മുടി ക്രോപ്പ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അത് സ്വന്തം മുഖത്തിന് അനുയോജ്യമാണോ എന്നുകൂടി നോക്കണം.
മുടി ക്രോപ്പ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം



സിനിമയിലും സീരിയലുകളിലും പുത്തന്‍ ഹെയര്‍ സ്‌റ്റൈലുകളുമായെത്തുന്ന നായികമാരെക്കാണുമ്പോള്‍ പലര്‍ക്കും അതിശയമാണ്. ഹെയര്‍സ്‌റ്റൈലുകള്‍ അതേപടി പലരും അനുകരിക്കുകയും ചെയ്യും. പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അത് സ്വന്തം മുഖത്തിന് അനുയോജ്യമാണോ എന്നുകൂടി നോക്കണം. മുഖാകൃതിക്കനുസരിച്ചുള്ള ഹെയര്‍സ്‌റ്റൈലാണെങ്കില്‍ മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തിന്റെ ഭംഗി വര്‍ദ്ധിക്കും. വണ്ണം കൂടുന്നതിനും പ്രായം വര്‍ദ്ധിക്കുന്നതിനും അനുസരിച്ച് മുഖത്തിനും വ്യത്യാസമുണ്ടാകും. അതുപോലെ പ്രായത്തിനും ചര്‍മത്തിന്റെ നിറത്തിനും വരെ യോജിക്കുന്ന തരത്തില്‍ വേണം ഹെയര്‍ കട്ട് തെരഞ്ഞെടുക്കാന്‍.

ഉദാഹരണത്തിന്, ഫെതര്‍ കട്ട് ഹെയര്‍ സ്‌റ്റൈല്‍ കൗമാരക്കാര്‍ക്കാണ് കൂടുതല്‍ യോജിക്കുക. മുടി പക്ഷിത്തൂവല്‍പ്പോലെ തോന്നുംവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്‌റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവര്‍ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാം.

എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഹെയര്‍ സ്‌റ്റൈല്‍ ആണ് പിക്‌സി കട്ട്. ഈ സ്‌റ്റൈല്‍ ചെയ്യുമ്പോള്‍ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിന്‍ഭാഗത്തും ഇരുവശങ്ങളില്‍ മുടിക്ക് നീളം കുറഞ്ഞ് മുകള്‍ഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്‌റ്റൈല്‍. കൗമാരക്കാര്‍ക്കു പ്രിയപ്പെട്ട മറ്റൊരു കട്ടാണ് ഫ്രഞ്ച് സ്‌റ്റൈല്‍. മുടി കൂട്ടിയെടുത്ത് പോണിടെയ്ല്‍ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവയ്ക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയില്‍ ഹെയര്‍ ക്ലിപ്പുകള്‍ക്കൊണ്ട് മനോഹരമാക്കാം. 

ദീര്‍ഘവൃത്താകൃതിയുള്ള മുഖത്തിന് ഒന്നിലധികം ഹെയര്‍സ്‌റ്റൈലുകള്‍ അനുയോജ്യമാണ്. കഴിവതും നെറ്റി മറഞ്ഞിരിക്കുന്ന ഹെയര്‍ സ്‌റ്റൈല്‍ ഒഴിവാക്കുക. താടി, ചുണ്ടുകള്‍ എന്നീ ഭാഗങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാവണം തലമുടി ഒരുക്കേണ്ടത്. സന്ദര്‍ഭത്തിനനുസരിച്ച് യോജിച്ചവിധത്തില്‍ സ്‌റ്റൈല്‍ സ്വന്തമായി മാറ്റാമെന്നതാണ് ഇറ്റാലിയന്‍ കട്ടിന്റെ പ്രത്യേകത. കാഷ്വലായും എക്‌സിക്യൂട്ടിവായും ഇതിനെ മാറ്റിയെടുക്കാന്‍ സാധിക്കും. 

നീണ്ട്, വീതി കുറഞ്ഞ താടിയുള്ള ഘടനയാണ് മുഖത്തിനെങ്കില്‍ നെറ്റിയില്‍ തലമുടി വളര്‍ന്നിരിക്കുന്നത് ചതുരാകൃതിയിലായിരിക്കും. ഇത്തരം മുഖമുള്ളവരുടെ തലമുടി ഇരുഭാഗങ്ങളിലും നീളത്തില്‍ വെട്ടിയിടുക. അല്ലെങ്കില്‍ മുഖം വല്ലാതെ മെലിഞ്ഞിരിക്കും. മുഖത്തിന് വീതി കൂടിയതായി തോന്നിക്കണമെങ്കില്‍ തലമുടി ചുരുട്ടുകയോ, ലെയറായി വെട്ടിയിടുകയോ ചെയ്യാം.

വൃത്താകൃതിയിലാണു മുഖമെങ്കില്‍ ഇരുവശങ്ങളിലും തലമുടിയുടെ കനം കുറച്ച് മുകള്‍ ഭാഗത്ത് നിലനിര്‍ത്തിയാല്‍ മുഖത്തിന് ദീര്‍ഘവൃത്താകൃതി ലഭിക്കും. താടിയുടെ അളവില്‍ നിന്നും താഴേക്ക് കിടക്കുന്ന തലമുടിയുെണ്ടങ്കില്‍ അത് മുഖത്തിന് നീളമുള്ളതായി തോന്നിപ്പിക്കുകയും ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നെറ്റിയുടെ ഇരുവശങ്ങളും വീതി കൂടി, താടിയുടെ ഭാഗം നീണ്ട് കൂര്‍ത്തിരിക്കുന്ന ഹൃദയാകൃതിയിലുള്ള മുഖമാണെങ്കില്‍, താടിയുടെ ഭാഗത്തിന് വീതി കൂടുതല്‍ തോന്നിപ്പിക്കുന്ന തരത്തിലാവണം ഹെയര്‍ സ്‌റ്റൈല്‍ ചെയ്യേണ്ടത്. കണ്ണുകളും കവിളെല്ലുമാണ് ഇത്തരം മുഖങ്ങള്‍ക്ക് പ്രത്യേകത നല്‍കുന്നത്.

നെറ്റി, കവിള്‍, താടിയെല്ല് എന്നിവയുടെ വീതി ഏകദേശം ഒരുപോലെയിരിക്കുന്ന ചതുരാകൃതിയിലുള്ള മുഖമുള്ള സ്ത്രീകള്‍ക്ക് കട്ടിയുള്ള താടിയെല്ലുകള്‍ ഉണ്ടായിരിക്കും. താടിയുടെ ഭാഗവും, നെറ്റിയില്‍ തലമുടി വളര്‍ന്നിരിക്കുന്ന വരയും ചതുരാകൃതിയിലായിരിക്കും ഇത്തരം മുഖങ്ങള്‍ക്ക്. ഇത്തരക്കാര്‍ നീളത്തിലുള്ള ബോബ് കട്ട് കഴിവതും ഒഴിവാക്കണം. ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിക്കുമ്പോള്‍ തലമുടി നീളം കുറച്ച് വെട്ടുകയോ, നീളം നന്നായി കൂട്ടിയിടുകയോ ചെയ്യുന്നത് യോജിക്കും.

കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് ഉള്ളു കൂടുതലായി തോന്നിപ്പിക്കാന്‍ വോളിയം ഇന്‍ക്രീസിംഗ് കട്ട് വളരെ അനുയോജ്യമാണ്. കനം കുറഞ്ഞ തലമുടിയുള്ളവരിലും ഇടതൂര്‍ന്ന തലമുടിയെന്ന് തോന്നിപ്പിക്കും വിധമാണ് ഈ ഹെയര്‍കട്ട്. ജീന്‍സും ടോപ്പും ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. വോളിയം ഇന്‍ക്രീസിംഗ് കട്ട് ചെയ്തതിന് ശേഷം മുടിയിഴകളില്‍ ഇടയ്ക്കിടെ കളറും ചേര്‍ത്താല്‍ ഭംഗിയേറും. തലമുടിയില്‍ മുഴുവനായി കളര്‍ ചെയ്യാതെ ഇടവിട്ടിടവിട്ട് കളര്‍ ചെയ്യുന്നതാണ് പുതിയ ട്രെന്റ്. കുറച്ചുഭാഗങ്ങളില്‍ മാത്രം കളര്‍ ചെയ്ത് ബാക്കി ഭാഗങ്ങളില്‍ സ്വാഭാവിക നിറം നിലനിര്‍ത്തുമ്പോള്‍ ഭംഗിയേറും.

ഇടതൂര്‍ന്ന കട്ടിയുള്ള തലമുടി ബുദ്ധിമുട്ടാകുന്നെങ്കില്‍ ഡിക്രീസിംഗ് കട്ട് പരീക്ഷിക്കാവുന്നതാണ്. ഇതിലൂടെ തലമുടിയുടെ സംരക്ഷണം അനായാസമാക്കാന്‍ സാധിക്കും. ഏതുതരം തലമുടിക്കും ഈ ഹെയര്‍ കട്ട് പരീക്ഷിക്കാം. മറ്റ് ഹെയര്‍കട്ടില്‍ നിന്നപേക്ഷിച്ച് സ്‌റ്റെപ്പുകളായാണ് മുടി വെട്ടുന്നത്. ഡിക്രീസിംഗ് കട്ടിന് ശേഷം മുടിയില്‍ കടുത്തതോ ഇളം നിറങ്ങളോ ചെയ്യാവുന്നതാണ്. തലയുടെ ഭാഗം വീതി കൂടിയും എന്നാല്‍ നെറ്റിയുടേയും താടിയുടേയും ഭാഗം വീതി കുറഞ്ഞുമുള്ള ആകൃതിയാണ് വജ്രാകൃതി. ഒരു വശം ചേര്‍ന്ന് തലമുടി രണ്ടായി പകുത്ത് ചീകി നെറ്റിയിലേക്ക് അല്പം മുടിച്ചുരുളുകളിട്ടാല്‍ മുഖത്തിന് വീതി വര്‍ദ്ധിച്ചതായി തോന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com