റോസാപ്പൂ 'എ പടമോ'? സംവിധായകന്‍ പ്രതികരിക്കുന്നു 

ബിജുമേനോനും സംഘവും എ പടം നിര്‍മ്മിക്കാനാണോ ചെന്നൈയിലേക്ക് പോകുന്നത്?, അപ്പോള്‍ ഇത് കുടുംബമായി കാണാന്‍ പോകാമോ? എന്നു തുടങ്ങുന്നു പ്രേക്ഷക സംശയങ്ങള്‍.
റോസാപ്പൂ 'എ പടമോ'? സംവിധായകന്‍ പ്രതികരിക്കുന്നു 

ബിജു മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോസാപ്പൂ. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആരാധകരുടെ പ്രതീക്ഷയുണര്‍ത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ചിലര്‍ സംശയത്തിലാണ്. ബിജുമേനോനും സംഘവും എ പടം നിര്‍മ്മിക്കാനാണോ ചെന്നൈയിലേക്ക് പോകുന്നത്?, അപ്പോള്‍ ഇത് കുടുംബമായി കാണാന്‍ പോകാമോ? എന്നു തുടങ്ങുന്നു പ്രേക്ഷക സംശയങ്ങള്‍. എന്നാല്‍ ചിത്രത്തേകുറിച്ച് ഇപ്പോഴെ വിധിയെഴുതരുതെന്നും ഒരു തികഞ്ഞ കുടുംബ ചിത്രമായിരിക്കും റോസാപ്പൂ എന്നും സംവിധായകന്‍ വിനു ജോസഫ് പറയുന്നു. 

ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഉടനെ പുറത്തുവരാന്‍ പോകുന്ന സിനിമയുടെ അടുത്ത ടീസര്‍ സിനിമയുടെ മറ്റൊരു ഭാവം പ്രേക്ഷകരിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ' പലരും സിനിമയെകുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ടീസറില്‍ എ പടത്തെകുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നത് സത്യമാണ്. പക്ഷെ ഇത് ചിത്രത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. സിനിമാസ്‌നേഹികളോട് ഞാന്‍ ഉറപ്പിച്ച് പറയുന്നു, കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള ഒരു തികഞ്ഞ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് റോസാപ്പൂ. യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ഇത്', വിനു പറഞ്ഞു. 

ബിജു മേനോന്‍, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവര്‍ രസകരമായ വേഷങ്ങളിലെത്തുന്ന ടീസര്‍ ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു. 2001 മുതല്‍ 20017വരെയുള്ള കാലഘട്ടത്തിലൂടെയാണ് ചിത്രമെന്നും ഈ കാലഘട്ടങ്ങള്‍ വ്യക്തമായി ചിത്രത്തില്‍ കാണാന്‍ കഴിയുമെന്നും വിനു പറഞ്ഞു. മലയാളത്തില്‍ അഡള്‍ട്ട് സിനിമയുടെ തുടക്കത്തെകുറിച്ച് പ്രതിപാദിക്കുന്ന റോസാപ്പൂവില്‍ തമിഴ് നടി അഞ്ചലി പോണ്‍ സ്റ്റാറായി എത്തുന്നുണ്ട്. എന്നാല്‍ ടീസറില്‍ പറയുന്ന ലൈല അഞ്ചലിയല്ലെന്ന് പറഞ്ഞ വിനു അഞ്ചലി ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു വേഷം തന്നെയാണ് ചെയ്യുന്നതെന്നും പറഞ്ഞു. 

ക്രിസ്മസ്സിന് ചിത്രം തീയറ്ററുകളില്‍ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും ജനുവരിയിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. പുലി, ഇരുമുഗന്‍ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. വിനു ജോസഫ് കഥയും തിരകഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം സന്തോഷ് എച്ചിക്കാനമാണ്. 

ബിജു മേനോന്‍, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവര്‍ക്ക് പുറമേ ദിലീഷ് പോത്തന്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിച്ചിട്ടുള്ള റോസാപ്പൂവില്‍ 143ഓളം കഥാപാത്രങ്ങള്‍ അണിനിരക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com