അധികമായാല്‍ ഉപ്പും പ്രശ്‌നക്കാരന്‍; ഒരു ദിവസം നിങ്ങള്‍ കഴിക്കുന്ന ഉപ്പിന്റെ അളവ് ഇതില്‍ കൂടരുത്

ഉപ്പു കുറഞ്ഞു, ഉപ്പു കൂടി എന്നൊക്കെ പറയുമ്പോള്‍ ഭക്ഷണത്തിന് രുചി പകരുന്നതിനപ്പുറം ഉപ്പ് ആരോഗ്യകാര്യങ്ങളില്‍ എത്രമാത്രം ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണെന്നുകൂടി അറിഞ്ഞിരിക്കണം
അധികമായാല്‍ ഉപ്പും പ്രശ്‌നക്കാരന്‍; ഒരു ദിവസം നിങ്ങള്‍ കഴിക്കുന്ന ഉപ്പിന്റെ അളവ് ഇതില്‍ കൂടരുത്

ക്ഷണം രുചിച്ചുനോക്കുമ്പോള്‍ മറ്റെന്തു കണ്ടെത്തിയില്ലെങ്കിലും ഉപ്പിന്റെ പോരായ്മയുണ്ടെങ്കില്‍ ഞൊടിയിടയില്‍ അത് ചൂണ്ടിക്കാട്ടുന്നവരാണ് നമ്മളില്‍ പലരും. ഉപ്പു കുറഞ്ഞു, ഉപ്പു കൂടി എന്നൊക്കെ പറയുമ്പോള്‍ ഭക്ഷണത്തിന് രുചി പകരുന്നതിനപ്പുറം ഉപ്പ് ആരോഗ്യകാര്യങ്ങളില്‍ എത്രമാത്രം ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണെന്നുകൂടി അറിഞ്ഞിരിക്കണം. 

പല രാജ്യങ്ങളിലും ഉപ്പിന്റെ ഉപഭോഗം നിലവില്‍ ഉള്ളതിനേക്കാള്‍ 30ശതമാനം കുറയ്‌ക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. നിര്‍ദ്ദേശിച്ചിട്ടുള്ളതിലും ഇരട്ടി അളവിലേക്ക് ഉപ്പിന്റെ ഉപയോഗം കടന്നാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്. രണ്ട് ഗ്രാം ഉപ്പാണ് പ്രതിദിനം ഒരാള്‍ ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ളത്.

18രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായി ഓരോ ഗ്രാം ഉപ്പിനോടൊപ്പം രക്തസമ്മര്‍ദ്ദം 2.86മില്ലിമീറ്റര്‍ വര്‍ദ്ദിക്കുമെന്ന് കണ്ടെത്തി. ദിവസവും അഞ്ച് ഗ്രാമിലധികം ഉപ്പ് ഉപയോഗിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം ഉയാരാനും ഹൃദയസംബന്ധവും വൃക്കസംബന്ധവുമായ അസുഖങ്ങള്‍ക്കും കാരണമാകും.  

ഇന്ത്യയില്‍ പ്രതിദിനം ശരാശരി 10.98ഗ്രാം ഉപ്പാണ് ഉപയോഗിക്കുന്നത്. നിര്‍ദ്ദേശിച്ചിട്ടുള്ളതിലും ഇരട്ടിയിലധികമാണിത്. ഉപ്പിന്റെ ഉപയോഗം അഞ്ച് ഗ്രാമില്‍ കുറവ് എന്ന തലത്തിലേക്ക് എത്തിക്കാനായാല്‍ ഹൃദ്രോഗങ്ങള്‍ മൂലം സംഭവിക്കുന്ന മൂന്ന് ദശലക്ഷം മരണങ്ങളും 1.25ദശലക്ഷം ഹൃദയാഘാതങ്ങളും ഇല്ലാതാക്കാനാകുമെന്നാണ് കണ്ടെത്തലുകള്‍. ഹൃദയാഘാത സാധ്യത 23ശതമാനം കുറയ്ക്കാനും ഹൃദ്രോഗങ്ങളില്‍ 17ശതമാനം കുറവുണ്ടാക്കാനും ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നതു വഴി സാധിക്കുമെന്നന്നും പഠനങ്ങള്‍ തെളിയിക്കുന്നു. 

പാക്കേജ്ഡ് ഭക്ഷണം ശീലമാക്കിയവര്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നതായും പഠനം വിലയിരുത്തി. ബ്രെഡ്, ബിസ്‌ക്കറ്റ്, കേക്ക് എന്നിവയും എണ്ണയില്‍ വറത്ത പലഹാരങ്ങളുമെല്ലാം ഉപ്പിന്റെ അളവ് കൂട്ടുന്നവയാണ്. ഉപ്പിന്റെ ഉപയോഗത്തെ പരിധിയിലാക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടില്‍ പാകം ചെയ്തവ കഴിക്കുക എന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com