മുഖക്കുരു മാറ്റാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

മുഖക്കുരു മാറ്റാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍
മുഖക്കുരു മാറ്റാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

മുഖക്കുരു വന്നാലും പോയാലും വിഷമമാണ്. മുഖത്ത് അതൊരു പാട് അവശേഷിപ്പിക്കും. എത്ര ശ്രദ്ധിച്ചാലും മുഖക്കുരു യൗവ്വനത്തിലെ വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. അതു വരികതന്നെ ചെയ്യും. ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതിനുള്ളിലെ ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മുഖമാകെ അതു പടര്‍ത്തുകതന്നെ ചെയ്യും. ഈ ബാക്ടീരിയകളെ ഒഴിവാക്കാന്‍ മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമാണ് മാര്‍ഗ്ഗം. ടീനേജിലേക്കു കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതോടെ ലോലമായ ചര്‍മ്മഭാഗത്ത് ഇവ മെല്ലെ മൊട്ടിട്ടു തുടങ്ങും.  ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. 
ഇത്തരം സൗന്ദര്യപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുതന്നെ കൈകാര്യം ചെയ്യാവുന്നതാണ്. അതിനു വേണ്ടി വിലയേറിയ സമയം നഷ്ടപ്പെടുത്തി ക്രീമുകള്‍ക്കും ലോഷനും പിന്നാലെ ഓടേണ്ടതില്ല. മുഖക്കുരു ഉള്ളവര്‍ രാവിലെ കരിക്കിന്‍ വെള്ളത്തില്‍ മുഖം കഴുകിയാല്‍ ഗുണം കിട്ടുമെന്ന് ആയുര്‍വ്വേദത്തില്‍ പറയുന്നുണ്ടത്രേ. കറ്റാര്‍വാഴനീര് പുരുട്ടുന്നത് നന്നായിരിക്കും. ഭക്ഷണക്രമീകരണം ശ്രദ്ധിക്കുക. എരിവ്, പുളി, എണ്ണ എന്നിവ മിതമായി ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. പഴങ്ങള്‍ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചര്‍മ്മത്തിലെ പാടുകള്‍ വേഗത്തില്‍ മാറും. ചര്‍മ്മത്തില്‍ വിഷാംശം അടിയുന്നത് ഒഴിവാക്കാനും നിര്‍ജ്ജലീകരണം ഇല്ലാതാക്കാനുമായി പത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. വേനല്‍ക്കാലത്ത് അല്‍പ്പം കൂടുതല്‍ കുടിക്കുന്നതും ഗുണം ചെയ്യും. ജലപാനത്തിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരു ഒഴിവാക്കുന്നതിനൊപ്പം മുഖകാന്തി വര്‍ദ്ധിപ്പിക്കാനായി പനിനീര്‍ മുഖത്തു പുരട്ടിയാല്‍ മതി. എന്നാല്‍, കടകളില്‍ കിട്ടുന്നത് നേര്‍പ്പിച്ചതാണോ എന്നു പ്രത്യേകം തിരക്കിയതിനു ശേഷം മാത്രം ഇതിനു മുതിര്‍ന്നാല്‍ മതി.
മുഖക്കുരു വന്ന പാട് മാറ്റാനായി വേപ്പിലയും മഞ്ഞളും അരച്ചു പുരട്ടുന്നത് നല്ലതാണ്. വരാതെയിരിക്കാന്‍ നാരങ്ങാനീരില്‍ (നേര്‍പ്പിച്ചതു വേണം) മുഖം കഴുകാം. എണ്ണമയം കളഞ്ഞ് മുഖം വൃത്തിയാക്കാന്‍ തണുത്ത നാല്‍പ്പാമര വെള്ളം ഉത്തമമാണ്.  ഉലുവ  നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഏതാനും ദിവസം ഇത് തുടരുക, മുഖക്കുരു പൂര്‍ണ്ണമായും മാറും. ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
മുഖക്കുരു പാടുകളില്‍ മസ്സാജ് ചെയ്യുന്നതു ഗുണമാണ്. നേരിയ വിധത്തിലെ മസ്സാജ് ചെയ്യാവൂ. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കും. പാടുള്ള ചര്‍മ്മഭാഗത്ത് ആവശ്യത്തിന് പോഷകങ്ങള്‍ എത്താന്‍ സഹായിക്കും. പാടിലെ കോശങ്ങളെ നശിപ്പിക്കാനും മസ്സാജ് ഉത്തമമാണ്. കിടക്കുന്നതിനു മുന്‍പ് ചന്ദനം പനിനീരില്‍ കുഴച്ച് മുഖക്കുരു പാടുകളില്‍ പുരട്ടി നോക്കൂ. അടുത്ത ദിവസം രാവിലെ നന്നായി കഴുകിക്കളഞ്ഞാല്‍ മതി, മുഖക്കുരു പാടുകള്‍ മാറും. നല്ല ശുദ്ധമായ തേന്‍ കിട്ടിയാല്‍ വാങ്ങി സൂക്ഷിക്കാം. തേന്‍ കുടിക്കുന്നത് മുഖക്കുരു പാടുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ വളരെ അനുയോജ്യമാണ്. തേന്‍ പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അപ്രത്യക്ഷമാകും. 

ഈ ഒറ്റമൂലികള്‍ ഒന്നു പരീക്ഷിക്കാം

മുഖക്കുരുവിനെ ഇല്ലായ്മ ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പലതും നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ചെയ്യാന്‍ കഴിയുന്നതാണ്. അല്‍പ്പം ശ്രദ്ധയുണ്ടാവണമെന്നു മാത്രം. മുഖക്കുരു വരാനുള്ള പ്രധാന കാരണം ബാക്ടീരിയകളാണ്. അതിനെ ഇല്ലായ്മ ചെയ്യാന്‍ പറ്റുന്നതൊക്കെയും ഗുണം ചെയ്യും. ഇതിനായി തേനും നാരങ്ങാനീരും ഏറെ ഗുണകരമാണ്. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്ടീരിയയെ അകറ്റാന്‍ ഇതു സഹായിക്കും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകിയശേഷം രണ്ട് സ്പൂണ്‍ ശുദ്ധമായ തേനിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്തിളക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. ഇതു രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരു ഇല്ലാതാക്കാം.
ഓറഞ്ച് തൊലിയും നല്ലതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇത് പൊടിച്ചെടുക്കാവുന്ന വിധത്തില്‍ വെയിലത്ത് വച്ച് ഉണക്കുക. നന്നായി പൊടിച്ചെടുത്ത് ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒലിവെണ്ണയും ചേര്‍ക്കുക. പേസ്റ്റ് രൂപത്തിലേക്ക് മിക്‌സ് ചെയ്തശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം കഴുകണം
കറുവാപ്പട്ട പൊടിച്ചശേഷം ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചു നോക്കൂ. നല്ല ഫലമുറപ്പ്. 

ശ്രദ്ധിക്കുക: തേന്‍ ഉപയോഗിക്കുമ്പോള്‍ മുടിയിലും കണ്‍പുരികത്തിലും തട്ടാതെ നോക്കണം. തേന്‍ കൊണ്ടാല്‍ കറുത്ത മുടി നരച്ച നിറത്തിലാകും.
ബാക്ടീരിയയെ തടയാനുള്ള ശക്തിയുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ആര്യവേപ്പ്. നിരവധി പ്രകൃതിചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന ആര്യവേപ്പിന്റെ പൊടിയും എണ്ണയും മുഖക്കുരു മാറ്റുന്നതിനും നല്ലൊരു മരുന്നാണ്. 
മുഖക്കുരു അല്‍പ്പം വലുതാണെങ്കില്‍, അതു പൊട്ടത്തക്ക വിധത്തില്‍ നല്ല ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. തുടര്‍ന്ന് കോട്ടണ്‍ ബട്‌സ് ഉപയോഗിച്ച് വേപ്പെണ്ണ മുഖക്കുരുവില്‍ തേച്ചുകൊടുക്കുക. ആര്യവേപ്പില പൊടിച്ചെടുത്ത് വെള്ളം ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടി നോക്കൂ. ഇതിനു പുറമേ, നല്ല മൂത്ത പപ്പായയുടെ വിത്ത് കളഞ്ഞ് മുഖത്ത് വച്ചുപിടിപ്പിക്കാവുന്ന തരത്തില്‍ ചെറിയ കഷണങ്ങളാക്കുക. അരമണിക്കൂര്‍ നേരത്തേക്ക് പപ്പായ മുഖത്തു വച്ച് കിടക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതെല്ലാം മുഖക്കുരുവിനു പുറമേ, നിങ്ങളുടെ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. ഓരോന്നിനും ശരീരത്തിലെ ചര്‍മ്മത്തിന്റെ ഓജസ്സ് വര്‍ദ്ധിപ്പിക്കാനും കഴിയും. എല്ലാം തന്നെ മിതമായ വിധത്തിലേ ഉപയോഗിക്കാവൂ. ഇക്കാര്യം പ്രത്യേകം ഓര്‍ക്കണം. കണ്ണുകള്‍, പുരികങ്ങള്‍, ചുണ്ടുകള്‍ എന്നിവയില്‍നിന്നു നിശ്ചിത അകലമിട്ടു വേണം ഇവയെല്ലാം തന്നെ പ്രയോഗിക്കാന്‍. അലര്‍ജി ഉള്ളവര്‍ ഇതൊക്കെയും ഒരു ചര്‍മ്മവിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരമേ ഉപയോഗിക്കാവൂ.

മുഖക്കുരു മാറ്റാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

1. ചര്‍മ്മസംരക്ഷണമാണ് പ്രധാനം. നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നതു തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. അധികം വെയില്‍, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക.

2. മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.

3. മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.

4. മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

5. മുഖക്കുരുവിന് എല്ലാവരും നിര്‍ദ്ദേശിക്കുന്നത് തേന്‍ ആണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.

6. എണ്ണമയമാണ് മുഖക്കുരുവിനെ കൊണ്ടുവരുന്നത്. ഇതൊഴിവാക്കാന്‍ ശര്‍ക്കര തേക്കുന്നതും ഗുണം ചെയ്യും. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ശര്‍ക്കര ഉപയോഗിച്ച് മസ്സാജ് ചെയ്തു നോക്കൂ, പ്രയോജനം ലഭിക്കും.

7. മുഖക്കുരു പടരാതിരിക്കാന്‍ പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

8. മുഖക്കുരു വല്ലാതെ പടര്‍ന്നിട്ടുണ്ടെങ്കില്‍ തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്തു പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

9. ഭക്ഷണക്രമീകരണം ശീലമാക്കുക. പഞ്ചസാര നിറഞ്ഞ ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഒപ്പം വറുത്തതും പൊരിച്ചതും നിശ്ശേഷം ഉപേക്ഷിക്കാം. പഴങ്ങള്‍ ധാരാളമായി കഴിക്കുക. മുഖം എപ്പോഴും തണുപ്പിക്കുക.

10. മുഖസൗന്ദര്യം നിലനിര്‍ത്താന്‍ നിത്യേന എട്ട് മുതല്‍ പത്തു ഗ്ലാസ്സ് വെള്ളം ഇടവിട്ടു കുടിക്കുന്നതു ശീലമാക്കുക.

ചര്‍മ്മകാന്തിക്കുവേണ്ടിയുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ് ഇവയുടെ ഫലമുണ്ടാകുന്നത്. ഒരു ചര്‍മ്മവിദഗ്ദ്ധന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നതു എപ്പോഴും നല്ലതാണ്.

(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com