതമാനം ദിവസത്തില്‍ രണ്ട്തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നവരും. രണ്ട് വിഭാഗക്കാര്‍ക്കും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരുന്നു എന്നതാണ് സത്യം. മൗത്ത് വാഷ് ഒരു തവണ ഉപയോഗിക്കുന്നോ രണ്ട് തവണ ഉപയോഗിക്കുന്നോ എന്നല്ല, ഉപയോഗം തന്നെ അപകടമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com