സേവ്യര്‍, C/O കോക്കേഴ്‌സ് തീയേറ്റര്‍; തീയേറ്റര്‍ പൊളിക്കുമ്പോള്‍ സേവ്യര്‍ അനാഥനായി; കേരളത്തിലെ ആദ്യ 70 എംഎം തീയേറ്റര്‍ ഓര്‍മ്മയിലേക്ക്

കോക്കേഴ്‌സ് തീയേറ്റര്‍ കൊച്ചി നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു
കോക്കേഴ്‌സ് തീയേറ്റര്‍ അടച്ച് സീല്‍ വയ്ക്കുന്നു. ഇന്‍സെറ്റില്‍ സേവ്യര്‍
കോക്കേഴ്‌സ് തീയേറ്റര്‍ അടച്ച് സീല്‍ വയ്ക്കുന്നു. ഇന്‍സെറ്റില്‍ സേവ്യര്‍

''മജസ്റ്റിക്ക് സിനിമാകൊട്ടകയില്‍ നാളെ മുതല്‍ ചെമ്മീന്‍'' -

ഫോര്‍ട്ടുകൊച്ചിയുടെ തീരങ്ങളിലൂടെ കോളാമ്പിയിലൂടെ അനൗണ്‍സ്‌മെന്റുമായി പോകുമ്പോള്‍ കുട്ടികള്‍ പിന്നാലെ ഓടിയെത്തി നോട്ടീസുകള്‍ പെറുക്കിയെടുത്തു. ആ കാഴ്ചയ്ക്ക് പിന്നില്‍ സേവ്യര്‍ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ആവേശംകൊണ്ട് തുള്ളിച്ചാടാന്‍ കുട്ടിയല്ലാത്തതുകൊണ്ട് അയാള്‍ ഉള്ളില്‍ സന്തോഷത്തിരയെ അടക്കി.
മജസ്റ്റിക്കിന്റെ മുന്നിലേക്ക് സിനിമാമോഹവുമായെത്തിയ ചെറുപ്പക്കാരിലും സേവ്യറുണ്ടായിരുന്നു. സിനിമയിലേക്കുള്ള പ്രവേശനകവാടം സിനിമാതീയേറ്ററാണെന്ന് തെറ്റിദ്ധരിച്ച ചുരുക്കംചില സിനിമാമോഹികളില്‍ പലരും വിട്ടുപോയപ്പോഴും സേവ്യര്‍ വിട്ടുപോകാതെ നിന്നു. സേവ്യറെ ഒടുക്കം 'സിനിമയിലെടുത്തു'. കേരളത്തിലെ ആദ്യ 70 എം.എം. തീയേറ്ററായി മാറിയ മജസ്റ്റിക്കിന്റെ ജോലിക്കാരനായി! പിന്നീട് സേവ്യറിന്റെ ജോലിയില്‍ മാറ്റം വന്നു; മജസ്റ്റിക്കിന്റെ ലുക്കിലും പേരിലും മാറ്റങ്ങളും വന്നു. സൈന, കോക്കേഴ്‌സ് എന്നിങ്ങനെ പേരുമാറ്റങ്ങള്‍ക്കൊപ്പം പേരുമാറാതെ സേവ്യറും. സേവ്യറുടെ വിലാസമായി കോക്കേഴ്‌സ് മാറി. കോക്കേഴ്‌സിന്റെ വിലാസത്തില്‍ അടച്ചുപൂട്ടാനുള്ള അവസാന കത്തും എത്തിയതോടെ വിലാസമില്ലാത്തവനായി തീര്‍ന്നത് സേവ്യര്‍ എന്ന സേവ്യര്‍, കെയര്‍ ഓഫ് കോക്കേഴ്‌സ് തീയേറ്റര്‍.
തീയേറ്റര്‍ ഏറ്റെടുക്കുന്നതിനായി ഇന്നലെയായിരുന്നു നഗരസഭ മേയറും സംഘവും ഫോര്‍ട്ടുകൊച്ചിയിലെ കോക്കേഴ്‌സ് തീയേറ്ററിലെത്തിയത്. തീയേറ്റര്‍ അടച്ചുപൂട്ടി സീല്‍ ചെയ്ത് നഗരസഭാ സംഘം മടങ്ങുമ്പോള്‍ 'കൈയ്യിലൊതുങ്ങുമായിരുന്നെങ്കില്‍ ഈ തീയേറ്ററിനെ കെട്ടിപ്പിടിച്ച് കരയുമായിരുന്നു' എന്ന് തോന്നിപ്പിക്കുംമട്ടില്‍ സേവ്യര്‍ നിന്നത്. സേവ്യറിന് വേറെ ജീവിതമില്ല; ഈ തീയേറ്ററിലായിരുന്നു ഉണ്ടതും ഉറങ്ങിയതും ജീവിച്ചതുമെല്ലാം.
കഴിഞ്ഞ അമ്പതു വര്‍ഷമായി സേവ്യര്‍ ഈ തീയേറ്ററിലുണ്ട്. സേവ്യറിനും മുന്നേ തീയേറ്റര്‍ ഫോര്‍ട്ടുകൊച്ചിയിലുമുണ്ട്. ഓലപ്പുരയായിരുന്നു അന്ന്. മജസ്റ്റിക് എന്നായിരുന്നു അന്ന് പേര്. ചെമ്മീന്‍ സിനിമയില്‍ പരീക്കുട്ടി വന്നതുപോലെ തീയേറ്ററിനെ പുഷ്ടിപ്പെടുത്താന്‍ ടി.കെ. പരീക്കുട്ടി സാഹിബ് മജസ്റ്റിക്കില്‍ എത്തി. തീയേറ്ററിനെ അടിമുടി മാറ്റി പുതുക്കിയപ്പോള്‍ മജസ്റ്റിന്റെ പേരിലും പുതുക്കം വരുത്തി, സൈന എന്നാക്കി. കേരളത്തിലെ ആദ്യത്തെ 70 എം.എം. തീയേറ്ററായി സൈന മാറുകയായിരുന്നു. ഈ കാലയളവായപ്പോഴേക്കും സേവ്യര്‍ തീയേറ്ററിനൊപ്പം ജീവിതം തുടങ്ങിയിരുന്നു. സേവ്യറിന്റെ മുന്നിലൂടെ തീയേറ്ററും സിനിമകളും വളര്‍ന്നു. സേവ്യര്‍ തീയേറ്ററിനൊപ്പം വളര്‍ന്നു. ഇതിനിടയില്‍ സേവ്യര്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. താന്‍ അഭിനയിച്ച സിനിമയുടെ ടിക്കറ്റ് വിറ്റ്, കാണികള്‍ക്കൊപ്പം കാണാനുള്ള അവസരം ലഭിച്ചയാളാണ് സേവ്യര്‍. തീയേറ്ററിലേക്ക് രാത്രിയാകുമ്പോള്‍ തിരികെയെത്തുന്ന സിനിമാഭിനയം മാത്രമാണ് സേവ്യര്‍ ചെയ്തിരുന്നത്. കാരണം സിനിമാഭിനയത്തേക്കാള്‍ സേവ്യറിന് തീയേറ്ററായിരുന്നു അപ്പോഴേക്കും പ്രാധാന്യം.
ലോക ക്ലാസ്സിക്കുകളും മലയാളത്തിലെ ഹിറ്റുകളും അല്ലാത്തതും സൈനയുടെ തിരശ്ശീലയില്‍ തിരയിളക്കി കടന്നുപോയി. സൈന എന്ന പേര് മാറ്റി കോക്കേഴ്‌സ് ആയപ്പോഴും മാറ്റമില്ലാതെ സേവ്യര്‍ അവിടെത്തന്നെയുണ്ടായിരുന്നു. കോക്കേഴ്‌സ് ആയിരുന്നപ്പോഴും തലയെടുപ്പിന് ഒട്ടും കുറവില്ലായിരുന്നു. എന്നാല്‍ പിന്നീട് കോക്കേഴ്‌സ് പ്രതാപത്തില്‍നിന്നും ചരിത്രത്തിലേക്കുള്ള നടത്തം തുടങ്ങി. 2009ല്‍ ലീസ് കാലാവധി കഴിഞ്ഞു. നഗരസഭ തീയേറ്റര്‍ ഏറ്റെടുക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ അത് നീണ്ടുപോയി. സേവ്യറുടെ പ്രാര്‍ത്ഥനയും അതുതന്നെയായിരുന്നു. തീയേറ്റര്‍ നഗരസഭ ഏറ്റെടുത്താല്‍ എങ്ങോട്ടു പോകും എന്നത് സേവ്യറിന് അറിയില്ലായിരുന്നു. നഗരസഭയില്‍ വാക്കുതര്‍ക്കങ്ങള്‍ക്കിടെ മേയര്‍ തീയേറ്റര്‍ അടച്ചുപൂട്ടി സീല്‍ വയ്ക്കാന്‍ തീരുമാനിച്ചു. ഇന്നലെ അതും നടന്നു. സേവ്യര്‍ തീര്‍ത്തും അനാഥനായി മാറി. തീയേറ്റര്‍ ഇടിച്ചുപൊളിച്ച് മള്‍ട്ടിപ്ലക്‌സ് തീയേറ്ററാക്കി മാറ്റുമെന്നാണ് നഗരസഭ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ, അതുവരെ സേവ്യര്‍ എവിടെ താമസിക്കും? എങ്ങോട്ട് പോകും?
സേവ്യറിനുപോലും ഉത്തരമില്ല. ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ സേവ്യര്‍ ദിശയറിയാതെ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ഏകനായി ഇരുന്നു. പിന്നില്‍ അലറിക്കരയാനൊരുങ്ങുന്ന മട്ടില്‍ തീയേറ്റര്‍, മുന്നില്‍ ആര്‍ത്തിയിരമ്പുന്ന കടലും സാക്ഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com