എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

എലിപ്പനി പടരാതിരിക്കുന്നതിന് എല്ലാ മുന്‍ കരുതലുകളും സ്വീകരിക്കണം. പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണം
എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുകയാണ്. രോഗം പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. എലിപ്പനി പടരാതിരിക്കുന്നതിന് എല്ലാ മുന്‍ കരുതലുകളും സ്വീകരിക്കണം. പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സി സൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. 

എന്നാല്‍ എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഡോക്‌സി സൈക്ലിന്‍ ഗുളിക വെറും വയറ്റില്‍ കഴിക്കരുത്. ഭക്ഷണ ശേഷം മാത്രമേ കഴിക്കാവൂ. 

ഗുളിക കഴിച്ചാല്‍ ചിലര്‍ക്ക് വയറെരിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ( വയറെരിച്ചില്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത് )

14 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആഴ്ചയില്‍ 200 mg  ഗുളിക കഴിക്കണം. എട്ടിനും 14 നും ഇടയില്‍ പ്രായമുള്ളവര്‍ 100 mg ഗുളികയാണ് കഴിക്കേണ്ടത്. ( 4 ആഴ്ചകളില്‍ കഴിയ്ക്കുക )
അതേസമയം എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്‌സി ഗുളിക നല്‍കരുത്. പകരം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അസിത്രോമൈസിന്‍ ഗുളിക നല്‍കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നു. 

എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന, ലെപ്‌ടോസ്‌പൈറ എന്ന ഗ്രൂപ്പില്‍പ്പെട്ട ഒരു ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കുടിയാണ് അസുഖം പകരുക. ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും, ചെളിയുള്ള മണ്ണിലൂടെയും ഒക്കെ അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ ഇവ വഴിയാണ് രോഗാണു അകത്തു കടക്കുക.

രോഗാണു അകത്ത് കിടന്നാല്‍ ഏകദേശം 515 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളില്‍ വേദന, വിറയല്‍, കടുത്ത ക്ഷീണം ഇവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ചുവേദന, ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. 

കൃത്യസമയത്ത് രോഗം  കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം,കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാവുന്നതുമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com