ഹെയര്‍ ഡൈയും റിമൂവറുമൊക്കെ അലക്ഷ്യമായി വലിച്ചിടാന്‍ വരട്ടെ, കുട്ടികളില്‍ വിഷം ഉള്ളിലെത്തുന്നത് വീട്ടില്‍ നിന്നെന്ന് പഠന റിപ്പോര്‍ട്ട്

വീട് വൃത്തിയാക്കിയതിന് ശേഷം അലക്ഷ്യമായി ഇടുന്ന ക്ലീനിംഗ് ദ്രാവകങ്ങളും, നാഫ്തലിന്‍ ഗുളികളും എന്ന് വേണ്ട അടുക്കളയില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ പോലും വില്ലനാകുന്നുവെന്നാണ് കണക്കുകള്‍
ഹെയര്‍ ഡൈയും റിമൂവറുമൊക്കെ അലക്ഷ്യമായി വലിച്ചിടാന്‍ വരട്ടെ, കുട്ടികളില്‍ വിഷം ഉള്ളിലെത്തുന്നത് വീട്ടില്‍ നിന്നെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മേക്കപ്പ് സാധനങ്ങള്‍ വീടിനുള്ളില്‍ അലക്ഷ്യമായി വലിച്ചെറിയാറുണ്ടോ ? സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ നാഫ്തലിന്‍ ഗുളികകളോ? കുട്ടികളുടെ കയ്യെത്താത്ത ഉയരത്തിലേക്ക് ഇത്തരം സാധനങ്ങള്‍ മാറ്റി വയ്ക്കണമെന്നാണ് നാഷ്ണല്‍ പോയിസന്‍ ഇന്‍ഫര്‍മേഷന്‍ പറയുന്നത്. വിഷം ഉള്ളില്‍ ചെന്നതായുള്ള കേസുകളില്‍ ക്രമാതീതമായി വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് എയിംസില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. 

കുട്ടികളുടെ കയ്യെത്തിയാല്‍ അകത്താക്കുമെന്നും ഇത് സൂക്ഷിക്കണമെന്നുമാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വിഷവസ്തുക്കള്‍ ഉള്ളിലാക്കിയ കാരണത്താല്‍ എയിംസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 16,420 ഫോണ്‍ കോളുകളാണ്. ഇതില്‍ 7,114 കേസുകളും വീടുകളില്‍ ശുചീകരണത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നാണ്.വീട് വൃത്തിയാക്കിയതിന് ശേഷം അലക്ഷ്യമായി ഇടുന്ന ക്ലീനിംഗ് ദ്രാവകങ്ങളും, നാഫ്തലിന്‍ ഗുളികളും എന്ന് വേണ്ട അടുക്കളയില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ പോലും വില്ലനാകുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. വീട്ടുകാരുടെ അശ്രദ്ധ കൊണ്ടും കളിക്കിടയിലുമാണ് കുട്ടികളില്‍ വിഷം അകത്ത് ചെല്ലുന്നത്. സിലിക്ക ജെല്ലും റിമൂവറും, കുന്തിരുക്കവും അകത്താക്കി എത്തുന്ന കേസുകളും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെര്‍മോ മീറ്ററിലെ മെര്‍ക്കുറി കുടിച്ച് 5.2 ശതമാനം കുട്ടികളെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

മുതിര്‍ന്നവരിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് വിഷം ഉള്ളില്‍ ചെന്ന് ചികിത്സ തേടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 33 ശതമാനത്തിലേറെ ആളുകള്‍ മനഃപൂര്‍വ്വമായി വിഷം ഉള്ളിലാക്കിയവരാണ്. ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുകയോ കുടിക്കുകോ ആണ് ചെയ്യാറുള്ളതെന്നും ആശുപത്രി റെക്കോര്‍ഡുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com