സോയ ദിവസവും കഴിക്കൂ: ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും എല്ലുകളുടെ ബലത്തിലും പരിഹാരം കാണാം

ഈ സമയത്തുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം അറുതി വരുത്താന്‍ സോയയ്ക്ക് കഴിയും.
സോയ ദിവസവും കഴിക്കൂ: ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും എല്ലുകളുടെ ബലത്തിലും പരിഹാരം കാണാം

സ്ത്രീകള്‍ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് സോയ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവ വിരാമം. ഈ സമയത്തുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം അറുതി വരുത്താന്‍ സോയയ്ക്ക് കഴിയും. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അസ്ഥിക്ഷയത്തില്‍ നിന്ന് മുക്തി നേടാനും സോയയ്ക്കു കഴിയുമെന്നാണ് പഠനം.

സോയയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ സ്ത്രീകളുടെ എല്ലുബലം വര്‍ധിപ്പിക്കും. ആര്‍ത്തവവിരാമം സംഭവിക്കാത്ത സ്ത്രീകളിലാണ് ഇത് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുക. 'സോയയുടെ ഏതെങ്കിലും ഉല്‍പ്പന്നം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ത്രീകളുടെ ശരീരത്തിലെ എല്ലുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ബലമുണ്ടാകും'- ന്യൂട്രിഷന്‍ ആന്‍ഡ് എക്‌സര്ഡസൈസ് ഫിസിയോളജി പ്രഫസറായ പമേല ഹിന്റണ്‍ പറഞ്ഞു.

കൂടാതെ പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ബാധിച്ചവര്‍ക്ക് സോയ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി ആണ്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂട്ടുന്നു.

പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയതും ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലുമായിരിക്കും. ഗര്‍ഭം ധരിക്കേണ്ട പ്രായത്തില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ സ്ത്രീകളില്‍ പിസിഒഡി ബാധിക്കുന്നു. പിസിഒഡി ബാധിച്ച സ്ത്രീകളില്‍ സോയ ഐസോഫ്‌ലേവനുകള്‍ ഏതു രീതിയില്‍ പ്രയോജനപ്പെടുന്നുവെന്ന് പഠനം പരിശോധിച്ചു.

സോയാച്ചെടിയില്‍ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജന്‍ ആണ് ഐസോഫ്‌ലേവനുകള്‍. സോയാമില്‍ക്കിലും ചില കൃത്രിമഭക്ഷണ പദാര്‍ഥങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം, ഓസ്റ്റിയോപെറോസിസ് മുതലായവയെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ഐസോഫ്‌ലേവനുകള്‍ക്കുണ്ട്. കുഷാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഹ്‌റി ജാമിലീയന്റെ നേതൃത്വത്തില്‍, പിസിഒഡി ബാധിച്ച 70 സ്ത്രീകളിലാണു പഠനം നടത്തിയത്. 16 മുതല്‍ 40 വയസുവരെ പ്രായമുള്ളവരിലായിരുന്ന പഠനം.

പതിവായി സോയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരില്‍, ശരീരം എത്രമാത്രം ഫലപ്രദമായാണ് ഇന്‍സുലിന്‍ ഉപയോഗിക്കുന്നത് എന്നതിനെ പ്രതിഫലിപ്പിക്കുന്ന ജൈവസൂചകങ്ങള്‍ മെച്ചപ്പെട്ടതായും ഉപദ്രവകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞതായും പഠനത്തില്‍ തെളിഞ്ഞു. ക്ലിനിക്കല്‍ എന്‍ഡോെ്രെകനോളജി ആന്‍ഡ് മെറ്റബോളിസം എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com