പോയകാലം തിരികെക്കിട്ടില്ലെന്നറിയാം;അന്നെടുത്ത തീരുമാനത്തില്‍ നഷ്ടബോധമുണ്ട്; തിരിച്ചുവരവിനൊരുങ്ങി ലിസി

വിവാഹ മോചനത്തിന് ശേഷം താരം സ്വന്തം ബിസിനസ്സുമായി സജീവമായിരുന്നു.
പോയകാലം തിരികെക്കിട്ടില്ലെന്നറിയാം;അന്നെടുത്ത തീരുമാനത്തില്‍ നഷ്ടബോധമുണ്ട്; തിരിച്ചുവരവിനൊരുങ്ങി ലിസി

ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലിസി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം താരം സ്വന്തം ബിസിനസ്സുമായി സജീവമായിരുന്നു. സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. 

ലിസിയെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായൊരു വാര്‍ത്തയാണിത്. മകള്‍ കല്ല്യാണി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് പിറകെ അമ്മയുടെയും രണ്ടാംവരവ്. കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലിസി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ താനൊരു പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നതെന്ന് ലിസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിഭ്രമത്തോടെയാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നതെന്ന് താരം പറയുന്നു. തുടക്കത്തിലെ ആശങ്ക പിന്നീട് അകന്നുപോയെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ലിസി പറയുന്നുണ്ട്.

കൈനിറയെ അവസരങ്ങളുള്ളപ്പോള്‍ തന്റെ 22ാം വയസിലാണ് ലിസിക്ക് അഭിനയം നിര്‍ത്തേണ്ടി വന്നത്. കരിയറിന്റെ തുടക്കകാലത്ത് തന്നെ തെലുങ്ക് സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലിസിക്ക് ലഭിച്ചിരുന്നു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. തെലുങ്ക് സിനിമ ഉപേക്ഷിച്ചതില്‍ കുറ്റബോധമുണ്ട്. പക്ഷേ അന്ന് വേറെ വഴിയില്ലായിരുന്നു. തീര്‍ച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം വരവില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ ലിസി ഫേസ്ബുക്കില്‍ എഴുതി.

'കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലയാളത്തില്‍ നിന്നും തമിഴിലും നിന്നും തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. തമിഴില്‍ ഗൗതം മേനോന്‍ ഒരു വിഷയം പറഞ്ഞിരുന്നു. വൈകാതെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കും'- ലിസി പറഞ്ഞു.

1994ല്‍ പുറത്തിറങ്ങിയ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു അവസനാമായി വേഷമിട്ടത്. 1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com