ഉച്ചമയക്കം മെച്ചമോ?

ഉച്ചയൂണു കഴിഞ്ഞ് അരമണിക്കൂര്‍ ഉറങ്ങുന്നതുകൊണ്ടു കുഴപ്പമില്ലെന്നു ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഉച്ചമയക്കം നീണ്ടാല്‍ പ്രശ്‌നമാണ്.
ഉച്ചമയക്കം മെച്ചമോ?


മൃദ്ധമായ ഊണും കഴിഞ്ഞ് വിശാലമായ ഉച്ചയുറക്കം, മലയാളിയുടെ ഇഷ്ടങ്ങളിലൊന്നാണ്. പ്രത്യേകിച്ച് അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികള്‍ ചെയ്യുന്ന വീട്ടമ്മമാര്‍ക്കു പകലുറക്കം ഒഴിച്ചുകൂടാനാവാത്ത സ്വഭാവമാണ്. പകല്‍ സമയത്തെ ഉറക്കം മടികൂട്ടും, ആരോഗ്യം ക്ഷയിപ്പിക്കും തുടങ്ങിയ ഉപദേശങ്ങളൊന്നും ആരും വകവയ്ക്കാറില്ല. പകല്‍ സമയത്തെ നീണ്ട ഉറക്കം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് ശരിയാണെങ്കിലും ഉച്ചമയക്കം ഊര്‍ജസ്വലത വര്‍ധിപ്പിക്കുമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. 

പകലുറക്കം അധികമായാല്‍ പ്രമേഹത്തിനു സാധ്യതയേറുമെന്നു ഗവേഷകര്‍ പറയുന്നുണ്ട്. ഇതിനു പുറമേ പക്ഷാഘാതം, ഹൃദ്രോഗം, ദഹനത്തകരാര്‍ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. ഇതേസമയം അരമണിക്കൂറില്‍ താഴെയുള്ള ഉച്ചമയക്കം ശരീരത്തിനു കൂടുതല്‍ ഉണര്‍വേകുമെന്നതില്‍ തര്‍ക്കമില്ല. പകല്‍ സമയത്തെ ലഘുനിദ്ര മുതിര്‍ന്നവരില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം വെളിപ്പെടുത്തിയത്. 

ഉച്ചഭക്ഷണത്തിനു ശേഷം ഒരു മണിക്കൂര്‍ വരെ ഉറങ്ങുന്നത് പ്രായമായവരില്‍ ചിന്താശേഷിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമത്രേ. അമേരിക്കയിലെ പെന്‍സില്‍വേനിയ സര്‍വ്വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഉച്ചമയക്കം ശീലമാക്കിയാല്‍ മാനസികശേഷി അഞ്ചു വര്‍ഷമെങ്കിലും ചെറുപ്പമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

ഉച്ചയ്ക്കു ഭക്ഷണശേഷം ഒന്നു മയങ്ങുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും ഇവര്‍ വാദിക്കുന്നു. ജോലിക്കിടയില്‍ ഭക്ഷണത്തിനുശേഷം ഒരു ഉച്ചമയക്കം, ജോലി ചെയ്യുന്നവര്‍ക്ക് ഉത്സാഹം വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ല, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായകരമാണെന്ന് ഗ്രീസിലെ ആതന്‍സില്‍നിന്നുള്ള ഗവേഷകരും പറയുന്നു. ഒരു മണിക്കൂര്‍വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരെക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍. 

ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരെക്കാള്‍ മൂന്നുമുതല്‍ ആറുമടങ്ങുവരെ കുറവായിരിക്കുമെന്നും പഠനം പറയുന്നു.  ഉറക്കത്തിന്റെ ശാസ്ത്രീയവശം അനുസരിച്ച് ചെറിയ മയക്കത്തിനു പറ്റിയ സമയം ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയിലാണ്, ഇതിനെ ഉച്ചമയക്കം എന്നും പറയാം.  ഈ മയക്കത്തിലൂടെ നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ  വര്‍ദ്ധിപ്പിക്കാനും നഷ്ടമായ ഊര്‍ജ്ജം വീണ്ടെടുക്കാനും സാധിക്കും. ഉച്ചമയക്കക്കാരില്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുമെന്നും പറയുന്നുണ്ട്. 

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്നും ഗ്ലൂക്കോസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്. പാന്‍ക്രിയാസ് സ്രവിപ്പിക്കുന്ന ഇന്‍സുലിനാണ് ഇതിനു സഹായിക്കുന്നത്. ഇന്‍സുലിന്‍ കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിക്കുന്നു. ഇതാണ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതത്രേ.

എന്നാല്‍ ഉച്ചമയക്കക്കാര്‍ ഇനി പറയുന്ന കാര്യം കൂടി ശ്രദ്ധിക്കണം. വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ്. ഉച്ചയുറക്കം നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് അമിത ജോലിഭാരമാണ്. ഉറങ്ങിക്കിടക്കുമ്പോള്‍ നമ്മുടെ ശരീരം വിശ്രമിക്കുന്നതുകൊണ്ടു തന്നെ ദഹനപ്രക്രിയയ്ക്കായി ദഹനേന്ദ്രിയങ്ങള്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഉറക്കത്തിനു ശേഷവും ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകുന്നതിന് ഇതു കാരണമാണ്. ഇതിനു പുറമെ അമിതഭാരം, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും ആഹാരശേഷമുള്ള ഉറക്കം കാരണമാകുന്നു എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com