ഇന്ത്യയില്‍ ആദ്യം; നാല് വയസുകാരിക്ക് തലയോട്ടി മാറ്റിവച്ച് ജീവന്‍ തിരിച്ചുനല്‍കി ഡോക്ടര്‍മാര്‍

ഇന്ത്യയിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂനെയിലെ ഭാരതി ഹോസ്പിറ്റലിലാണ് നാല് വയസുകാരിയായ പെണ്‍കുട്ടിക്ക് കൃത്രിമ തലയോട്ടി വച്ചത്
ഇന്ത്യയില്‍ ആദ്യം; നാല് വയസുകാരിക്ക് തലയോട്ടി മാറ്റിവച്ച് ജീവന്‍ തിരിച്ചുനല്‍കി ഡോക്ടര്‍മാര്‍

പൂനെ: ഇന്ത്യയിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂനെയിലെ ഭാരതി ഹോസ്പിറ്റലിലാണ് നാല് വയസുകാരിയായ പെണ്‍കുട്ടിക്ക് കൃത്രിമ തലയോട്ടി വച്ചത്. 

കഴിഞ്ഞ വര്‍ഷം മെയ് 31ന് മഹാരാഷ്ട്രയിലെ ഷിര്‍വലിലുണ്ടായ ഒരു കാറപകടത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതര പരുക്കുകളേറ്റിരുന്നു. അബോധാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്ക് തലയോട്ടിയെ കാര്യമായി തന്നെ ബാധിച്ചു. തലയോട്ടിയില്‍ നീര് വന്ന് കുട്ടിയുടെ ആരോഗ്യനില 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഗുരുതരമായി തുടര്‍ന്നു. പിന്നീട് രണ്ട് മേജര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. 

ഈ വര്‍ഷം വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി കുട്ടിയുടെ തലയോട്ടിയിലെ ക്ഷതങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. എന്നാല്‍ കുട്ടിയുടെ വയസ് ഇതിന് തടസമായി. 

പിന്നീടുള്ള അന്വേഷണത്തിനൊടുവിലാണ് കൃത്രിമ തലയോട്ടിയെന്ന ആശയം ഉദിച്ചത്. ഈ വര്‍ഷം മെയ് 18ന് കൃത്രിമ തലയോട്ടി മാറ്റിവച്ച് ഡോക്ടര്‍മാര്‍ കുട്ടിക്ക് ആയുസ് നീട്ടി നല്‍കി. 

അമേരിക്കന്‍ കമ്പനി പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ത്രിമാന ആകൃതിയിലുള്ളതാണ് ഈ തലയോട്ടി. തലയോട്ടി മാറ്റിവച്ച് റണ്ട് മാസങ്ങള്‍ക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. 

കൃത്രിമ തലയോട്ടി വച്ച ശേഷം കുട്ടി ചികിത്സകളോട് പ്രതികരിച്ചതായി അതിസങ്കീര്‍ണ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ വിശാല്‍ റോക്‌ഡെ പ്രതികരിച്ചു. കുട്ടി ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുകയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്നും കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നുണ്ടെന്നും മാതാവ് പറയുന്നു. കുട്ടിയുടെ പിതാവ് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. പൂനെയിലെ കൊത്രുഡിലാണ് ഈ കുടുംബം താമസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com