മദ്യപിക്കുന്നവര്‍ അക്രമകാരികളാവുന്നതിനുള്ള കാരണം ഇതാണ്; പുതിയ കണ്ടെത്തല്‍ പുറത്ത് 

പ്രകോപനവുമായി ബന്ധപ്പെട്ട തലച്ചോറിലെ മേഖലയില്‍ മാറ്റം വരുത്താന്‍ വെറും രണ്ട് ഗ്ലാസ് വോഡ്ക അകത്തു ചെന്നാല്‍ മതി
മദ്യപിക്കുന്നവര്‍ അക്രമകാരികളാവുന്നതിനുള്ള കാരണം ഇതാണ്; പുതിയ കണ്ടെത്തല്‍ പുറത്ത് 

'അവന്‍ അല്ലെടാ, അകത്തു കിടക്കുന്ന ആളാ ഇതൊക്കെ ചെയ്യിക്കുന്നത്.'- മദ്യപിച്ചു നില്‍ക്കുന്നവര്‍ ചെയ്യുന്ന ആതിക്രമണങ്ങള്‍ കണ്ട് സാധാരണ എല്ലാവരും പറയുന്നതാണിത്. ഈ പറയുന്നതില്‍ കാര്യമുണ്ട്. കുറേ നേരത്തേക്ക് നമ്മളെ നാം അല്ലാതാക്കാള്‍ മദ്യത്തിന് സാധിക്കും. ഇതിനുള്ള കാരണമെന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ?  ഇനി ഇതോര്‍ത്ത് തലപുകയ്ക്കണ്ട. ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 

പ്രകോപനവുമായി ബന്ധപ്പെട്ട തലച്ചോറിലെ മേഖലയില്‍ മാറ്റം വരുത്താന്‍ വെറും രണ്ട് ഗ്ലാസ് വോഡ്ക അകത്തു ചെന്നാല്‍ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്. എംഅര്‍ഐ സ്‌കാന്‍ ഉപയോഗിച്ചാണ് മദ്യം ഉപയോഗിച്ചാല്‍ മനുഷ്യനില്‍ അക്രമവാസന വര്‍ധിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തിയത്. തലച്ചോറിന്റെ മുന്‍ഭാഗമായ പ്രിഫ്രന്റല്‍ കോര്‍ടെക്‌സിലുണ്ടാകുന്ന മാറ്റങ്ങളാണ് മദ്യവുമായി ബന്ധപ്പെട്ട് പ്രകോപനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ തോംസണ്‍ ഡെന്‍സനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.  അമ്പത് ആരോഗ്യമുള്ള യുവാക്കളിലാണ് പരീക്ഷണം. ഇവരില്‍ ചിലര്‍ക്ക് രണ്ട് ഗ്ലാസ് വോഡ്കയും മറ്റു ചിലര്‍ക്ക് മദ്യമില്ലാത്ത മറ്റ് പാനിയങ്ങളും നല്‍കി. 

ഇവരെ എംആര്‍ഐ സ്‌കാനിന് വിധേയമാക്കിക്കൊണ്ടാണ് തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചത്. മദ്യപിച്ചവരില്‍ എല്ലാവരുടേയും പ്രകോപനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഭാഗത്തിലാണ് മാറ്റമുണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി. മദ്യപിക്കാത്തവരില്‍ പ്രത്യേക മാറ്റങ്ങളൊന്നുമുണ്ടായില്ല.

ഇത് കൂടാതെ ഓര്‍മകളുമായി ബന്ധപ്പെട്ടുകിടക്കുന്ന തലച്ചോറിലെ ഭാഗങ്ങളേയും മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തി. തലച്ചോറിലെ പ്രിഫ്രന്റല്‍ കോര്‍ടെക്‌സില്‍ മൊത്തത്തില്‍ സ്വാധീനിക്കാന്‍ മദ്യത്തിന് സാധിക്കുമെന്ന് ഡെന്‍സണ്‍ പറഞ്ഞു. സമാധാനവും പ്രകോപനവും പോലുള്ള വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളെ പിന്തുണയ്ക്കുന്നത് ഈ ഭാഗമാണ്. മദ്യം വരുത്തുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com