നിവിന്‍, ദുല്‍ഖര്‍, ഫഹദ്, മലയാളത്തിലെ യുവതാരനിര തമിഴകത്തേക്ക് ചേക്കേറുന്നോ?

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മലയാളത്തിലെ മുന്‍ നിര യുവതാരങ്ങള്‍ക്ക് തമിഴില്‍ തിരക്കേറുകയാണ്. ശക്തമായ ആരാധക വൃന്ദത്തേയും ഇവര്‍ തമിഴില്‍ സ്വന്തമാക്കികഴിഞ്ഞു.
നിവിന്‍, ദുല്‍ഖര്‍, ഫഹദ്, മലയാളത്തിലെ യുവതാരനിര തമിഴകത്തേക്ക് ചേക്കേറുന്നോ?

അന്യഭാഷയില്‍ അഭിനയിക്കുക എന്നത് കുറേകാലമായി നിലനില്‍ക്കുന്ന ട്രെന്‍ഡ് തന്നെയാണ്. തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ ഹാസനും തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദ്ദാഹരണം. ബോളിവുഡിലും മറ്റ് ഭാഷകളിലെ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചത് നിരവധി തവണ. എന്നാല്‍ അവര്‍ അത്ര നന്നായി ഈ സാധ്യത ഉപയോഗിച്ചെന്ന് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച പുതിയ തലമുറയിലെ അഭിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മലയാളത്തിലെ മുന്‍ നിര യുവതാരങ്ങള്‍ക്ക് തമിഴില്‍ തിരക്കേറുകയാണ്. ശക്തമായ ആരാധക വൃന്ദത്തേയും ഇവര്‍  തമിഴില്‍ സ്വന്തമാക്കികഴിഞ്ഞു.

നിവില്‍ തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ്. തന്റെ എക്കാലത്തേയും സ്വപനമായിരുന്നു തമിഴ് സിനിമയില്‍ അഭിനയിക്കുക എന്നതെന്ന് നിവില്‍ തന്നെ തുറന്നുപറഞ്ഞ കാര്യം. നിവിന്‍ തമിഴിലേക്ക് ചാടാനുള്ള തീരുമാനത്തിന് പിന്നില്‍ പ്രേമം എന്ന സിനിമ സൗത്ത് ഇന്ത്യയില്‍ മുഴുവന്‍ ഉണ്ടാക്കിയ തരംഗമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും നിവിന്‍ കണ്ടെത്തുന്ന കാരണം ഇതല്ല. 'സിനിമ അതിന്റെ എല്ലാ അതിരുകളും ഭേദിച്ചുകഴിഞ്ഞു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ ഒരു ഭാഷയില്‍ ചിത്രമെടുത്താല്‍ പോലും അതൊരിക്കലും ഒരു പ്രത്യേക സംസ്ഥാനത്തിനുള്ളിലോ കാഴ്ച്ചക്കാര്‍ക്കിടയിലോ മാത്രമായി പരിമിതപ്പെടുന്നില്ല. പ്രേമത്തിന് മുമ്പുതന്നെ ഞാന്‍ അഭിനയിച്ച നേരം എന്ന ചിത്രം തമിഴില്‍ റിലീസ് ചെയ്തിരുന്നു. നേരത്തിനും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. പ്രേമം സ്വീകരിക്കപ്പെട്ടത് എനിക്ക് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കിതന്നു എന്നത് സത്യമാണ് പക്ഷെ പ്രേമം നേടിയ വിജയം മാത്രമല്ല എനിക്ക് തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് പിന്നിലെ കാരണം', നിവിന്‍ പറയുന്നു. റിച്ചിക്ക് പുറമെ നിവിന്‍ മറ്റൊരു തമിഴ് ചിത്രം കൂടെ ഒരുങ്ങുന്നുണ്ട്. അടുത്തവര്‍ഷം റിലീസിനെത്തുന്ന ആര്‍ഡി രാജാ നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. 

മറ്റു ഭാഷകളില്‍ ചിത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ കൂടുതല്‍ പരീക്ഷണം നടത്താനുള്ള സാധ്യതയും ലഭിക്കുന്നുണ്ടെന്ന് നിവിന്‍ അഭിപ്രായപ്പെട്ടു. മലയാളത്തില്‍ താന്‍ ഇതുവരെ നേടിയെടുത്ത ഇമേജിന് അനുസരിച്ചുള്ള ചിത്രങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും മറ്റ് ഭാഷകളിലേക്കെത്തുമ്പോള്‍ ഇങ്ങനൊരു സാഹചര്യം ഇല്ലെന്നും നിവിന്‍ പറഞ്ഞു. പ്രേമത്തിന് ശേഷം അതേ തരത്തിലുള്ള കഥാപാത്രങ്ങളുമായി പലരും തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ ബോധപൂര്‍വ്വം അവയെ ഒഴിവാക്കുകയായിരുന്നെന്നും നിവിന്‍ പറഞ്ഞു. റിച്ചിയില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായി റൊമാന്‍സിന് യാതൊരു സാധ്യതയും ഇല്ലാത്ത കഥാപാത്രമാണ് തന്റേതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. 

ദുല്‍ഖര്‍ സല്‍മാന്‍ ഇതിനോടകം മൂന്ന് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. വായ് മൂടി പേസാവും, ഒകെ കണ്‍മണി, സോളോ. ഇപ്പോള്‍ തന്റെ നാലാമത്തെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുല്‍ഖര്‍. കണ്ണും കണ്ണും കൊള്ളെയടിത്താന്‍ എന്ന ദുല്‍ഖറിന്റെ ചിത്രത്തില്‍ റിതു വര്‍മയാണ് നായികയായി എത്തുന്നത്. എന്നാല്‍ ഒകെ കണ്‍മണി ഒഴികെ മറ്റ് രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ അത്ര മികച്ച വിജയം നേടികൊടുത്തില്ല. തമിഴില്‍ മാത്രമല്ല തെലുങ്കിലും ദുല്‍ഖര്‍ തന്റെ സാനിധ്യമെത്തിച്ചുകഴിഞ്ഞു. നടി സാവിത്രിയുടെ കഥപറയുന്ന മഹാനദി എന്ന ചിത്രമാണ് ദുല്‍ഖറിന്റെ കന്നട ചിത്രം. ' മഹാനദി പോലുള്ള പ്രൊജക്ടുകള്‍ മലയാളത്തില്‍ ചെയ്യാനുള്ള ബഡ്ജറ്റ് പലപ്പോഴും ഉണ്ടാകാറില്ല. ഇത്തരത്തിലൊരു സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നെ ഇതിനായി ക്ഷണിച്ചതില്‍ അതുകൊണ്ടുതന്നെ വലിയ സന്തോഷമുണ്ട്. എനിക്ക് തെലുങ്ക് അറിയില്ല എന്നിട്ടും എന്നോട് ഒന്നു ശ്രമിച്ചുനോക്കാന്‍ പറയുകയായിരുന്നു. ചെറുപ്പക്കാരാണ് ഈ ചിത്രത്തിന് പിന്നില്‍. സംവിധായകനും നിര്‍മാതാവുമെല്ലാം ചെറുപ്പക്കാര്‍ തന്നെ, മഹാനദിയെകുറിച്ച് ദുല്‍ഖര്‍ പറയുന്നു. 

തന്റെ എല്ലാ മലയാള ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയവയല്ലെന്നും വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളിലൂടെ കാഴ്ച്ചക്കാരെ എന്റര്‍ടെയിന്‍ ചെയ്യിക്കാനും അത്ഭുതപ്പെടുത്താനുമാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഞാന്‍ തമിഴില്‍ ആദ്യം ചെയ്ത രണ്ട് സിനിമകള്‍ എനിക്ക് അവരുടെ മനസ്സില്‍ ഒരു ഇടം നേടിതന്നെന്ന് ദുല്‍ഖര്‍ പറയുന്നു. സോളോ ബോക്‌സ് ഓഫീസില്‍ വിജയമായില്ലെന്നത് സത്യം തന്നെ അത് ആ സിനിമയുടെ വിധിയാണ്. പക്ഷെ ആ ചിത്രത്തയോര്‍ത്ത് എനിക്ക് എന്നും അഭിമാനമാണുള്ളത്, ദുല്‍ഖര്‍ പറയുന്നു.

മലയാള നടന്‍മാരായ മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് എന്നിവര്‍ തമിഴ് ചിത്രങ്ങളില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ ഉള്‍പ്പെടെ ഒരു ഡസണോളം തമിഴ് സിനിമകള്‍ പൃഥ്വിരാജ് ചെയ്തിട്ടുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇവയില്‍ പലതും പരാജയപ്പെടുകയായിരുന്നു. ഒരു അഭിനേതാവെരീതിയില്‍ തന്നെ അതിശയിപ്പിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് പൃഥ്വിരാജ് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സൗത്ത് ഇന്ത്യയിലെ നാല് മുന്‍ നിര നായകന്‍മാരെ വച്ച് ഗൗതം മേനോന്‍ ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ പൃത്വിരാജ് കരാര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരകഥ അതിമനോഹരമാണെന്നും അഭിനയിക്കാന്‍ വളരെയധികം താല്‍പര്യമുണ്ടെങ്കിലും ചിത്രത്തിനായി സമയം കണ്ടെത്താന്‍ തനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നുമാണ് പൃത്വിരാജ് പറയുന്നത്.   

തമിഴില്‍ രണ്ട് ചിത്രങ്ങളാണ് ഫഹദ് ഫാസിലിന് ചെയ്തുതീര്‍ക്കാനുള്ളത്. ശിവകാര്‍തികേയന്റെ വെലെയ്കാരന്‍ ഈ മാസം 22-ാം തിയതി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നെഗറ്റീക് കഥാപാത്രമാണ് ഫഹദിന്റെതെന്നാണ് പറയപ്പെടുന്നത്. ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡിലെക്‌സ് എന്ന ചിത്രവും ഫഹദ് തമിഴില്‍ ചെയ്യുന്നു. 

അഭിനേതാക്കള്‍ മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ ലീഡ് റോളാണോ എന്നല്ല നോക്കുന്നതെന്ന് ഒരു മുന്‍നിര നിര്‍മാതാവ് അഭിപ്രായപ്പെട്ടു. തെലുങ്ക് ചിത്രമായ ജനതാ ഗാരേജില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രവും 2.0യില്‍ അക്ഷയ്കുമാര്‍ ചെയ്ത വേഷവും ബോളിവുഡില്‍ ധനുഷ് ചെയ്തതുമെല്ലാം ഇതിന് ഉദ്ദാഹരണമായ കഥാപാത്രങ്ങളാണ്. 

സിനിമാതാരങ്ങള്‍ക്കിടയിലെ ഈ പുതിയ പ്രവണത എത്രത്തോളം മാറ്റമാണ് സിനിമാമേഖലയില്‍ വരുത്തുന്നതെന്ന് കാത്തിരുന്ന് കാണണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com