മാജിക് മഷ്‌റൂം ലഹരിമാത്രമല്ല, നല്ലൊരു മരുന്നുകൂടിയാണെന്ന് പഠനം

ജേണല്‍ ഓഫ് സൈന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ ആണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മാജിക് മഷ്‌റൂം ലഹരിമാത്രമല്ല, നല്ലൊരു മരുന്നുകൂടിയാണെന്ന് പഠനം

മാജിക് മഷ്‌റൂം എന്ന പേര് നമ്മളെല്ലാവരും കേട്ടുകാണും. ഹൈറേഞ്ചിലും മറ്റ് തണുപ്പുള്ള സ്ഥലങ്ങളിലും വ്യാപകമായ മാജിക് മഷ്‌റൂമിനെ ലഹരി വസ്തുവായേ ഇത് വരെ അടയാളപ്പെടുത്തിയിട്ടുള്ളു. ഊട്ടി, കൊടൈക്കനാല്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉന്‍മാദാവസ്ഥ ലഭ്യമാക്കുന്ന ഈ ലഹരി സുലഭമാണെന്ന് കേട്ടിട്ടുണ്ട്. 

എന്നാല്‍ മാജിക് മഷ്‌റൂം വിഷാദ രോഗ ചികില്‍സയ്ക്ക് ഫലപ്രദമെന്ന് പുതിയ പഠനം. ലണ്ടന്‍ ഇംപീരിയല്‍ കോളേജ് മനശാസ്ത്ര വിഭാഗം മേധാവി ഡോക്ടര്‍ റോബിന്‍ കാര്‍ഹാട്ട് ഹാരിസാണ് പഠനം നടത്തിയത്. കൂണ്‍ വര്‍ഗത്തില്‍പ്പെട്ട ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ തലച്ചോറിനെ പുനക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ജേണല്‍ ഓഫ് സൈന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ ആണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിഷാദരോഗികള്‍ക്ക് മഷ്‌റൂം നല്‍കി പരിശോധന നടത്തിയപ്പോള്‍ അവര്‍ പെട്ടെന്ന് പ്രതികരിച്ചെന്നും അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ഫലം കണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. 'പരമ്പരാഗത ചികിത്സാരീതികളോട് പ്രതികരിക്കാത്ത രോഗികളിലാണ് പഠനം നടത്തിയത്. എന്നാല്‍ അവര്‍ മഷ്‌റൂമിനോട് നന്നായി പ്രതികരിച്ചു' ഡോക്ടര്‍ റോബിന്‍ പറഞ്ഞു. കുറച്ച് പേരില്‍ മാത്രമാണ് മരുന്ന് പരീക്ഷിച്ചതെങ്കിലും നല്ല മാറ്റം അനുഭവപ്പെടുന്നതായി അവര്‍ സാക്ഷ്യപ്പെടുത്തിയതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വിഷാദരോഗത്തിന് അടിമയായ 19 പേരില്‍ നടത്തിയ പഠനത്തിലാണ് മാജിക് മഷ്‌റൂമിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. മരുന്ന് പരീക്ഷിച്ച രോഗികളില്‍ ചികിത്സയ്ക്കുശേഷം അഞ്ചാഴ്ച വരെ മാറ്റങ്ങള്‍ നീണ്ടുനിന്നതായാണ് പഠനത്തില്‍ പറയുന്നത്. വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനക്രമീകരിക്കാന്‍ മാജിക് മഷ്‌റൂം ചികില്‍സയിലൂടെ സാധിച്ചതായും പഠനം വ്യക്തമാക്കുന്നു.

മാജിക് മഷ്‌റൂമില്‍ അടങ്ങിയിട്ടുള്ള രാസവസ്തും തലച്ചോറിനെ പെട്ടെന്ന് ബാധിക്കുന്നതിനാല്‍ വിഷാദ രോഗികളില്‍ ഇവ ഉപയോഗിക്കുക വഴി പെട്ടെന്നൊരു മാറ്റത്തിന് ആദ്യഘട്ടത്തില്‍ സാധിക്കുകയും മനോരോഗ ചികിത്സകളില്‍ കൂടുതല്‍ സാധ്യത തുറക്കുകയും ചെയ്യുമെന്നാണ് പ്രധാന നേട്ടം. എന്നാല്‍ പഠനത്തിന്റെ ആദ്യഘട്ടം മാത്രമേ കഴിഞ്ഞിട്ടുള്ളു. തുടര്‍പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ആളുകള്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും സ്വയം ചികിത്സ നടത്താന്‍ മുതിരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com