മരണം പതിയിരിക്കുന്ന ആഹാരസാധനങ്ങള്‍: അറിയണം ആഹാരത്തിലെ അലര്‍ജികള്‍

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ അളവിലാണെങ്കിലും അകത്തു ചെന്നാല്‍ മതി. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.
മരണം പതിയിരിക്കുന്ന ആഹാരസാധനങ്ങള്‍: അറിയണം ആഹാരത്തിലെ അലര്‍ജികള്‍

പൊടിയും പുകയും തണുപ്പും മാത്രമല്ല അലര്‍ജിക്ക് കാരണമാകുന്ന ഘടകങ്ങള്‍. ആഹാരത്തില്‍ നിന്നും അലര്‍ജിയുണ്ടാകും. അതും മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയില്‍. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ അളവിലാണെങ്കിലും അകത്തു ചെന്നാല്‍ മതി. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. പലപ്പോഴും ജീവന്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകാം.

ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഫുഡ് അലര്‍ജിയില്‍ നിന്നുണ്ടാകുന്നവയാണ്. ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമുണ്ടാക്കുന്നവയാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതികരിക്കുന്നു. അപ്പോഴാണ് അലര്‍ജിയുണ്ടാകുന്നത്. ആഹാരത്തിന്റെ നിറവും മണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്.

'പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണം ചിലരില്‍ അലര്‍ജിയുണ്ടാക്കും. ഭക്ഷണത്തിലെ വിഷാശംമാണെങ്കില്‍ പെട്ടെന്നുള്ള മരണത്തിന് സാധ്യതയില്ല. ഇവ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്'- പാരിപ്പിള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ബി പദ്മകുമാര്‍ പറഞ്ഞു.

ചില പ്രോട്ടീനുകള്‍ക്കെതിരെ ശരീരത്തിലെ ശ്വേതരക്താണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ ഉദ്പാദിപ്പിക്കുന്നു. ഭക്ഷണത്തിലെ പ്രോട്ടീനുമായി ഇവ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തില്‍ ഹിസ്റ്റമിന്‍ എന്ന രാസവസ്തു ഉണ്ടാകുന്നു. ഇതാണ് അലര്‍ജിക്ക് കാരണമാകുന്നത്. 

'ഭക്ഷണം കഴിച്ചയുടനെ ചിലരില്‍ അലര്‍ജിക് റിയാക്ഷന്‍ ഉണ്ടാകും. ചിലരിലിത് ആഹാരം കഴിച്ച് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷമായിരിക്കാം പ്രകടമാവുക. ചിലപ്പോള്‍ ദഹനം പൂര്‍ത്തിയായതിന് ശേഷവുമാകാം'- മുന്‍ ആയുര്‍വേദ ഡിഎംഒ ഡോക്ടര്‍ സുബ്രമണ്യന്‍ നമ്പൂതിരി പറഞ്ഞു.

ലക്ഷണങ്ങള്‍
ആഹാര അലര്‍ജി പല തരത്തിലുണ്ട്. അതില്‍ ഏറ്റവും ഭാകരമായ അവസ്ഥയാണ് അനഫൈലാറ്റിക് ഷോക്ക്. രക്തസമ്മര്‍ദ്ദം കുറയുന്നതും ശ്വാസതടസവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. മരണം വരെ സംഭവിക്കാം. ഭക്ഷണം കഴിച്ച് രണ്ട് മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചൊറിഞ്ഞു തടിക്കല്‍, വയറുവേദന, ഛര്‍ദി, വയറിളക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ല. എന്നാല്‍ ചിലരില്‍ ശ്വാസതടസം, വേഗത്തിലുള്ള ശ്വാസോച്ഛാസം, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം എന്നിവയും പ്രകടമാകും.  

അലര്‍ജിയുണ്ടാക്കുന്ന ആഹാരവസ്തുക്കള്‍
പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, സോയാപയര്‍ ചിലതരം മീനുകള്‍ തുടങ്ങിയവ ഫുഡ് അലര്‍ജിയുണ്ടാക്കുന്നവയില്‍ മുന്‍പന്തിയിലാണ്. കോഴിയിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി, തുടങ്ങിയ മാംസാഹാരങ്ങളും ചെമ്മീന്‍, ഞണ്ട്, കക്ക തുടങ്ങിയവയും ശരീരത്തില്‍ അലര്‍ജിയുണ്ടാക്കും. പശുവിന്‍ പാലിലുള്ള ആല്‍ഫാ എസ് 1 കേസീന്‍, ലാക്‌റ്റോ ഗ്ലോബുലിന്‍ എന്നിവയും അലര്‍ജിയിലേക്ക് നയിക്കും. എന്നാല്‍ ആട്ടിന്‍പാലില്‍ ഈ ഘടകങ്ങള്‍ കുറവായതിനാല്‍ അലര്‍ജിയ്ക്കുള്ള സാധ്യതയില്ല. 

ആഹാരത്തിനു നിറം നല്‍കാനുപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ അലര്‍ജിയുണ്ടാക്കും. ചുവന്ന നിറത്തിന് വേണ്ടി ആഹാരത്തില്‍ ചേര്‍ക്കുന്ന എറിത്രോസിന്‍, കാര്‍മോയ്‌സിന്‍ മഞ്ഞ നിറത്തിനായി ടാര്‍ടാസിന്‍, സണ്‍സെറ്റ് യെല്ലോ, പച്ച നിറം ലഭിക്കാന്‍ ഫാസ്റ്റ് ഗ്രീന്‍, അജിനോ മോട്ടോ തുടങ്ങിയവയൊക്കെ അനുവദനീയമാണെങ്കിലും അലര്‍ജിക്കു കാരണമാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com