ഐഎഫ്എഫ്‌കെയില്‍ സ്വജനപക്ഷപാതം നടത്തുന്നവരുടെ വിവരങ്ങള്‍ തരാം; നടപടിയെടുക്കാന്‍ ധൈര്യമുണ്ടോ? സിബി മലയിലിനെ വെല്ലുവിളിച്ച് ഡോ.ബിജു 

ചലച്ചിത്ര മേളയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന നഗ്നമായ സ്വജനപക്ഷപാതത്തിന്റെ വിവരാവകാശ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്
ഐഎഫ്എഫ്‌കെയില്‍ സ്വജനപക്ഷപാതം നടത്തുന്നവരുടെ വിവരങ്ങള്‍ തരാം; നടപടിയെടുക്കാന്‍ ധൈര്യമുണ്ടോ? സിബി മലയിലിനെ വെല്ലുവിളിച്ച് ഡോ.ബിജു 

ഐഎഫ്എഫ്‌കെയില്‍ പി.ആര്‍ വര്‍ക്കു നടത്തുന്നവരുടെയും സ്വജനപക്ഷപാതം നടത്തുന്നവരുടെയും പേരുകള്‍ വെളിപ്പൈടുത്തിയാല്‍ നടപടിയെടുക്കാന്‍ സിബി മലയിലിന് ധൈര്യമുണ്ടോയെന്ന് വെല്ലു വിളിച്ച് സംവിധായകന്‍ ഡോ. ബിജു. ഐഎഫ്എഫ്‌കെയില്‍ ആരാണ് പി.ആര്‍ വര്‍ക്ക് നടത്തിയതെന്നും സ്വജനപക്ഷപാതം നടത്തുന്നതെന്നും ആരോപണം ഉന്നയിച്ച ആളുകള്‍ തന്നെ വെളിപ്പെടുത്തണമെന്നുമുള്ള സിബി മലയിലിന്റെ വാക്കുകകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐഎഫ്എഫ്‌കെയില്‍ ചിലരുടെ പി.ആര്‍ വര്‍ക്ക് നടത്തുകയാണ് എന്ന് സംവിധായകന്‍ അന്‍വര്‍ റഷീദിനെ സിംഗ് സൗണ്ട് സെമിനാറില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഡോ.ബിജു പറഞ്ഞത്. ഇതിനോട് പ്രതികരിക്കവെയായിരുന്നു ആരാണ് പി.ആര്‍ വര്‍ക്ക് നടത്തുന്നതെന്ന് ആരോപണം ഉന്നയിച്ചയാള്‍ തന്നെ വ്യക്തമാക്കട്ടേയെന്ന് ഇന്ത്യന്‍ പനോരമ ജൂറി അംഗമായ സിബി മലയില്‍ പറഞ്ഞത്. 

താന്‍ പറഞ്ഞത് വെറും ആരോപണങ്ങള്‍ മാത്രമല്ല എന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും ബിജു സമകാലിക മലയാളത്തോട് പ്രതികരിച്ചു. ആ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം, പക്ഷേ നടപടിയെടുക്കാന്‍ അക്കാദമിക്കും സിബി മലയിലിനും ധൈര്യമുണ്ടോയെന്നു ചോദിച്ചു. 


ഡോ.ബിജുവിന്റെ വാക്കുകള്‍ ഇങ്ങനെ: 

ചലച്ചിത്ര മേളയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന നഗ്നമായ സ്വജനപക്ഷപാതത്തിന്റെ വിവരാവകാശ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ചില ഉദാഹരണങ്ങള്‍ വെളിപ്പെടുത്താം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  വരുന്ന സ്ഥിരം ഇന്റര്‍നാഷ്ണല്‍ ഗസ്റ്റുകളുണ്ട്. ഇവര്‍ ആരുടെ താത്പര്യ പ്രകാരമാണ് വരുന്നത്? 13 വര്‍ഷങ്ങളില്‍ കൂടുതലായി വരുന്ന ആളുകളുണ്ട്. ഇവരെ കൊണ്ടുവന്നിട്ട് മലയാള സിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ? ഇത് സ്വജനതാത്പര്യം അല്ലെങ്കില്‍ പിന്നെ എന്താണ്? 

രണ്ട്, ഈ പറയുന്ന സിബി മലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്  എന്ന് വ്യക്തമാക്കട്ടേ. ടെലിവിഷന്‍ അവാര്‍ഡിന്റെ ജൂറി, സ്റ്റേറ്റ് അവാര്‍ഡിന്റെ ജൂറി, ചലച്ചിത്ര മേള വരുമ്പോള്‍ ഒരു വര്‍ഷം മലയാള സിനിമ സെലക്ഷന്‍ പാനലില്‍, അടുത്ത വര്‍ഷം വേള്‍ഡ് സിനിമ, അടുത്ത വര്‍ഷം ഇന്ത്യന്‍ സിനിമയ്ക്ക്് ഇങ്ങനെ മാറി മാറി പ്രവര്‍ത്തിച്ചിട്ടുണ്ട്? ഇത് വേറാരും ഇല്ലാത്തതുകൊണ്ടാണോ? സ്വജനപക്ഷപാതത്തില്‍ ഇത് പെടില്ലേ? 

ഇത്തവണ ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിക്ക് പാസ് പോലും ലഭിച്ചില്ല. അതിഥിയായി ക്ഷണിച്ചില്ല, അങ്ങനെയൊരു കീഴ്‌വഴക്കം ഇല്ല എന്നാണ് പറയുന്നത്. അങ്ങനെ ഇല്ലെങ്കില്‍ മുമ്പ് മഞ്ജു വാര്യരെ വിശിഷ്ട അതിഥിയാക്കിയത് എന്തിനാണ്? അവര്‍ക്ക് എന്ത് പരിഗണനയാണ് ലഭിച്ചത്? രജിഷ വിജയന് എന്ത് പരിഗണനയാണ് നല്‍കിയത്? ഐഎഫ്എഫ്‌ഐയില്‍ പുരസ്‌കാരം ലഭിച്ച കാരണം പറഞ്ഞ് ഗീതു മോഹന്‍ദാസിനെ ആദരിച്ചത് എന്ത് കീഴ്‌വഴക്കത്തിന്റെ പേരിലാണ്? ഇതെല്ലാം ംസ്വജനപക്ഷപാതവും പി.ആര്‍ വര്‍ക്കുമല്ലേ? ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. നടപടിയെടുക്കാന്‍ തയ്യാറാണെങ്കില്‍ ഇനിയും തെളിവുകള്‍ വിവാരാവകാശ രേഖകള്‍ അടക്കം തരും. 22 വര്‍ഷത്തെ ചലച്ചിത്ര മേളയുടെ ചരിത്രം സോളിഡ് പ്രൂഫായി കൈവശമുണ്ട്.  ജൂറികളും ഗസ്റ്റുകളും അടക്കമുള്ളവരുടെ കൃത്യമായ വിവരങ്ങള്‍ തരാം. ഇവര്‍ക്കെല്ലാം എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സിബി മലയിലും അക്കാദമിയും വ്യക്തമാക്കണം. ഇത് വെല്ലുവിളിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com