സ്തനാര്‍ബുദ ചികിത്സയില്‍ കീമോതെറാപ്പി ഒഴിവാക്കാനാകുമോ? മുടി കൊഴിയുന്നതിനേയും കീമോയേയും പേടിച്ചിരുന്നാല്‍

കേരളത്തില്‍ ഓരോ വര്‍ഷവും പതിനയ്യായിരംപേരില്‍ സ്തനാര്‍ബുദം പുതിയതായി കണ്ടെത്തുന്നു
സ്തനാര്‍ബുദ ചികിത്സയില്‍ കീമോതെറാപ്പി ഒഴിവാക്കാനാകുമോ? മുടി കൊഴിയുന്നതിനേയും കീമോയേയും പേടിച്ചിരുന്നാല്‍

സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. കേരളത്തിലെ പ്രമുഖ അര്‍ബുദ കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കുകളനുസരിച്ച് ഒരു ലക്ഷം സ്ത്രീകളില്‍ ഏകദേശം 40 പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതായത് കേരളത്തില്‍ ഓരോ വര്‍ഷവും പതിനയ്യായിരംപേരില്‍ സ്തനാര്‍ബുദം പുതിയതായി കണ്ടെത്തുന്നു. 

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ ശരാശരി പ്രായം 61 വയസാണ്. എന്നാല്‍, ഇന്ത്യയില്‍ ഏതാണ്ട് പത്തുവര്‍ഷം മുമ്പുതന്നെ രോഗമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായം കുറഞ്ഞ സ്ത്രീകളില്‍ അര്‍ബുദരോഗം കണ്ടെത്തുന്നത് വര്‍ധിച്ചുവെന്നതാണ് ഭയാനകമായ ഒരു കാര്യം. നഗരവത്കരണത്തിന്റെ ഭാഗമായി ജീവിതശൈലി, മുലയൂട്ടല്‍, ആദ്യപ്രസവം ഉയര്‍ന്ന പ്രായത്തിലായിരിക്കുന്നത്  തുടങ്ങിയ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണമായി പറയപ്പെടുന്നത്.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂരിഭാഗം പേരിലും അവസാനഘട്ടത്തിലാണ് രോഗം തിരിച്ചറിയപ്പെടുന്നത്. അറിവില്ലായ്മയേക്കാള്‍ അര്‍ബുദ രോഗമായിരിക്കുമോ എന്ന പേടിയും ചികിത്സയേക്കുറിച്ചുള്ള ഭയവുമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ 90 ശതമാനത്തോളം രോഗമുക്തി സാധ്യമാണ്. എന്നാല്‍, രോഗാവസ്ഥ കൂടുന്നതിനനുസരിച്ച് രോഗം ശമിക്കുന്നതിനുള്ള സാധ്യത 50-60 ശതമാനത്തോളമായി കുറയും. 

ഡോ. അരുണ്‍ ആര്‍ വാര്യര്‍
 

അതിജീവന നിരക്ക് മെച്ചപ്പെടണമെങ്കില്‍ ഏതെങ്കിലും അശുഭകരമായ നീരോ വളര്‍ച്ചയോ മറ്റോ തോന്നുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കണം. അതോടൊപ്പം കൃത്യമായ ഇടവേളകളില്‍ മാമോഗ്രാം ചെയ്യാനും അവരെ പ്രേരിപ്പിക്കണം. സ്തനങ്ങളില്‍ മുഴ കണ്ടിട്ട് മൂന്നു മുതല്‍ ആറുമാസം വരെയായിട്ടും ഡോക്ടറെ സമീപിക്കാത്തതെന്ത് എന്നു ചോദിക്കുമ്പോള്‍, പലരും കാരണമായി ചൂണ്ടിക്കാട്ടുന്നത് കീമോതെറാപ്പിയേക്കുറിച്ചും മുടി കൊഴിയുന്നതിനെക്കുറിച്ചുമുള്ള ഭയമാണ്. ഇതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?

എസിസിഎന്‍, ഇസിഎംഒ തുടങ്ങിയ സ്ഥാപനങ്ങളുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് സ്തനാര്‍ബുദം അല്ലെങ്കില്‍ മറ്റുതരം അര്‍ബുദങ്ങളുടെ ചികിത്സ നിശ്ചയിക്കുന്നത്. നേരത്തെ കണ്ടെത്തിയ അര്‍ബുദങ്ങളില്‍ ശസ്ത്രക്രിയയ്ക്കുശേഷം രോഗകോശങ്ങള്‍ പരിശോധിച്ച് വീണ്ടും രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടോ എന്ന് വിലയിരുത്തുന്നു. സാധാരണയായി മുഴയുടെ വലിപ്പം, തരം, നോഡുകളിലേയ്ക്ക് പടര്‍ന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി കൂടുതല്‍ അപകടസാധ്യതയുള്ളത്, കുറഞ്ഞ അപകട സാധ്യതയുള്ളത് എന്നിങ്ങനെ തരംതിരിക്കും. 

ഉയര്‍ന്ന അപകടസാധ്യതയുള്ള അര്‍ബുദം മറ്റ് അവയവങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനും ആവര്‍ത്തിക്കുന്നതിനും സാധ്യതയുള്ളതിനാല്‍ കീമോതെറാപ്പി ആവശ്യമാണ്. മുഴകളിലെ സൂക്ഷ്മമായ കോശങ്ങളില്‍ പ്രവര്‍ത്തിക്കാനും അവയെ നശിപ്പിക്കാനും കീമോതെറാപ്പിക്ക് കഴിയും. എന്നാല്‍, കീമോതെറാപ്പി മരുന്നുകളുടെ പ്രവര്‍ത്തനം മൂലം ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതിനൊപ്പം പ്രതിരോധശേഷിയും കുറയും. 

ഇതേത്തുടര്‍ന്ന് മുടികൊഴിച്ചിലും ഉണ്ടാകും. ഇവയൊക്കെ തിരികെക്കൊണ്ടുവരാവുന്ന മാറ്റങ്ങളാണെങ്കിലും മാനസികമായ വലിയ ആഘാതത്തിന് ഇടയാക്കും. സ്തനാര്‍ബുദത്തിന് നിലവിലുള്ള കീമോതെറാപ്പി ചികിത്സയില്‍ ഇത്തരം പരിണതഫലങ്ങള്‍ ഒഴിവാക്കാനാവില്ല.

അടിസ്ഥാനപരമായി ചില കോശങ്ങളിലെ ജനിതകഘടനയിലുണ്ടാകുന്ന മാറ്റങ്ങളാണ് അര്‍ബുദത്തിന്റെ അടിസ്ഥാനം. അര്‍ബുദകോശങ്ങള്‍ നിയന്ത്രണമില്ലാതെ വിഘടിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങിലേയ്ക്ക് വ്യാപിച്ച് സാധാരണകോശങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. അര്‍ബുദകോശങ്ങളുടെ ജനിതകരൂപം കണ്ടെത്തുന്നതിനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. 

ഇതിനായി ജനിതക സീക്വന്‍സിംഗ് വഴി അര്‍ബുദ കോശങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ളതെന്നും കുറഞ്ഞ അപകടസാധ്യതയുള്ളതെന്നും വേര്‍തിരിച്ചിട്ടുണ്ട്. ഓങ്കോടൈപ് ഡിഎക്‌സ്, 70 ജീന്‍ സീക്വന്‍സിംഗ് - മാമ്മ പ്രിന്റ് എന്നിവയാണ് സാധാരണയായി ഇതിനായി ഉപയോഗിക്കുന്നത്. ജനിതകരൂപത്തിലെ അപകടസാധ്യത കുറവാണെങ്കില്‍ കീമോതെറാപ്പി ഒഴിവാക്കാം എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

തുടക്കത്തില്‍ സ്തനാര്‍ബുദം കണ്ടെത്തിയ 6700 സ്ത്രീകളില്‍ നടത്തിയ മിന്‍ഡാക്ട് പഠനം അനുസരിച്ച് രോഗം ആവര്‍ത്തിക്കാനുള്ള അപകടസാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ട്. ഉയര്‍ന്ന ക്ലിനിക്കല്‍ അപകടസാധ്യതയുണ്ടെങ്കിലും കുറഞ്ഞ ജീനോമിക് അപകടസാധ്യതയുള്ളവരില്‍ കീമോതെറാപ്പി സ്വീകരിക്കാതെതന്നെ രോഗത്തെ ചെറുത്തുനില്‍ക്കുകയും 94.4 ശതമാനം പേരിലും രോഗം പടരാതിരിക്കുകയും ചെയ്തു. 

എന്നാല്‍ ഉയര്‍ന്ന ക്ലിനിക്കല്‍ അപകടസാധ്യതയും കുറഞ്ഞ ജീനോമിക് അപകടസാധ്യതയുള്ളവര്‍ കീമോതെറാപ്പി ഉപയോഗിച്ചപ്പോള്‍ ഉയര്‍ന്ന അതിജീവനവും 95.9 ശതമാനം വരെ രോഗം പടര്‍ന്നുപിടിക്കാതിരിക്കുകയും ചെയ്തു. അതായത് കീമോതെറാപ്പി വേണോ വേണ്ടയോ എന്നതിന് ജീന്‍ സിഗ്നേച്ചര്‍ ഉപയോഗപ്പെടുത്താം. 

അങ്ങനെ, രോഗം ആവര്‍ത്തിക്കാനുള്ള അപകടസാധ്യത മാത്രം നിലനിര്‍ത്തിക്കൊണ്ട് കീമോതെറാപ്പിയുടെ ഉപയോഗം 46.2 ശതമാനം രോഗികളില്‍ കുറയ്ക്കാന്‍ സാധിച്ചു. അങ്ങനെ രോഗം പടരാന്‍ കുറഞ്ഞ ജീനോമിക് അപകടസാധ്യതയുള്ളവരില്‍ കുറെ രോഗികളിലെങ്കിലും കീമോതെറാപ്പി ഒഴിവാക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. 

നിലവില്‍ ഹോര്‍മോണ്‍ റിസപ്റ്റര്‍ പോസിറ്റീവ് ആയവരിലും എച്ച്ഇആര്‍ 2 റിസപ്റ്റര്‍ നെഗറ്റീവ് മുഴകളുള്ളവരിലും അഞ്ചുസെന്റീമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള മുഴകളുള്ളവരിലും നോഡുകളിലേയ്ക്ക് രോഗം പടര്‍ന്നിട്ടില്ലാത്തവരിലും എന്‍സിസിഎന്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ജീനോമിക് പരിശോധന നടത്തണം. 

ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കാക്കുന്ന റിക്കറന്‍സ് സ്‌കോര്‍ അനുസരിച്ചാണ് തുടര്‍ന്നുള്ള ചികിത്സ തീരുമാനിക്കുന്നത്. ക്ലിനിക്കല്‍ രീതികള്‍, ചെലവ്, രോഗസൗഖ്യത്തിനുള്ള സമയം എന്നിവയാണ് ഡോക്ടര്‍മാരെ അത്തരം പരിശോധനകളില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ചില രോഗികളില്‍ ജീനോമിക് പരിശോധനകളില്‍നിന്ന് കൃത്യമായ ഉത്തരം ലഭിക്കണമെന്നില്ല എന്നതാണ് മറ്റൊരു കാര്യം. 

തദ്ദേശീയമായി ഇത്തരം പരിശോധനകള്‍ വികസിപ്പിച്ചെടുക്കുകയും നമ്മുടെ ജനസമൂഹത്തിന് യോജിക്കുന്ന രീതിയില്‍ ലഭ്യമാക്കുകയും ചെയ്താല്‍ കൂടുതല്‍ ഫലപ്രദമായി രോഗികളിലെ അപകടസാധ്യതകള്‍ വേര്‍തിരിച്ചറിയാനാകും. അങ്ങനെ വരുമ്പോള്‍ വ്യക്തിഗതമായ അര്‍ബുദ മരുന്നുകളുടെ കാലം വളരെ അടുത്താണെന്ന് നമുക്ക് അനുമാനിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com