പുരുഷന്‍മാരേ, ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ചിലപ്പോള്‍ ഇത് ക്യാന്‍സറിന്റെ ലക്ഷണങ്ങളായിരിക്കാം

പുരുഷന്‍മാരേ, ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ചിലപ്പോള്‍ ഇത് ക്യാന്‍സറിന്റെ ലക്ഷണങ്ങളായിരിക്കാം

അസാധാരണമായുണ്ടാകുന്ന മാറ്റങ്ങളും വേദനകളുമെല്ലാം പുരുഷന്‍മാര്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താം

ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ നേരത്തെ മനസിലാക്കി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗം പേര്‍ക്കും രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാത്തതാണ് വലിയ ദുരന്തത്തിന് കാരണമാകുന്നത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ ശ്രദ്ധിക്കാതെ പോകുന്നതിനാല്‍ അവസാന സ്റ്റേജിലായിരിക്കും പുരുഷന്‍മാര്‍ രോഗം തിരിച്ചറിയുക. 

മൂത്രതടസ്സം, തൊണ്ടവേദന, ശബ്ദം പരുഷമാവുക, ശരീരഭാരം കുറയുക, വായയിലും വയറ്റിലുമെല്ലാമുണ്ടാകുന്ന വേദന, അടിവയറ്റില്‍ വേദന തുടങ്ങിയവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളാണ്. പതിവായുള്ള പരിശോധനയിലൂടെ മാത്രമേ രോഗത്തെ തിരിച്ചറിയാന്‍ സാധിക്കൂ. അസാധാരണമായുണ്ടാകുന്ന മാറ്റങ്ങളും വേദനകളുമെല്ലാം പുരുഷന്‍മാര്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താം. പുരുഷന്‍മാരിലുണ്ടാകുന്ന പ്രധാന ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഇവയാണ്. 

മൂത്രത്തിലുണ്ടാകുന്ന മാറ്റമാണ് ഇതില്‍ ഒന്ന്. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന വേദന, സാധാരണയേക്കാള്‍ കുറവ് മൂത്രം പോവുക, അറിയാതെ മൂത്രം പോവുക, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുക തുടങ്ങിയവ ക്യാന്‍സറിന്റെ സാധ്യതകളാണ്. 

ഇത് കൂടാതെ വായയിലും തൊണ്ടയിലുമെല്ലാം മാറ്റങ്ങളുണ്ടാകും. വായില്‍ വെളുത്ത പുള്ളികള്‍ കാണുക, വായയിലും തൊണ്ടയിലുമുണ്ടാകുന്ന കലശലായ വേദന, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, പ്രത്യേക കാരണമില്ലാതെ പല്ല് കൊഴിയുക തുടങ്ങിയവ ക്യാന്‍സറിന്റെ ഭാഗമായുണ്ടായേക്കാം. മുഖത്ത് തടിപ്പ് വരിക, ചുണ്ടിലും കവിളുകളിലും വായിലും ബലഹീനത അനുഭവപ്പെടുക, രക്തം തുപ്പുക, ശബ്ദം പരുഷമാവുക തുടങ്ങിയ പ്രശ്‌നങ്ങളും ഇതിനൊപ്പമുണ്ടാകും. 

സ്തനാര്‍ബുദം വരാനുള്ള സാധ്യത പുരുഷന്‍മാര്‍ക്ക് കുറവാണെങ്കിലും സ്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ അവഗണിക്കരുത്. സ്തനവളര്‍ച്ചയുണ്ടാകുന്നതും മുലക്കണ്ണില്‍ വേദന വരുന്നതുമെല്ലാം ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. 

വയറ്റിലുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. രോഗമുള്ളവരില്‍ വിശപ്പ് കുറയുകയും അസിഡിറ്റി,നെഞ്ചെരിച്ചില്‍ എന്നിവ വര്‍ധിക്കുകയും ചെയ്യും. വയറ്റിനുള്ളില്‍ വേദന വരുന്നതും ഛര്‍ദ്ദിയുമെല്ലാം ഇതിന് കാരണമായിരിക്കാം. കൂടാതെ കുറച്ച് കഴിച്ചാല്‍ വയറുനിറയുകയും, മൂത്രത്തിലൂടെ രക്തം പോലുകയും ചെയ്യും. പെട്ടെന്ന അമിതമായി ശരീര ഭാരം കുറയാനുള്ള സാധ്യതകളും കൂടുതലാണ്. ഇത് പാന്‍ക്രിയാസ് ക്യാന്‍സര്‍ വരുന്നതിന്റെ ലക്ഷണങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com