അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗത്തില്‍ ആറു മടങ്ങ് വര്‍ധന

കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 2015-16 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗത്തില്‍ ആറു മടങ്ങ് വര്‍ധന

ന്യൂഡല്‍ഹി : അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗത്തില്‍ ആറു മടങ്ങ് വര്‍ധന. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 2015-16 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രണ്ടു ശതമാനത്തില്‍ നിന്നും 12 ശതമാനമായാണ് കോണ്ടം ഉപയോഗത്തില്‍ വര്‍ധന ഉണ്ടായത്. 15 മുതല്‍ 49 വയസ്സുവരെയുള്ള അവിവാഹിതരായ സ്ത്രീകളിലാണ് കോണ്ടം ഉപയോഗം കൂടിയത്. 

ഇതില്‍ ഇരുപതിനും 24 നും ഇടയില്‍ പ്രായത്തിലുള്ള അവിവാഹിതരായ യുവതികളിലാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ പരമാവധിയിലേറെയും. എട്ടില്‍ മൂന്ന് പുരുഷന്മാരും ഗര്‍ഭനിരോധനം സ്ത്രീകളുടെ കാര്യമാണെന്ന ധാരണ വച്ചുപുലര്‍ത്തുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് രാജ്യത്തെ 99 ശതമാനം വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും ബോധവാന്മാരാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരായ സ്തീകളിലെ ഗര്‍ഭനിരോധന നിരക്ക് 54 ശതമാനമാണ്. ഇതില്‍ 10 ശതമാനം മാത്രമാണ് ആധുനിക രീതികള്‍ അവലംബിക്കുന്നത് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ബഹുഭൂരിപക്ഷവും പരമ്പരാഗത ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് പിന്തുടരുന്നത്. അതേസമയം അവിവാഹിതരായ സ്ത്രീകളില്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സംബന്ധിച്ചുള്ള അവബോധം കൂടുതല്‍ പ്രകടമാണ്. ഫീമെയില്‍ സ്റ്റെറിലൈസേഷനാണ് അവിവാഹിതകളായവര്‍ പരമാവധി തെരഞ്ഞെടുക്കുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ഏറ്റവും പിന്നില്‍ മണിപ്പൂര്‍, ബിഹാര്‍ മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ്. 24 ശതമാനമാണ് ഇവിടത്തെ നിരക്ക്. അതേസമയം കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പഞ്ചാബാണ്. 76 ശതമാനമാണ് പഞ്ചാബിലെ നിരക്ക്. സിഖ്, ബുദ്ധിസ്റ്റ്, നിയോ ബുദ്ധിസ്റ്റ് സ്ത്രീകളാണ് രാജ്യത്ത് ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. 65 ശതമാനമാണ് ഇവരുടെ നിരക്ക്. അതേസമയം ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം 38 ശതമാനം മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com