ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പത്തു താരങ്ങള്‍

സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് മറ്റാരുമല്ല ബോളിവുഡിലെ താരരാജാക്കന്‍മാരേക്കാളുമേറെ വൈകി വെള്ളിത്തിരയിലെത്തിയ ദീപിക പദുക്കോണ്‍ ആണ്
ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പത്തു താരങ്ങള്‍

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ രണ്ട് സ്ത്രീകളുമുണ്ട്. സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് മറ്റാരുമല്ല ബോളിവുഡിലെ താരരാജാക്കന്‍മാരേക്കാളുമേറെ വൈകി വെള്ളിത്തിരയിലെത്തിയ ദീപിക പദുക്കോണ്‍ ആണ്. ഫോര്‍ബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്ത പത്തുപേരില്‍ ആറാം സ്ഥാനമാണ് ദീപികയ്ക്ക്. 

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മറ്റൊരു വനിതാതാരം പ്രിയങ്കാ ചോപ്രയാണ്. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന വ്യവസ്ഥയില്‍ താരറാണികളുടെ ഈ നേട്ടം അത്ര നിസാരമായി കാണേണ്ടതില്ല. 

അതേസമയം ലോകത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പത്ത് നടന്‍മാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ബോളിവുഡിലെ നാല് നടന്‍മാര്‍ അതിലുള്‍പ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2016 ജൂണ്‍ ഒന്ന് മുതല്‍ 2017 ജൂണ്‍ ഒന്ന് വരെയുള്ള ബോക്‌സ് ഓഫിസ് ഇന്ത്യ. ബോക്‌സ് ഓഫിസ് മോജോ, ഐഎംഡിബി, പ്രസ് ഇന്റര്‍വ്യൂ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഇതിനുള്ള വിവരശേഖരണം നടത്തിയിട്ടുള്ളത്.

ഷാരൂഖ് ഖാന്‍


243 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ഷാരൂഖ് ഖാന്റെ പ്രതിഫലം. റയീസ് എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് താരത്തിന്റെ പ്രതിഫലം ഇത്രയധികം ഉയര്‍ന്നത്. ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയെടുത്താല്‍ ഷാരൂഖിന് എട്ടാം സ്ഥാനമാണുള്ളത്.

സല്‍മാന്‍ ഖാന്‍


ട്യൂബ്ലൈറ്റ് എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് വിജയത്തിനു ശേഷം സല്‍മാന്‍ ഖാന്റ പ്രതിഫലം ഉയര്‍ന്നിരുന്നു. 236 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ലഭിച്ചത്. ടിവി റിയാലിറ്റി ഷോകളിലൂടെയും ഇദ്ദേഹം വലിയതോതില്‍ പണം സമ്പാദിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒന്‍പതാം സ്ഥാനമാണ് സല്‍മാന്.

അക്ഷയ് കുമാര്‍


2016 എന്ന വര്‍ഷം അക്ഷയ്കുമാറിന് എന്തുകൊണ്ടും നല്ല വര്‍ഷമായിരുന്നു. ജോളി എല്‍എല്‍ബി, ഹൗസ്ഫുള്‍ 3, റസ്റ്റം തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഫോര്‍ബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്താമത്തെ നടനായ അക്ഷയ് കുമാറിന്റെ കഴിഞ്ഞവര്‍ഷത്തെ പ്രതിഫലം 224 കോടി രൂപയാണ്.

ആമിര്‍ ഖാന്‍


എല്ലാക്കാലത്തും ബോളിവുഡിലെ നിത്യഹരിത നായകനാണ് ആമിര്‍ ഖാന്‍. എന്നാല്‍ അദ്ദേഹം പ്രതിഫലത്തിന്റെ കാര്യത്തില്‍ ഷാരൂഖിോടും സല്‍മാനോടും അക്ഷയ് കുമാറിനോടും പരാജയപ്പെട്ടിരിക്കുകയാണ്. 80 കോടി രൂപയാണ് താരത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്, എങ്കിലും ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ നാലാമനാണ് ആമിര്‍.

ഋത്വിക് റോഷന്‍


73.6 കോടി രൂപയാണ് ഋത്വിക് റോഷന്റെ കഴിഞ്ഞവര്‍ഷത്തെ പ്രതിഫലം. കാബാലിയും മോഹന്‍ജദാരോയുമാണ് കഴിഞ്ഞവര്‍ഷത്തെ ഋത്വിക്കിന്റെ ചിത്രങ്ങള്‍.

ദീപിക പദുക്കോണ്‍


70 കോടി രൂപയാണ് ദീപിക പതുക്കോണ്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയ പ്രതിഫലം. ആമിറിനേക്കാളും പത്ത് കോടിയുടെ വ്യത്യാസം മാത്രം. മാത്രമല്ല കഴിഞ്ഞ വര്‍ഷം എക്‌സന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെ ദീപിക ഹോളിവുഡില്‍ തന്റെ കഴിവ് തെളിയിച്ചു. മാത്രമല്ല ഹോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന വനിതാ താരങ്ങളുടെ അടുത്താണ് ദീപികയുടെ സ്ഥാനം. 

റണ്‍വീര്‍ സിങ്


റണ്‍വീറിന്റെ അടുത്തിറങ്ങിയ ബെഫിക്രെ ബോക്‌സ് ഓഫിസില്‍ ഉന്നത വിജയം നേടിയ ചിത്രമാണ്. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന താരത്തിന് 64 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പ്രതിഫലമായി ലഭിച്ചത്.

പ്രിയങ്ക ചോപ്ര


ബോളിവുഡില്‍ ഏറ്റവും കൂടിതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഇത്തവണ എട്ടാം സ്ഥാനമാണ്. റണ്‍വീറിന് ലഭിക്കുന്ന അതേ പ്രതിഫലം (64 കോടി) തന്നെയാണ് പ്രിയങ്കയ്ക്കും. എബിസി സംപ്രേക്ഷണം ചെയ്യുന്ന 'ക്വാണ്ടികോ എന്ന സീരിയലില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം കൂടി ചേര്‍ത്താണിത്. 

അമിതാബ് ബച്ചന്‍


57 കോടി രൂപയാണ് ബോളിവുഡിലെ ബിഗ്ബിയുടെ കഴിഞ്ഞവര്‍ഷത്തെ പ്രതിഫലം. അഞ്ച് ദശാബ്ദക്കാലമായി സിനിമാരംഗത്ത് ഇടമുറപ്പിച്ച ബച്ചന്‍ ഇതിനകം തന്നെ 150ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കോന്‍ ബനേഗ കോര്‍പതി എന്ന പരിപാടിയിലൂടെ അടുത്ത വര്‍ഷം തന്റെ പ്രതിഫലം കൂടുമെന്നാണ് ബച്ചന്റെ പ്രതീക്ഷ.

റണ്‍ബീര്‍ കപൂര്‍


54 കോടി രൂപയാണ് റണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം. കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെയ് മുഷ്‌കില്‍ എന്ന ചിത്രം മാത്രമാണ് കഴിഞ്ഞ വര്‍ഷം റിലീസ് ആയ ഇദ്ദേഹത്തിന്റെ ഏക ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com