ആല്‍സ്‌ഹൈമേഴ്‌സിനെ നേരിടുമ്പോള്‍

രോഗിയുടെ ജീവിതത്തില്‍നിന്ന് വര്‍ഷങ്ങളുടെ ഓര്‍മ്മകളും പ്രതീക്ഷകളും സാധ്യതകളുമെല്ലാം അടര്‍ത്തിയെടുത്തുകൊണ്ടു പോകുകയാണ് ഈ രോഗം.
ഡോക്ടര്‍ മാത്യു അബ്രാഹം
ഡോക്ടര്‍ മാത്യു അബ്രാഹം

ക്രിയാത്മകയുടെ മരണം എന്നാണ് എഴുത്തുകാരനായ ദേവദത്ത് പഠ്‌നായിക് ആല്‍സ്‌ഹൈമേഴ്‌സ് രോഗത്തെ വിശേഷിപ്പിച്ചത്. രോഗിയുടെ ജീവിതത്തില്‍നിന്ന് വര്‍ഷങ്ങളുടെ ഓര്‍മ്മകളും പ്രതീക്ഷകളും സാധ്യതകളുമെല്ലാം അടര്‍ത്തിയെടുത്തുകൊണ്ടു പോകുകയാണ് ഈ രോഗം. ജോലിചെയ്യാനോ ഒറ്റയ്ക്കു ജീവിക്കാനോ സാധിക്കാതെ ഒരു ശിശുവിനെ എന്ന വണ്ണം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ. 

മറവിരോഗത്തിന്റെ (ഡിമെന്‍ഷ്യ) ഏറ്റവും സാധാരണയായ രൂപമാണ് ആല്‍സ്‌ഹൈമേഴ്‌സ്. മാനസികപ്രവര്‍ത്തനത്തെ ബാധിക്കുന്ന മറവിരോഗികളില്‍ 60 മുതല്‍ 80 ശതമാനം പേരിലും ആല്‍സ്‌ഹൈമേഴ്‌സ് കാണപ്പെടുന്നുണ്ട്. ഓര്‍മ്മകള്‍ മുറിഞ്ഞുപോകുക, നിര്‍വികാരത, വിഷാദം, സാവധാനത്തില്‍ രോഗം വളര്‍ന്നുവരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സങ്കീര്‍ണവും പേടിപ്പെടുത്തുന്നതുമായ ഈ അവസ്ഥ മാറ്റിയെടുക്കാനാവാതെ വരികയും ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍പോലും ചെയ്യാനാവാത്ത രീതിയില്‍ രോഗികള്‍ നിസഹായരായി തീരുകയും ചെയ്യും. 

ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്, അതുകൊണ്ടുതന്നെ മറവിരോഗത്തിന്റെ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്നു. ഇന്ത്യയിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രായമായവരുണ്ടാവുക. ഓരോ അഞ്ചുവര്‍ഷവും മറവിരോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്ക്. പ്രായം കൂടുമ്പോറും രോഗത്തിന്റെ ആധിക്യം വര്‍ദ്ധിച്ചുവരുന്നു. പ്രായമായ സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ രോഗാവസ്ഥ കൂടുതലായി കാണുന്നത്. അറുപത്തിയഞ്ച് വയസിനു താഴെ പ്രായമുള്ളവരില്‍ രണ്ട് ശതമാനം പേര്‍ക്കായിരിക്കും രോഗം കാണുക. നാല് ദശലക്ഷം ആളുകള്‍ക്ക് ഇന്ത്യയില്‍ മറവിരോഗം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2030-ല്‍ ഇത് ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

1906-ല്‍ അസാധാരണമായ മാനസികപ്രശ്‌നങ്ങളാല്‍ മരണമടഞ്ഞ സ്ത്രീയുടെ തലച്ചോറിലെ കോശങ്ങള്‍ പരിശോധിച്ച ഡോകേടര്‍ അലോയ്‌സ് ആല്‍സ്‌ഹൈമേഴ്‌സ് ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഓര്‍മ്മക്കുറവും ഭാഷാപ്രശ്‌നങ്ങളും പ്രവചിക്കാനാവാത്ത രീതിയിലുളള പെരുമാറ്റവുമായിരുന്നു ആ സ്ത്രീയുടെ പ്രശ്‌നങ്ങള്‍. തലച്ചോര്‍ പരിശോധിച്ചപ്പോള്‍ അമിലോയ്ഡ് പ്ലേക്ക് എന്നറിയപ്പെടുന്ന ഒട്ടേറെ അസാധാരണമായ കോശങ്ങളുടെ കൂട്ടങ്ങള്‍ കണ്ടെത്തി. കൂടാതെ നാഡികളുടെ നാരുകള്‍ കൂടിക്കുരുങ്ങിയ രീതിയിലും കാണപ്പെട്ടു. ഇന്ന് ഇവയെ ന്യൂറോഫൈബ്രിലറി ടാംഗിള്‍സ് എന്നാണ് വിളിക്കുന്നത്. തലച്ചോറിലെ നാഡീകോശങ്ങളുടെ പരസ്പരബന്ധം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകുന്നു. ബന്ധങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെ വരുമ്പോള്‍ സന്ദേശങ്ങള്‍ കൈമാറപ്പെടാതെ പോകുന്നു. ഇത് ഓര്‍മ്മ, ചിന്ത, പെരുമാറ്റം എന്നിവയില്‍ മാറ്റങ്ങളുണ്ടാക്കുന്നു. വളരെ പ്രശസ്തരായ പലര്‍ക്കും ആല്‍സ്‌ഹൈമേഴ്‌സ് രോഗമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന്‍, ഹോളിവുഡ് താരമായിരുന്നു ചാള്‍സ് ബ്രോന്‍സന്‍, ചാള്‍ട്ടണ്‍ ഹെസ്റ്റണ്‍, പീറ്റര്‍ ഫാക്ക്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹരോള്‍ഡ് വില്‍സണ്‍ എന്നിവരെല്ലാം ഈ രോഗത്തിന്റെ പിടിയിലായിരുന്നു. 

മിക്കവരിലും അറുപതുകളുടെ മധ്യത്തില്‍ത്തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ചില സൂചനകളും രോഗലക്ഷണങ്ങളും വ്യത്യസ്തമായ അളവില്‍ കാണപ്പെടാം. ഓര്‍മ്മക്കുറവും അടുത്തകാലത്ത് മനസിലാക്കിയ വിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള പ്രയാസവുമാണ് ആദ്യ ലക്ഷണങ്ങള്‍. സ്ഥിരമായി അടച്ചുകൊണ്ടിരുന്ന മാസബില്ലുകള്‍ അടയ്ക്കാന്‍ മറന്നുപോകാം. വീട്ടിലും തൊഴിലിടത്തിലും സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമായി തോന്നിയേക്കാം. പരിചയമുള്ള സ്ഥലത്തേയ്ക്കുള്ള വഴി മറന്നുപോകുകയോ ഡ്രൈവ് ചെയ്യുമ്പോള്‍ വഴി ഓര്‍ത്തെടുക്കാന്‍ പ്രയാസം നേരിടുകയോ ചെയ്‌തേക്കാം. പ്രധാനപ്പെട്ട തീയതികളും ചടങ്ങുകളും മറന്നുപോകുന്നതാണ് മറ്റൊരു ലക്ഷണം. ഒരേ കാര്യം അറിയുന്നതിനുവേണ്ടി വീണ്ടും വീണ്ടും ചോദിക്കുന്നതാണ് മറ്റൊന്ന്. ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിന് പ്രയാസം നേരിടുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. 

ഓര്‍മ്മക്കുറവിന് പുറമെ, നേരത്തെ വളരെ എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, പണം എണ്ണിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ചെയ്യാനാവാതെ വരാം. മാനോഭാവങ്ങളിലും വ്യക്തിത്വത്തിലും മാറ്റങ്ങളുണ്ടാവുക, സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും മാറിക്കഴിയുക, സംസാരിക്കാനും എഴുതാനും ആശയവിനിമയം നടത്താനും പ്രയാസപ്പെടുക, സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ആശയക്കുഴപ്പമുണ്ടാവുക, കാണുന്ന ചിത്രങ്ങള്‍ മനസിലാക്കാന്‍ പ്രയാസമുണ്ടാവുന്ന വിധത്തില്‍ കാഴ്ചയില്‍ മാറ്റങ്ങളുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം.

നിലവില്‍ ആല്‍സ്‌ഹൈമേഴ്‌സ് രോഗം ഭേദമാക്കുന്ന ചികിത്സകള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, രോഗം നേരത്തെ കണ്ടെത്തിയാല്‍ നിലവിലുള്ള ചികിത്സാരീതികളില്‍നിന്ന് പരമാവധി ഗുണം നേടാനും രോഗലക്ഷണങ്ങളില്‍നിന്ന് ആശ്വാസം നേടാനും സാധിക്കും. തിരിച്ചറിയുന്നതിനുള്ള കഴിവുകളും പെരുമാറ്റത്തിലുണ്ടാക്കാവുന്ന മാറ്റങ്ങളും ഒരു പരിധിവരെ ദീര്‍ഘകാലം നിലനിര്‍ത്താന്‍ ഇതുവഴി കഴിയും. 

ആല്‍സ്‌ഹൈമേഴ്‌സ് രോഗം എങ്ങനെയാണ് രോഗികളെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നതെന്ന് തിരിച്ചറിയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. രോഗാവസ്ഥ മൂലം രോഗിക്ക് ബലഹീനതയും ജീവിതഗുണമേന്മയില്‍ കുറവുകളും ഉണ്ടാകുന്നതിനൊപ്പം ജീവിതദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ ഭാരം കുടുംബാംഗങ്ങള്‍ വഹിക്കേണ്ടതായി വരുന്നതുമൂലം അവരുടെ ജീവിതഗുണമേന്മയില്‍ കുറവുണ്ടാകുന്നു. എന്നാല്‍, രോഗിയുടെ പിന്തുണയുടെ അടിസ്ഥാനം കുടുംബമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ രോഗി കുടുംബത്തിനൊപ്പംതന്നെ ജീവിക്കുമ്പോള്‍ പ്രത്യേകിച്ചും. രോഗിയുടെ പരിചരണം കുടുംബത്തിന്റെ മുതിര്‍ന്ന അംഗങ്ങളുടെ ചുമതലയാണ്. എന്നാല്‍, പണം നല്കി പരിചരണത്തിനായി ആളുകളെ വയ്‌ക്കേണ്ടതിന്റെ ആവശ്യകത നഗരങ്ങളില്‍ ഉയര്‍ന്നുവരികയാണ്. 

പരിചരണം നല്കുന്നവര്‍ക്ക്, പ്രത്യേകിച്ച് രോഗിയുമായി വളരെ അടുത്തുപെരുമാറേണ്ടി വരുന്നവര്‍ക്ക്, ശരിയായ രീതിയിലുള്ള പരിശീലന പരിപാടികള്‍ നല്‌കേണ്ടതിന്റെ ആവശ്യകതയും വര്‍ദ്ധിച്ചുവരുന്നു. ഭക്ഷണം കഴിക്കുക, തുണികള്‍ വൃത്തിയാക്കുക, വസ്ത്രം ധരിക്കുക, വ്യക്തിപരമായ കാര്യങ്ങളും ശൗചാലയവും ഉപയോഗിക്കുക, പാചകം, ഷോപ്പിംഗ്, വീട്ടിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുക, വ്യക്തിഗത സാമഗ്രികള്‍ സൂക്ഷിക്കുക, പൊതുവായ മേല്‍നോട്ടം വഹിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പിന്തുണ വേണ്ടിവരും. സര്‍ക്കാരിതര സംഘടനകള്‍, ഡേ കെയര്‍ സെന്ററുകള്‍, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, മെമ്മറി ക്ലിനിക്കുകള്‍ തുടങ്ങിയവ കുറഞ്ഞ തോതില്‍  വീട്ടില്‍ പരിചരണം ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ആസ്റ്റര്‍ മെഡ്‌സിറ്റി പോലെയുള്ള ആശുപത്രികളില്‍ രോഗികളുടെ പ്രശ്‌നങ്ങല്‍ കൈകാര്യം ചെയ്യുന്നതിനും പിന്തുണ നല്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായവും ആശ്വാസവും നല്കുന്നതിനുമായി സ്‌പെഷലിസ്റ്റ് ക്ലിനിക്കുകള്‍ ലഭ്യമാണ്. 

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ന്യൂറോളജി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com