ബിയര്‍ കുടിക്കാറുണ്ടോ? സൂക്ഷിച്ചോളു, ചില ചേരുവകള്‍ മരണത്തിലേക്ക് വരെ നയിക്കും

കൊത്തമല്ലിപ്പൊടി ചേര്‍ന്ന ബിയര്‍ കുടിച്ച ഇറ്റലിക്കാരിയായ യുവതിക്കാണ് മരണത്തിലേക്ക് നയിക്കാന്‍ വരെ ശക്തിയുള്ള അലര്‍ജി വന്നത്
ബിയര്‍ കുടിക്കാറുണ്ടോ? സൂക്ഷിച്ചോളു, ചില ചേരുവകള്‍ മരണത്തിലേക്ക് വരെ നയിക്കും

റ്റ കവിള്‍ ബിയര്‍ മാത്രമേ ആ 29കാരിയായ യുവതി കുടിച്ചിരുന്നുള്ളു. പക്ഷേ ആ ഒരു സിപ്പ് തന്റെ ജീവനെടുക്കാന്‍ മാത്രം കെല്‍പ്പുള്ളതാണെന്ന് അവര്‍ കരുതിയില്ല. വൈദ്യ ശാസ്ത്രത്തില്‍ ഒരു പക്ഷേ ആദ്യമായാണ് ഇത്തരമൊരു അവസ്ഥ കണ്ടതെന്ന് ഡോക്ടര്‍മാര്‍. 

കൊത്തമല്ലിപ്പൊടി ചേര്‍ന്ന ബിയര്‍ കുടിച്ച ഇറ്റലിക്കാരിയായ യുവതിക്കാണ് മരണത്തിലേക്ക് നയിക്കാന്‍ വരെ ശക്തിയുള്ള അലര്‍ജി വന്നത്. ഒറ്റ കവിള്‍ മാത്രം കുടിച്ചപ്പോഴേക്കും അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 

പ്രത്യേക തരത്തിലുള്ള മണവും സ്വാദുമുള്ള വസ്തുക്കള്‍ ഭക്ഷണത്തിലും കുടിവെള്ളത്തിലും ചേര്‍ക്കുമ്പോള്‍ ചില മനുഷ്യ ശരീരത്തില്‍ അത് അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അനഫിലാക്‌സിസ് (അനഫിലാക്ടിക്ക്) എന്ന അലര്‍ജി സംബന്ധമായ അസുഖത്തിലേക്ക് ഇത്തരം സ്‌പൈസസുകള്‍ എത്തിക്കുമെന്നും മരണം വരെ ഇതുകാരണം ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. ഇത്തരത്തിലുള്ള വസ്തുക്കള്‍ ഭക്ഷണം വഴിയോ വെള്ളം വഴിയോ ശരീരത്തില്‍ എത്തിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ആള്‍ മരിച്ചുപോകാനുള്ള സാധ്യത വളരെ അധികമാണ്. 

ആരോഗ്യ പ്രസിദ്ധീകരണായ ബി.എം.ജെ കേസ് റിപ്പോര്‍ട്ട്‌സിലാണ് ഇറ്റാലിയന്‍ യുവതിയുടെ അനുഭവം പ്രസിദ്ധീകരിച്ചത്. കൊത്തമല്ലിപ്പൊടി ബിയറില്‍ ചേര്‍ത്താല്‍ ഇത്തരത്തിലുള്ള മാരക ആരോഗ്യ പ്രശ്‌നം മനുഷ്യ ശരീരത്തെ ബാധിക്കുമെന്ന് ആദ്യമായാണ് വെളിപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുവതി കുടിച്ച ബിയര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ കൊത്തമല്ലിയുടെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ തുമ്മലും ശ്വസ തടസമടക്കമുള്ള പ്രശ്‌നങ്ങളും വിടാതെ നിന്നതോടെയാണ് യുവതി ഡോക്ടറെ കണ്ടത്. 2017 മുതല്‍ ഈ ബ്രാന്‍ഡിലുള്ള ബിയറുകള്‍ ചിലപ്പോഴൊക്കെ കുടിക്കാറുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളിലാണ് ശ്വാസ തടസമടക്കമുള്ളവ കൂടുതലായും കാണാറുള്ളതെന്നും പറഞ്ഞതോടെയാണ് അവര്‍ കുടിച്ച ബിയറിനെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ അന്വേഷിച്ചത്. പിന്നീട് ചികിത്സയ്ക്ക് വന്നപ്പോള്‍ അവര്‍ ബിയറും കൊണ്ടുവന്നു. 

വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ കൊത്തമല്ലിപ്പൊടിയുടെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ബിയറില്‍ ചേര്‍ത്ത ചേരുവകളുടെ ലേബലില്‍ കൊത്തമല്ലിപ്പൊടിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. കൊത്തമല്ലിപ്പൊടി ചേര്‍ത്ത ബിയര്‍ കുടിച്ചത് ഇറ്റാലിയന്‍ യുവതിയുടെ അസുഖത്തിന്റെ കാഠിന്യം ഉയര്‍ത്തിയതോടെയാണ് ഡോക്ടര്‍മാര്‍ വിശദമായ പഠനത്തിന് ഇക്കാര്യം വിധേയമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com