സെന്‍സര്‍ ചെയ്യുന്നത് സിനിമയുടെ പേരും നഗ്നതയും മാത്രം;  സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും അതേപടി:  പാര്‍വതി

സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം - അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീ പ്രേക്ഷകരും മടി കാണിക്കുന്നുണ്ടെന്ന് റിമ
സെന്‍സര്‍ ചെയ്യുന്നത് സിനിമയുടെ പേരും നഗ്നതയും മാത്രം;  സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും അതേപടി:  പാര്‍വതി

തിരുവനന്തപുരം: ആണ്‍  പെണ്‍  ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. 

സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ അഭിപ്രായം. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം.  അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീ പ്രേക്ഷകരും മടി കാണിക്കുന്നുണ്ടെന്ന് റിമ പറഞ്ഞു. ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ  സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഓര്‍മിപ്പിച്ചു. 

സദസ്സുകൂടി ഇടപെട്ടതോടെ ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു.  സംവിധായിക സുമ ജോസന്‍, വിധു വിന്‍സന്റ്, ഛായാഗ്രകരായ ഫൗസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരന്‍, സജിതാ മഠത്തില്‍, ജെ. ദേവിക എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com