ഐഎഫ്എഫ്‌കെ: വിവാദങ്ങളും പ്രത്യേകതകളും: ബീനാ പോള്‍ സംസാരിക്കുന്നു

ഐഎഫ്എഫ്‌കെയുടെ നടത്തിപ്പിക്കെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ബീനാ പോള്‍
ഐഎഫ്എഫ്‌കെ: വിവാദങ്ങളും പ്രത്യേകതകളും: ബീനാ പോള്‍ സംസാരിക്കുന്നു

22മത് കേരള രാജ്യന്തര ചലച്ചിത്ര മേള തുടങ്ങുമ്പോള്‍ തന്നെ വിവാദങ്ങളും ഉയരുകയാണ്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുതല്‍ സെമിനാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഒക്കെയായി അത് മുന്നോട്ടു പോകുകയാണ്. ഐഎഫ്എഫ്‌കെയുടെ നടത്തിപ്പിനെക്കുറിച്ചും
വിവാദങ്ങളെക്കുറിച്ചും ബീനാ പോള്‍ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.


ഫെസ്റ്റിവലിന്റെ പ്രത്യേകതകള്‍: 

ഇത്തവണത്തെ ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നത് അതിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പ് കൊണ്ടുമാത്രമല്ല.കൃത്യമായ നടത്തിപ്പ ആസൂത്രണം കൂടിക്കൊണ്ടാണ്.  സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വളരെ വലിയ കണിശതയാണ് പുലര്‍ത്തിയിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള ഏഴ് പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ യുവസംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ തെരഞ്ഞെടുത്ത ഓരോ ചിത്രങ്ങളും രാഷ്ട്രീയവും സാങ്കേതികവുമായി മികച്ചതാണ്. 

സ്വത്വവും ഇടവും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് മേളയുടെ പ്രമേയം. ഗൗരവമേറിയ പലവിഷയങ്ങളും ഇത്തവണ കൈകാര്യം ചെയ്യുന്നുണ്ട്. 

അവള്‍ക്കൊപ്പം

എല്ലാ വര്‍ഷവും മേള മലയാള സിനിമയ്ക്ക് വ്യക്തമായ പ്രാധാന്യം നല്‍കാറുണ്ട്. ഈ വര്‍ഷം ഇരുപതാം നൂറ്റാണ്ടില്‍ സിനിമയിലവതരിപ്പിക്കപ്പെട്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കള്ളി ചെല്ലമ്മ, അവളുടെ രാവുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിന്റെ പേരാണ് അവള്‍ക്കൊപ്പം. 

തുടങ്ങും മുമ്പേ ഉടലെടുത്ത വിവാദങ്ങള്‍

 ഫെസ്റ്റിവല്‍ തുടങ്ങും മുമ്പേ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് പറയുന്നു. അത്തരത്തിലൊന്നുമില്ല. ആരോഗ്യപരമായ സംവാദങ്ങളെ എന്നും സ്വാഗതം ചെയ്യുന്നുണ്ട്. സംവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് മേളയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്.

എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍, സംവിധായകന് തന്റെ സിനിമ പിന്‍വലിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അതുകൊണ്ട് അത് വിവാദമാക്കേണ്ട കാര്യമില്ല. കഴിഞ്ഞ വര്‍ഷം കാബോഡിസ്‌കേപ് സിനിമയ്ക്ക് അവസാന നിമിഷം വരെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കിട്ടാത്ത സ്ഥിതി ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ അവസാനം വരെ അതിനു വേണ്ടി നിലകൊണ്ടു. ഒരു ചിത്രവും മനപ്പൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കാറില്ല. 
അതേപോലെതന്നെ, എസ് ദുര്‍ഗയും കോടതിവരെ പോയി ആണെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. 
സനല്‍കുമാര്‍ ശശിധരന്‍ സ്വന്തം ഇഷ്ടപ്രകരം ചിത്രം പിന്‍വലിച്ചു. ഗോവയില്‍ ഈ പ്രശ്‌നം വന്നതിന് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ പറ്റി ആലോചിച്ചപ്പോള്‍, ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നഷ്ടമായി.  അപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. അത്രയേയുള്ളു. കാര്യം പിന്‍വലിച്ച ചിത്രങ്ങള്‍ക്ക് വേണ്ടി ഫൈറ്റ് ചെയ്യാന്‍ പറ്റില്ല. 

ലയേഴ്‌സ് ഡയസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍, ഇത്തവണ അത് ഒരു പ്രത്യേക പാക്കേജിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ക്യൂറേറ്റഡ് പാക്കേജിലാണ് അത് കാണിക്കുന്നത്. ഏതൊക്കെ സിനിമ തെരഞ്ഞെടുക്കണം, വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ക്യൂറേറ്ററാണ്. ഞങ്ങള്‍ ഫിലിം മേക്കേഴ്‌സിന് എതിരല്ല. 

സിങ് സൗണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളെ ആരോഗ്യകരമായി സമീപിക്കും. ഒരു സെമിനാര്‍ നടത്തുമ്പോള്‍ അതില്‍ എല്ലാവരേയും ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. 

സെന്‍സര്‍ ബോര്‍ഡ് നയങ്ങള്‍ ശരിയായ പ്രവണതയല്ല

സിനിമകള്‍ക്ക് മേല്‍ അമിതമായുള്ള സെന്‍സര്‍ ബോര്‍ഡിന്റെ കടന്നുകയറ്റം ഒരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ല. അത് നല്ല പ്രവണതയല്ല. ഐഎഫ്എഫ്‌കെ സെന്‍സര്‍ ബോര്‍ഡിനൊപ്പമല്ല, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com