ഐഎഫ്എഫ്‌കെയില്‍ നടക്കുന്നത് സ്വകാര്യ കമ്പനികളെ നാണിപ്പിക്കുന്ന പി.ആര്‍ വര്‍ക്ക്: ഡോ. ബിജു 

ആളുകള്‍ കൂടുന്ന ഒരു കാര്‍ണിവല്‍ പോലെ ഇത് നടത്തുക എന്നതിനപ്പുറത്തേക്ക് ഐഎഫ്എഫ്‌കെ കൊണ്ട് മലയാള സിനിമയ്ക്ക് എന്തുഗുണമാണ് ഉണ്ടാകുന്നതെന്ന് സര്‍ക്കാരിന് വലിയ ചിന്തയൊന്നും ഇല്ല. 
ഐഎഫ്എഫ്‌കെയില്‍ നടക്കുന്നത് സ്വകാര്യ കമ്പനികളെ നാണിപ്പിക്കുന്ന പി.ആര്‍ വര്‍ക്ക്: ഡോ. ബിജു 

സൗണ്ട് ഓഫ് സൈലന്‍സ് ഐഎഫ്എഫ്‌കെയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പ്രതിഷേധമാണോ ചിത്രത്തിന്റെ സമാന്തര റിലീസ്?

ത്തവണ എന്റെ സിനിമ ഐഎഫ്എഫ്‌കെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ആയച്ചിരുന്നത്. പക്ഷേ സിനിമ ആ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തില്ല. മറ്റു ചിലരെപ്പോലെ വിവാദമുണ്ടാക്കി പബ്ലിസിറ്റി നേടേണ്ട കാര്യമില്ല എന്നു  തോന്നി. അതുകൊണ്ട് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങുന്ന ദിവസം സിനിമ ഏരീസ് പ്ലക്‌സില്‍ റിലീസിനെത്തിച്ചു. എന്തുകൊണ്ടാണ് സൗണ്ട് ഓഫ് സൈലന്‍സ് മേളയില്‍ ഉള്‍പ്പെടുത്താത് എന്ന് ഇന്ത്യന്‍ പനോരമ ജൂറി പാനല്‍ ഒന്ന് കണ്ണോടിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഐഎഫ്എഫ്‌കെയില്‍ ഒഴിവാക്കി ഒരുമാസം തികഞ്ഞപ്പോള്‍ നടന്ന കല്‍ക്കത്ത ചലച്ചിത്ര മേളയില്‍  സൗണ്ട് ഓഫ് സൈലന്‍സിന് മികച്ച സംവിധായകനുള്ള അംഗീകരം ലഭിച്ചു. അതാണ് ഒഴിവാക്കിയവര്‍ക്കുുള്ള മറുപടി. സിനിമയെ അംഗീകരിക്കാന്‍ അറിയാവുന്നിടത്ത് സിനിമ അംഗീകരിക്കപ്പെടുന്നുണ്ട്. അതുമതി.കൂടുതല്‍ വിവാദങ്ങള്‍ക്കില്ല. 

നമ്മുടെ ചലച്ചിത്ര മേളകളില്‍ എന്തുകൊണ്ട് മലയാളത്തില്‍ നിന്നുള്ള, ഇതര ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പൊളിറ്റിക്കല്‍ ചിത്രങ്ങള്‍ എത്തുന്നില്ല എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം. പലസ്ഥീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും,അതേസമയം ഇന്ത്യന്‍ രാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ ഒഴിവാക്കും. അതിനോട് വിയോജിപ്പാണ്.

മലയാളത്തില്‍ ഒരുപാട് പൊളിറ്റിക്കലായ, പരീക്ഷണ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. അതൊക്കെ ഉള്‍പ്പെടുത്താന്‍ അക്കാദമിക്ക് മടിയാണ്. മലയാളത്തെ സംബന്ധിച്ചിടത്തോളം കൂടുതലും മുഖ്യധാര ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഐഎഫ്എഫ്‌കെ എന്തിനുവേണ്ടിയാണോ ആരംഭിച്ചത്, അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകുന്നതിന്റെ പ്രശ്‌നമാണിത്. എന്താണ് ഒരു ചലച്ചിത്ര മേള എന്ന അര്‍ഥം ഉള്‍ക്കൊള്ളുന്നില്ല. ചലച്ചിത്ര മേളകള്‍ പരീക്ഷണ ചിത്രങ്ങള്‍ക്ക്, പൊളിറ്റിക്കല്‍ ചിത്രങ്ങള്‍ക്ക് ഉള്ള ഇടമാണ്. അല്ലാതെ മുഖ്യധാര ചിത്രങ്ങള്‍ക്കുള്ള ഇടമല്ല. മുഖ്യധാര ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തുന്നുണ്ട്, അല്ലാതെ കാണാന്‍ പല മാര്‍ഗമങ്ങളുമുണ്ട്. അവിടെയൊക്കെ വന്നുപോയ ചിത്രങ്ങള്‍ കാണിക്കാന്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കേണ്ട ആവശ്യമുണ്ടോ? 

ള്‍ക്കൂട്ട ആഘോഷം എന്നതിലപ്പുറത്തേക്ക് സംഘാടകരും കാര്യമായി ഒന്നും ലക്ഷ്യം വയ്ക്കുന്നില്ല എന്നാണോ? 

കാണികള്‍ കൂടുന്നുവെന്നത് തന്നെയാണ് നമ്മുടെ ചലച്ചിത്ര മേളയുടെ പ്രത്യേകത. അതിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്നതരത്തില്‍ തന്നെയാണ് സര്‍ക്കാരും ഇടപെടുന്നത്. ആളുകള്‍ കൂടുന്ന ഒരു കാര്‍ണിവല്‍ പോലെ ഇത് നടത്തുക എന്നതിനപ്പുറത്തേക്ക് ഐഎഫ്എഫ്‌കെ കൊണ്ട് മലയാള സിനിമയ്ക്ക് എന്തുഗുണമാണ് ഉണ്ടാകുന്നതെന്ന് സര്‍ക്കാരിന് വലിയ ചിന്തയൊന്നും ഇല്ല. 

എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുകയാണല്ലോ, ഒരു സംവിധായകന്‍ തന്റെ ചിത്രം മേളയുടെ ഒരു പ്രത്യേക ഇനത്തിലേക്ക് മാത്രമേ തെരഞ്ഞെടുക്കാവു എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ എത്രമാത്രം യുക്തിയുണ്ട്? 

എസ് ദുര്‍ഗ ആദ്യം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അത് സ്വീകാര്യമല്ലാത്തതുകൊണ്ടാണ് സംവിധായകന്‍ ചിത്രം പിന്‍വലിച്ചത് എന്നാണ് അറിവ്. ചിത്രം പിന്‍വലിക്കുന്നതും പ്രദര്‍ശിപ്പുക്കന്നതുമൊക്കെ സംവിധായകന്റെ വ്യക്തിപരമായ ചോയിസാണ്. ഇതിന് മുമ്പും ചിത്രങ്ങള്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഏതു വിഭാഗത്തില്‍ സിനിമ ഉള്‍പ്പെടുത്തണം എന്ന് തീരുമാനിക്കുന്നത് ആത്യന്തികമായി ആ മേളയുട ജൂറിയാണ്. ആ തീരുമാനം വേണമെങ്കില്‍ നമുക്ക് അംഗീകരിക്കാം, അല്ലെങ്കില്‍ പിന്‍വലിക്കാം. എന്റെ സിനിമ ഇത്ര മേളകളകളില്‍ ഇത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്, അതുകൊണ്ട് നിങ്ങളും എന്റെ സിനിമ മത്സര വിഭാഗത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കണം എന്ന് പറയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് മേളയുടെ  നിയമാവലിയില്‍ കൃത്യമായി പറയുന്നുണ്ട്, മറ്റ് ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ കിട്ടിയതൊന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ലെന്ന്. ആ നിയമാവലി ഒപ്പിട്ടു കൊടുത്തിട്ടാണ് സിനിമയ്ക്ക് അപേക്ഷിക്കുന്നത്. അപ്പോള്‍ മറ്റെവിടെയെങ്കിലും മത്സര വിഭാഗത്തില്‍ പുരസ്‌കാരം നേടി എന്നതുകൊണ്ട് ഇവിടെ മത്സര വിഭാഗത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കണം എന്ന് ശഠിക്കുന്നത് ശരിയല്ല. 

ഇദ്ദേഹത്തിന്റെ കാര്യത്തില്‍, ഐഎഫ്എഫ്‌കെയില്‍ ആദ്യം തെരഞ്ഞെടുത്ത വിഭാഗത്തില്‍ നിന്ന് അദ്ദേഹം തന്നെ സിനിമ പിന്‍വലിച്ചു. പിന്നീട് വീണ്ടും ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നഷ്ടമാകുന്നത്. അപ്പോള്‍ അക്കാദമിക്ക് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. പ്രദര്‍ശിപ്പിക്കണമെങ്കില്‍, ഒന്നുങ്കില്‍ കേന്ദ്ര മന്ത്രാലത്തിന്റെ അനുമതി വേണം,അല്ലെങ്കില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വേണം. ഇതേപോലെ വിഷയമായ വേറൊരു ചിത്രം ന്യൂഡ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അത് പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുണ്ടോയെന്ന് അക്കാദമി വ്യക്തമാക്കിയിട്ടില്ല.ന്യൂഡ് എങ്ങനെയാണ് പ്രദര്‍ശിപ്പിക്കുന്നത് എന്ന് അക്കാദമി വ്യക്തമാക്കണം, അതേ മാനദണ്ഡം പാലിച്ച് എസ് ദുര്‍ഗയും പ്രദര്‍ശിപ്പിക്കണം. 

എസ് ദുര്‍ഗ വിവാദത്തില്‍ താങ്കള്‍ നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമാണ്,സര്‍ക്കാര്‍ ഫെസ്റ്റിവലില്‍ സര്‍ക്കാരിന് എതിരായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാണം എന്ന് വാശി പിടിക്കരുത് എന്ന്, എങ്ങെയാണ് സെക്‌സി ദുര്‍ഗ എന്ന ഒരു പേര് സര്‍ക്കാരിന് എതിരാകുന്നത്? 

അങ്ങനെയല്ല പറഞ്ഞത്. സെക്‌സി ദുര്‍ഗ എന്ന ുേര് സര്‍ക്കാരിന് എതിരാണ് എന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാരിന് വിരോധമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച്, സര്‍ക്കാര്‍ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ എന്നാണ് പറഞ്ഞത്. ഓരോ സര്‍ക്കാരിനും ഓരോ ചിന്തയുണ്ട്. അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ ചിലപ്പോള്‍ അവര്‍ നിരോധിക്കും. അപ്പോള്‍ നിരോധനം മുന്നില്‍ കണ്ട്  ഭയപ്പെടാതെ സിനിമ എടുത്ത ശേഷം സര്‍ക്കാര്‍ ഫെസ്റ്റിവലുകളില്‍ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ പ്രദര്‍ശിപ്പിക്കണം എന്ന് പറയുന്നത് ശരിയല്ല. അവര്‍ പ്രദര്‍ശിപ്പിക്കുകയോ പ്രദര്‍ശിപ്പിക്കാതിരിക്കുകയോ ചെയ്യട്ടേ, എന്റെ ചിത്രം സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചേ കഴിയുള്ളു എന്നു പറയുന്നത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. 

വിഷയത്തില്‍ സംവിധായകന്‍ ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്നാണോ?

ങ്ങനെയല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് പല വിയോജിപ്പുകളുമുണ്ട്. ജൂറി തെരഞ്ഞെടുത്ത സിനിമ കേന്ദ്ര മന്ത്രാലയത്തിന് തള്ളാം. അതിനെതിരെ കോടതിയില്‍ പോവുകയുമാകാം. കോടതി ഉത്തരവ് മാനിക്കാതെയുള്ള കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിക്കം. പക്ഷേ അവിടേയും ടെക്‌നിക്കലായി നോക്കുകാണെങ്കില്‍, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച തിരുത്തുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. സെന്‍സര്‍ ചെയ്ത വെര്‍ഷനില്‍ നിന്ന് വ്യത്യസ്മതമായാണ് ചിത്രം മേളയ്ക്കയച്ചത് എന്നറയിന്നു. അങ്ങനെയുണ്ടെങ്കില്‍ ഫിലിം മേക്കറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര തെറ്റാണ്. ഒരുതവണ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച തിരുത്തുകള്‍ നമ്മള്‍ അംഗീകരിച്ചാല്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ നമ്മള്‍  ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അംഗീകരിക്കാതിരിക്കണമായിരുന്നു. പേരു മാറ്റണമെന്ന്സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയും പേര് മാറ്റാമെന്ന് ഫിലിം മേക്കര്‍ സമ്മതിക്കുകയും ചെയ്താല്‍ പേര് മാറ്റുക തന്നെവേണം. പിന്നവിടെ കുത്തോ, കോളമോ ഒന്നും  ഇടാന്‍ പാടില്ല. സെക്‌സി മാറ്റി എസ് എന്ന് മാത്രം ഇടാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. അങ്ങനെയിടാം എന്ന് ഏറ്റിട്ട് കൂട്ടത്തില്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചത് നിയമ ലംഘനമാണ്. അതുകെണ്ടാണ് ചിത്രം ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കാതെ പോയത്. വിഷയം ചര്‍ച്ച ചെയ്യുന്നവര്‍ അതിന് കാര്യമായ പരിഗണന കൊടുത്തില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം പിടിവാശികള്‍ സിനിമയെ പ്രതികൂലമായി അല്ലേ ബാധിക്കുക? 

തീര്‍ച്ചയായും, സെന്‍സര്‍ ബോര്‍ഡ് തന്നെ വേണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. എന്തിനാണ് സിനിമയ്ക്ക് മാത്രം ഇങ്ങനൊരു സെന്‍സര്‍ഷിപ്? വിഷം പുറന്തള്ളുന്ന ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പില്ല, സിനിമയ്ക്കുണ്ട്. സിനിമ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു എന്നതാണ് വിഷയം. 

എഫ്എഫ്‌കെ ചിലര്‍ക്ക് വേണ്ടിയുള്ള പി.ആര്‍ വര്‍ക്കായി മാറുന്നുണ്ടോ?

മുന്‍കാലങ്ങളില്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്‍വലിച്ച ചിത്രങ്ങള്‍ ഇത്തവണ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. അത് എങ്ങനാണ് വരുന്നത്, ആരാണ് തെരഞ്ഞെടുക്കുന്നത് എന്നതൊക്കെ ദുരൂഹമാണ്. ഇത് കഴിഞ്ഞ വര്‍ഷവും സംഭവിച്ചിട്ടുണ്ട്. ഐഡി എന്ന് പറുന്ന സിനിമ മൂന്നു നാല് വര്‍ഷം മുമ്പേ പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അതിനായി ഒരു പ്രത്യേക സെക്ഷന്‍ വച്ച് പ്രദര്‍ശിപ്പിച്ചു. റസൂല്‍ പൂക്കുട്ടി നടത്തുന്ന സിംഗ് സൗണ്ടിനെ കുറിച്ചുള്ള സെക്ഷനില്‍ ഒരു പ്രഭാഷകന്‍ അന്‍വര്‍ റഷീദാണ്. അന്‍വര്‍ റഷീദ് ഒരു സിനിമ പോലും സിംഗ് സൗണ്ട് ചെയ്തിട്ടില്ല. റസൂല്‍ പൂക്കുട്ടിയടെ അടുത്ത പടം അന്‍വര്‍ റഷീദിനൊപ്പമാണ്. അതിന്റെ പ്രമോഷന് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്. സര്‍ക്കാര്‍ ചിലവില്‍ വാണിജ്യ സിനിമയുടെ പ്രമോഷന്‍ നടത്തുന്നു. മലയാള സിനിമയില്‍ സിംഗ് സൗണ്ട് ചെയ്യുന്ന ധാരള ം സംവിധായകരുണ്ട്. അവരെയൊന്നും ഉള്‍പ്പെടുത്താതെയാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത്. ഇതിനൊന്നും അക്കാദമിക്ക് വ്യക്തമായ ഉത്തരങ്ങളില്ല. സ്വകാര്യ കമ്പനികളെ നാണിക്കിപ്പുന്ന പിആര്‍ വര്‍ക്കും ഐഎഫ്എഫ്‌കെയില്‍ നടക്കുന്നുണ്ട്.  ചില ആളുകളെ പ്രമോട്ട് ചെയ്യാനുള്ള വേദിയാക്കി ഐഎഫ്എഫ്‌കെ മാറി. ഉദാഹരണം ഈ സെമിനാര്‍ തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com