കേരളത്തിലെ കുട്ടികളില്‍ കുഷ്ഠരോഗം കൂടുന്നു: 21 രോഗബാധിതരായ കുട്ടികളെ കണ്ടെത്തി

കേരളത്തില്‍ കുഷ്ഠരോഗവും രോഗസംബന്ധമായ വൈകല്യങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.
കേരളത്തിലെ കുട്ടികളില്‍ കുഷ്ഠരോഗം കൂടുന്നു: 21 രോഗബാധിതരായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: കേരളത്തില്‍ കുഷ്ഠരോഗവും രോഗസംബന്ധമായ വൈകല്യങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഈ വര്‍ഷം ഇതുവരെ പുതുതായി കണ്ടെത്തിയ 273 കുഷ്ഠരോഗികളില്‍ 21 പേര്‍ കുട്ടികളാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ കുട്ടികളിലെ കുഷ്ഠരോഗ ബാധയെന്നും മന്ത്രി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ച വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണു ക്യാമ്പയിന്‍ നടത്തുക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വൈകല്യത്തോടുകൂടിയ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലോക്കുകളിലെ രോഗബാധിതരുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 300 വീടുകള്‍ സന്ദര്‍ശിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫോക്കസ്ഡ് ലെപ്രസി ക്യാമ്പയിനും ഇതേ കാലയളവില്‍ നടത്തും.

രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്തവരില്‍നിന്നു വായുവഴിയാണ് കുഷ്ഠരോഗം പകരുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും. കുഷ്ഠരോഗത്തിനു ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

2005ല്‍ രാജ്യത്ത് കുഷ്ഠരോഗം നിവാരണം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം പതിനായിരത്തില്‍ ഒന്നില്‍ത്താഴെ മാത്രമാകുമ്പോഴാണ് രോഗം നിവാരണം ചെയ്തതായി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ രോഗം കണ്ടെത്തിയിട്ടുള്ളത് പതിനായിരത്തില്‍ 0.2 പേരിലാണ്. ഏതാനും വര്‍ഷങ്ങളായി ഈ നിരക്കില്‍ മാറ്റമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com