പോഷകസമൃദ്ധമായ കടല്‍മുരിങ്ങയെക്കുറിച്ച് എത്ര പേര്‍ക്കറിയാം..

കടല്‍മുരിങ്ങ ലൈംഗിക ആസക്തിയുണ്ടാക്കുന്ന ആഹാരമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പോഷകസമൃദ്ധമായ കടല്‍മുരിങ്ങയെക്കുറിച്ച് എത്ര പേര്‍ക്കറിയാം..

ളരെയേറെ പോഷകസമ്പന്നമായൊരു കടല്‍വിഭവമാണ് കടല്‍മുരിങ്ങ (ഓയ്സ്റ്റര്‍). ആറ് ഔണ്‍സ് കടല്‍മുരിങ്ങയില്‍ 16 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. കൂടാതെ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി-2, സിങ്ക്, സെലെനിയം, അയണ്‍ തുടങ്ങിയവയെല്ലാം നല്ല അളവില്‍ തന്നെ ഇതിലടങ്ങിയിട്ടുണ്ട്. കടല്‍മുരിങ്ങ ലൈംഗിക ആസക്തിയുണ്ടാക്കുന്ന ആഹാരമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ കാലാവസ്ഥയിലും ഇത് വളരാത്തതിനാലും വെള്ളത്തില്‍ മാത്രം വളരുന്നതിനാലും വളരെ ദൗലഭ്യമായൊരു ആഹാരം കൂടിയാണിത്. കടല്‍ മുരിങ്ങയെ കൂടാതെ കായലില്‍ വളര്‍ത്തുന്ന 'കായല്‍ മുരിങ്ങയും'  കേരളത്തില്‍ ചിലയിടങ്ങളില്‍ ലഭ്യമാണ്. 

കേരളത്തില്‍ പ്രകൃതിയില്‍ കടല്‍ മുരിങ്ങയുടെ ലഭ്യത വിരളമാണെങ്കിലും ഇന്ത്യന്‍ കടലോരങ്ങളുടെ പല ഭാഗങ്ങളിലും അവയുടെ ശേഖരങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇന്ത്യയില്‍ കടല്‍ മുരിങ്ങകൃഷി പ്രചാരം നേടുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ ഗവേഷണങ്ങളുടെ ഫലമായി കുറഞ്ഞ ചിലവില്‍ മുരിങ്ങകൃഷി ചെയ്യാനുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തി. തുടര്‍ന്നാണ് ഇന്ത്യയിലെ കര്‍ഷകര്‍ ഇത് കൃഷി ചെയ്യാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ കണ്ടുവരുന്ന കടല്‍മുരിങ്ങകളില്‍ ഏറെ വ്യവസായിക പ്രാധാന്യം നേടിയിട്ടുള്ള നാലിനങ്ങളാണ്. പടിഞ്ഞാറന്‍ തീരമുരിങ്ങ എന്നറിയപ്പെടുന്ന ക്രാസ്സോസ്റ്റ്രിയ മദ്രാസന്‍സിസ്സ്, ക്രാസ്സോസ്റ്റ്രിയ ഗ്രിഫോയിഡെസ്, ചൈനീസ് മുരിങ്ങയെന്നറിയപ്പെടുന്ന ക്രാസ്സോസ്റ്റ്രിയ റിവുലാരിസ്, ഇന്ത്യന്‍ പാറ മുരിങ്ങയെന്നറിയപ്പെടുന്ന സാകോസ്റ്റ്രിയ കുകുലേറ്റ എന്നിവയാണിവ.

ഇതില്‍ കേരളത്തിന്റെ സമുദ്രതീരങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത് ക്രാസ്സോസ്റ്റ്രിയ മദ്രാസ്സന്‍സിസ്സ്  എന്നയിനം മുരിങ്ങയാണ്. വളരെ മാര്‍ദവമായ ശരീരമാണ് മുരിങ്ങയുടേത്. ഇത് കട്ടിയുള്ള രണ്ട് തോടുകളാല്‍ പൊതിഞ്ഞിരിക്കും. കല്ലുമ്മക്കായയുടെ രൂപസാദൃശ്യത്തോടുകൂടിയാണ് ഇത് കാണപ്പെടുക. താഴത്തെ കുഴിഞ്ഞ പാത്രത്തിന്റെ ആകൃതിയിലുള്ള തോട് പ്രതലത്തോട് പറ്റിപ്പിടിക്കുകയും മുകളിലത്തെതോട് തുറക്കുകയും അടക്കുകയും ചെയ്യാവുന്ന ഒരു അടപ്പു പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിനുള്ളിലെ മാര്‍ദവമുള്ള മാംസമാണ് നമ്മള്‍ ആഹാരമായി ഉപയോഗിക്കുന്നത്. 

സസ്യങ്ങള്‍ക്ക് പുറമെ ജൈവാവശിഷ്ടങ്ങളും കടല്‍ മുരിങ്ങയുടെ ഭക്ഷണമാണ്. ഇവ വര്‍ഷം തോറും 8090 മില്ലീ മീറ്റര്‍ വളരുന്നു. കേരളത്തില്‍ ഏപ്രില്‍  മെയ്, സെപ്റ്റംബര്‍ഡിസംബര്‍ മാസങ്ങളിലാണ് ഇവ ഏറ്റവും കൂടുതലായി മുട്ടയിടുന്നത്. പറ്റിപിടിക്കുന്ന പ്രതലം,  ആഹാരലഭ്യത, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവയെയെല്ലാം ആശ്രയിച്ചാണ് കടല്‍മുരിങ്ങയുടെ വളര്‍ച്ച. 

പലരീതികളും കര്‍ഷകര്‍ കടല്‍മുരിങ്ങ വളര്‍ത്താറുണ്ട്. ചമുളയോ തടിയോ ഉപയോഗിച്ചുള്ള ചങ്ങാടങ്ങളില്‍ ഇത് കൃഷി ചെയ്യാനാകും. പിന്നെ കുറ്റികളില്‍ വളര്‍ത്തും. ആഴം കുറവുള്ള സ്ഥലങ്ങളില്‍ ഈ രീതിയാണ് പ്രചാരത്തിലുള്ളത്. ആന്ധ്രാപ്രദേശില്‍ കാക്കിനാടയിലും, തമിഴ്‌നാട്ടില്‍ തൂത്തുകുടിയിലും, കേരളത്തില്‍ അഷ്ടമുടിയിലും, ധര്‍മടത്തും, കര്‍ണ്ണാടകയില്‍ കാര്‍വാറിലും സിഎംഎഫ് ആര്‍ഐ കടല്‍ മുരിങ്ങകൃഷി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com