വേനല്‍ക്കാലത്തെ തണുപ്പിക്കാന്‍ വേണം പഴച്ചാറുകള്‍

വേനല്‍ക്കാലത്ത് ചൂടുകൂടുതലായതിനാല്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം.
വേനല്‍ക്കാലത്തെ തണുപ്പിക്കാന്‍ വേണം പഴച്ചാറുകള്‍

ല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണ് വേനല്‍ക്കാലം. അതില്‍നിന്ന് രക്ഷനേടാന്‍ ആളുകള്‍ പലമാര്‍ഗങ്ങളും പരീക്ഷിക്കും. ഈ സമയത്ത് വസ്ത്രരീതിയിലും മേക്കപ്പിലും മാറ്റങ്ങള്‍ പരീക്ഷിക്കുന്ന പോലെ ആഹാരത്തിലും വേണം ചില മാറ്റങ്ങള്‍. വേനല്‍ക്കാലത്ത് ചൂടുകൂടുതലായതിനാല്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം. അതില്‍ നിന്ന് രക്ഷനേടാന്‍ ജലാംശമുള്ള പദാര്‍ഥങ്ങള്‍ സാധാരണയില്‍ അധികമായി ശരീരത്തിലേക്ക് ചെല്ലേണ്ട ആവശ്യമുണ്ട്. 

നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുകയും ചെയ്യും.

കഠിനമായ ചൂടില്‍ നിന്നു രക്ഷനേടാന്‍ പഴച്ചാറുകള്‍ ധാരാളം കഴിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകള്‍ സഹായിക്കും. വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ പഴച്ചാറുകള്‍ ഏതെന്നറിയണ്ടേ?

നാരങ്ങ ജ്യൂസ്
വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പിഎച്ച് ലെവല്‍ നിയന്ത്രിച്ചുനിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും ചര്‍മത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് വളരെ നല്ലതാണെന്നാണ് കണ്ടെത്തല്‍.

കറ്റാര്‍വാഴ- നാരങ്ങ ജ്യൂസ്
രണ്ട് സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്ലും ഒരു നാരങ്ങയുടെ നീരും പഞ്ചസാരയും ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ഈ ജ്യൂസ് തയാറാക്കാം.  ഇതിലേക്ക് അല്‍പം പുതിന ഇല കൂടി ചേര്‍ത്താല്‍ രുചി കൂടും. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഈ ജ്യൂസ് ഇടയ്ക്കിടക്ക് കുടിക്കുന്നത് നല്ലതാണ്.

മിക്‌സഡ് ഫ്രൂട്ട് ജ്യൂസ്
രണ്ട് കപ്പ് ആപ്രിക്കോട്ട്, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങള്‍ ഒന്നിച്ച് ജൂസറില്‍ അടിച്ച് ചേര്‍ത്ത് അതിലേക്ക് അല്‍പം ആപ്പിള്‍ സിഡറും ചേര്‍ത്ത് കുടിച്ചാല്‍ വളരെ നല്ലതാണ്. ഈ ജ്യൂസ് ഉണ്ടാക്കുന്നത് ചിലവേറിയ കാര്യമായതിനാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മിക്‌സഡ് ഫ്രൂട്ട് ജ്യൂസ് കുടിക്കാവുന്നതാണ്.

തണ്ണിമത്തന്‍ ജ്യൂസ്
ശരീരത്തില്‍ ജലാംശം വേണ്ടത്ര അളവില്‍ നിലനിര്‍ത്തല്‍ നല്ലതാണ് തണ്ണിമത്തന്‍ ജ്യൂസ്. ഈ ചൂടുകാലത്ത് ആണ് തണ്ണിമത്തന്‍ കൂടുതലായും ലഭ്യമാകുന്നത്. തണ്ണിമത്തനില്‍ അമിനോ ആസിഡിന്റെ സാന്നിധ്യം കാരണം ഉയര്‍ന്ന കലോറി ഉര്‍ജോല്‍പ്പാദനത്തിനും സഹായിക്കുന്നു. നൂറ് മില്ലി ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസില്‍ ഏകദേശം 100 കലോറി അടങ്ങിയിരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചര്‍മ രോഗങ്ങളെയും അകറ്റാന്‍ തണ്ണിമത്തനു കഴിയും. 

മാമ്പഴ ജ്യൂസ്
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സമയമാണ് വേനല്‍ക്കാലം. വൈറ്റമിനുകളും മിനറല്‍സും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലില്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദഹനപ്രശ്‌നങ്ങളെയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ ഇതിനുകഴിയുമെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

പപ്പായ ജ്യൂസ്
പപ്പായ ജ്യൂസ് വേനലില്‍ ധാരാളമായി കുടിക്കാം. ഇത് നല്ലൊരു ഔഷധം കൂടിയാണ്. നമ്മുടെ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ കണ്ടു വരുന്ന ഫലമാണ് പപ്പായ. വൈറ്റമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പപ്പായ സഹായിക്കും. ചര്‍മത്തിലെ മൃതകോശങ്ങളകറ്റാനും ചര്‍മം കൂടുതല്‍ സുന്ദരമാകാനും ഇത് സഹായിക്കും.

കരിമ്പ് ജ്യൂസ്
ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയ കരിമ്പ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് കടുത്ത ചൂടില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. ഗഌക്കോസ്, മഗ്നീഷ്യം, കാല്‍സ്യം പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാലെല്ലാം സംപൂര്‍ണ്ണമാണ് കരിമ്പ് ജ്യൂസ്.

മുന്തിരി ജ്യൂസ്
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിര്‍ത്താനും മുന്തിരി ഉത്തമമാണ്.

നെല്ലിക്ക ജ്യൂസ്
നെല്ലിക്കയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതാണ്. ധാരാളം ന്യൂട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ഇത് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ദിവസവും 30 മില്ലി നെല്ലിക്കാജ്യൂസ് രണ്ടു നേരം കുടിയ്ക്കുന്നത് മൂത്രം പോകുമ്പോഴുള്ള നീറ്റലൊഴിവാക്കാന്‍ നല്ലതാണ്.

ആപ്പിള്‍ ജ്യൂസ്
ആപ്പിള്‍ ജ്യൂസ് നിങ്ങളെ ആശുപത്രികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനൊപ്പം ചര്‍മം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. 82-85% വരെ ജലാംശമാണ് ആപ്പിളില്‍ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളില്‍ നാരുകളും വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ സമ്പന്നമാണ് ആപ്പിള്‍ ജ്യൂസ്. 

ഈ ചൂട് കാലത്ത് ഇവയില്‍ ഏതെങ്കിലും ജ്യൂസ് എല്ലാ ദിവസവും കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെയും ചര്‍മത്തെയും സംരക്ഷിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com