മുഖത്ത് വളര്‍ന്ന 4 കിലോയിലധികം ഭാരമുള്ള മുഴ നീക്കം ചെയ്തു; അമീറിന് ഇനി നല്ല നാളുകള്‍ 

4.8 കിലോഗ്രാം ഭാരമുള്ളതായിരുന്നു ആ മുഴ. മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി മറയ്ക്കുന്ന തരത്തില്‍ വലുപ്പം പ്രാപിച്ച ഈ മുഴ ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുകന്നതിനുപോലും തടസ്സമായി നിന്നു. 
മുഖത്ത് വളര്‍ന്ന 4 കിലോയിലധികം ഭാരമുള്ള മുഴ നീക്കം ചെയ്തു; അമീറിന് ഇനി നല്ല നാളുകള്‍ 

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശി അമീറിന് കേരളത്തില്‍ പുതുജന്മം. പത്തുവര്‍ഷത്തിലധികമായി ആഹാരം കഴിക്കുന്നതിനും സംസാരിക്കുന്നതിനും പോലും തടസമായി നിന്ന താടിയെല്ലിലെ വലിയ മുഴ ഇനിയില്ല. അമീറിന്റെ താടിയെല്ലില്‍ വളര്‍ന്ന 4 കിലോയിലധികം ഭാരമുള്ള മുഴയാണ് കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

ഒന്‍പതാം വയസില്‍ തുടങ്ങിയതാണ് അമീറിന്റെ ദുരിതം. അന്നുമുതല്‍ കാണപ്പെട്ടുതുടങ്ങിയ അമീറിന്റെ മുകളിലെ താടിയെല്ലിന് ഇടതുഭാഗത്തായുള്ള മുഴ കുറച്ചൊന്നുമല്ല ഈ 19കാരനെ കുഴക്കിയത്. മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി മറയ്ക്കുന്ന തരത്തില്‍ വലുപ്പം പ്രാപിച്ച ഈ മുഴ ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുകന്നതിനുപോലും തടസ്സമായി നിന്നു. 

4.8 കിലോഗ്രാം ഭാരമുള്ളതായിരുന്നു ആ മുഴ. പ്രാഥമിക ബയോപ്‌സി പരിശോധനയില്‍ അണ്ഡാശയ അണുബാധയാണെന്നായിരുന്നു കണ്ടെത്തല്‍. മെഡിക്കല്‍ ചരിത്രത്തില്‍ ഇത്രയും വലുപ്പമുള്ള മുഴ ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസോച്ഛ്വാസത്തിനുപോലും ഭീഷണയായി വളര്‍ന്നുവന്നുകൊണ്ടിരുന്ന ഈ മുഴ നീക്കം ചെയ്യുന്നതിന് തടസ്സമായി നിന്നിരുന്നത് ഇതിന്റെ വലുപ്പം തന്നെയാണ്. സാധാരണ താടിയെല്ലില്‍ കണ്ടുവന്നിരുന്നതില്‍ നിന്ന വ്യത്യസ്തമായി അതിഭീകരവലുപ്പത്തിലുള്ളതായിരുന്നു ഇത്. മുഴ നീക്കം ചെയ്യാനുള്ള ചികിത്സകള്‍ക്കിടയില്‍ തന്നെ അമീറിന്റെ പാരാതൈറോയിഡ് ഗ്രന്ഥിയില്‍ ട്യൂമറിന്  കാരണമാകുന്ന പാരാതൈറോയിഡ് അഡിനോമയും ഇയാളെ ബാധിച്ചു. ഇത് മുഴ നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. 

12 സര്‍ജന്‍മാര്‍ ചേര്‍ന്ന് 14മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറിക്കാണ് അമീര്‍ വിധേയനായത്. അമീറിന്റെ ജീവിതം തന്നെ മാറ്റിയെഴുതുന്നതായിരുന്നു ഇത്. മുഴ സമ്മാനിച്ച വികൃതമായ രൂപം ഈ ചെറുപ്പക്കാരനെ സാമൂഹികമായി ഒറ്റപ്പെടുത്തി വീട്ടില്‍ തന്നെ അടച്ചിരിക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു. വിജയകരമായ സര്‍ജറിക്കുശേഷം പൂര്‍ണ്ണ ആരോഗ്യവാനായി എത്തിയ അമീറിന് മുഖത്ത് കണ്ട നിറ ചിരിയുടെ കാരണവും തന്റെ ഏകാന്ത ജീവിതത്തില്‍ നിന്ന് കിട്ടിയ മോചനം തന്നെ. 

അമീറിന്റെ മുഖത്ത് വളര്‍ന്നിരുന്ന മുഴയ്ക്ക് സമാനമായ ഒന്ന് 3ഡി പ്രിന്റിങ് വഴി നിര്‍മിച്ചെടുത്ത് സര്‍ജറിയുടെ ഒരു പരീക്ഷണം നടത്തിയതിന് ശേഷമായിരുന്നു തങ്ങള്‍ അമീറിനെ സര്‍ജറിക്ക് പ്രവേശിപ്പിച്ചതെന്ന് ചികിത്സയ്ക്ക് നേതത്വം നല്‍കിയ ഡോ സുബ്രമണ്യ അയ്യര്‍ പറയുന്നു. കൊച്ചി അമത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അമീറിന്റെ ചികിത്സ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com