മരുന്നു കുറിപ്പടികള്‍ ഇനി വാട്‌സ്ആപ്പ്, ഇ-മെയില്‍ വഴിയും

മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും ആന്റി ബയോട്ടിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങാന്‍ ഇനി ഡോക്ടര്‍ക്ക് വാട്‌സ്ആപ്പ്, ഈ മെയില്‍ വഴിയും കുറിപ്പടി നല്‍കാം
മരുന്നു കുറിപ്പടികള്‍ ഇനി വാട്‌സ്ആപ്പ്, ഇ-മെയില്‍ വഴിയും

തിരുവനന്തപുരം: മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും ആന്റി ബയോട്ടിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങാന്‍ ഇനി ഡോക്ടര്‍ക്ക് വാട്‌സ്ആപ്പ്, ഈ മെയില്‍ വഴിയും കുറിപ്പടി നല്‍കാം. ഇത്തരം കുറിപ്പടികളെ അംഗീകരിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി. 

ഡോക്ടര്‍മാരുമായി ടെലിഫോണിലൂടെ സംസാരിച്ച് രോഗവിവരം പറഞ്ഞ ശേഷം അവര്‍ പറയുന്ന മരുന്നുകളുടെ പേരുമായി ഷോപ്പുകളിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് ഇലക്ട്രോണിക് കുറിപ്പടികള്‍ക്ക് അംഗീകാരം നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം ടെലി കണ്‍സല്‍ട്ടേഷന്‍ പതിവാണെങ്കിലും സംസ്ഥാനത്ത് വ്യാപകമല്ല. സര്‍ക്കാരിന്റെ ഇ-ഹെല്‍ത്ത് പദ്ധതി പൂര്‍ണതോതില്‍ എത്തുന്നതോടെ ഇത്തരം കുറിപ്പടികള്‍ വേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് കരുതുന്നു. 

പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചതിന് പിന്നില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കൂടി നിര്‍ദേശമുണ്ട്. ഇ-മെയില്‍ വാട്‌സ്ആപ്പ് വഴി കുറിപ്പടി നല്‍കുന്ന ഡോക്ടര്‍മാര്‍ ഇതിനായി തന്റെ മെയില്‍ വിലാസവും ഫോണ്‍ നമ്പറും നല്‍കി കടയുടമയായും ഫാര്‍മസിയുമായും കരാറുണ്ടാക്കണം. 

വാട്‌സ്ആപ്പ് വഴി കുറിപ്പടി നല്‍കുമ്പോള്‍ രജിസ്റ്റര്‍ നമ്പറുള്ള ലെറ്റര്‍പാഡില്‍ സ്വന്തം കൈപ്പടയില്‍ കുറിപ്പടി എഴുതിയ ശേഷം സ്റ്റാര്‍ ചെയ്ത് രോഗിയുടെ വാട്‌സ്ആപ്പിലേക്ക് അയക്കണം. 

സര്‍ക്കാര്‍,സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷെഡ്യൂള്‍ എക്‌സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്ക് ഇത്തരം കുറിപ്പടി സ്വീകരിക്കാന്‍ പാടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com