പാമ്പുവിഷത്തിന് പ്രതിവിധി കോഴിമുട്ട ? ; കണ്ടെത്തലുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
By സമകാലിക മലയാളം ഡെസ്ക് | Published: 09th April 2018 11:05 AM |
Last Updated: 09th April 2018 11:06 AM | A+A A- |

തിരുവനന്തപുരം: പാമ്പുകടിയേറ്റവർക്ക് മരുന്ന് കോഴിമുട്ടയിൽ നിന്ന്. മുട്ടയുടെ മഞ്ഞക്കരുവിൽനിന്ന് പാമ്പുകടിക്ക് പ്രതിവിധി കണ്ടെത്തിയതായാണ് റിപ്പോർട്ട്. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസാണ് കോഴിമുട്ടയിൽ നിന്ന് വിഷസംഹാരി വികസിപ്പിച്ചത്.
നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങൾക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. കോഴിമുട്ടയുടെ മഞ്ഞക്കരുവിൽ വിഷം കുത്തിവെച്ചശേഷം അത് ഉൽപാദിപ്പിക്കുന്ന ആൻറിബോഡി പാമ്പുവിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. തുടർഗവേഷണത്തിൽ നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിനുവേണ്ടി പ്രത്യേകം മരുന്നുകൾ കണ്ടെത്തുകയുമായിരുന്നു.
മൃഗങ്ങളിലും എലികളിലും മരുന്ന് വിജയകരമായി പരീക്ഷിച്ചു. മരുന്ന് അടുത്തവർഷം വിപണിയിലെത്തുമെന്നും ശ്രീചിത്ര അധികൃതർ അറിയിച്ചു. നാഡി, രക്തപ്രവാഹ വ്യവസ്ഥ എന്നിവക്കായി രണ്ടുതരം മരുന്നുകളാണ് പുറത്തിറക്കുക. മരുന്ന് വികസിപ്പിച്ച് വിപണിയിലിറക്കാൻ ചെന്നൈ ന്യൂ മെഡിക്കോൺ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രവും ഒപ്പിട്ടുകഴിഞ്ഞു. 1999ലാണ് കോഴിമുട്ടയിൽനിന്ന് വിഷസംഹാരി ഉൽപാദിപ്പിക്കാൻ ഗവേഷണം തുടങ്ങുന്നത്.
70 വർഷത്തിലേറെയായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പാമ്പുവിഷത്തിന് ഉപയോഗിക്കുന്നത് കുതിരയുടെ രക്തത്തിൽനിന്ന് വേർതിരിച്ചെടുത്ത മരുന്നാണ്. അനിമൽ പ്രോട്ടീൻ ധാരാളമുള്ള ഇൗ മരുന്നിന് വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുന്നത് അടക്കമുള്ള ദൂഷ്യഫലങ്ങളുണ്ട്. മൂർഖൻ, വെള്ളക്കെട്ടൻ ( ശംഖുവരയൻ) എന്നീ പാമ്പുകളുടെ വിഷം നാഡി വ്യവസ്ഥകളെ തകരാറിലാക്കുമ്പോൾ അണലിയുടെ വിഷം രക്തപ്രവാഹത്തെയാണ് ബാധിക്കുന്നത്. രണ്ടിനും ഇപ്പോൾ ഒരു മരുന്നാണ് നിലവിലുള്ളത്. എന്നാൽ പുതിയ പീക്ഷണങ്ങളുടെ ഫലമായി രണ്ടുതരം മരുന്നുകളാണ് പുറത്തിറക്കുന്നത്.