എസ്‌ ദുര്‍ഗയെ പിന്തുണച്ചതിന്റെ പേരില്‍ കഞ്ചാവ്‌ ലോബിയാക്കി; ഐഎഫ്‌എഫ്‌കെയില്‍ നിന്ന്‌ ഒഴിവാക്കിയതിനെ കുറിച്ച്‌ രതീഷ്‌ രോഹിണി

സെക്രട്ടറിയോട്‌ നേരിട്ട്‌ സംസാരിച്ചപ്പോള്‍ നീ പോയി കേസ്‌ കൊടുക്കാന്‍ പറഞ്ഞ്‌ പിടിച്ചു തള്ളി
എസ്‌ ദുര്‍ഗയെ പിന്തുണച്ചതിന്റെ പേരില്‍ കഞ്ചാവ്‌ ലോബിയാക്കി; ഐഎഫ്‌എഫ്‌കെയില്‍ നിന്ന്‌ ഒഴിവാക്കിയതിനെ കുറിച്ച്‌ രതീഷ്‌ രോഹിണി



സ്‌ ദുര്‍ഗ വിവാദത്തില്‍ പ്രതികരിച്ചതിന്റെയും അക്കാദമിയിലെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന്‌ പറഞ്ഞതിന്റെയും പേരില്‍ ഐഎഫ്‌എഫ്‌കെയില്‍ നിന്ന്‌ ഒഴിവാക്കിയെന്ന്‌ ചലച്ചിത്ര പ്രവര്‍ത്തകനും നിഴലാട്ടം സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകനുമായ രതീഷ്‌ രോഹിണി. വര്‍ഷങ്ങളായി ഐഎഫ്‌എഫ്‌കെയില്‍ പങ്കെടുക്കുകയും ഒഫിഷ്യലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്‌ രതീഷ്‌. ഇത്തവണ എസ്‌ ദുര്‍ഗയെ പിന്തുണച്ച്‌ ക്യാമ്പയിന്‍ നടത്തിയതാണ്‌ തനിക്കെതിരെ അക്കാദമി തിരിയാന്‍ കാരണം എന്ന്‌ രതീഷ്‌ പറയുന്നു.

രജിസ്‌റ്റര്‍ ചെയ്യാനായി ലോഗിന്‍ ചെയ്‌തപ്പോള്‍ ഐഡി ഇന്‍വാലിഡാണ്‌. അതുകൊണ്ട്‌ ആദ്യം രജിസ്‌റ്റര്‍ ചെയ്യാന്‍ പറ്റിയില്ല. പിന്നീട്‌ അക്കാദമി സെക്രട്ടറിക്ക്‌ നേരിട്ട്‌ കത്തുകൊടുത്തു. തനിക്കൊപ്പം ഉണ്ടായിരുന്ന ഒമ്പതുപേര്‍ക്കും പാസ്‌ നല്‍കുകയും തന്നെ ഒഴിവാക്കുകയുമാണ്‌ ചെയ്‌തതെന്ന്‌ രതീഷ്‌ പറയുന്നു. ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞത്‌ രതീഷിന്റെ നേതൃത്വത്തില്‍ മാനവീയം വീഥിയില്‍ കഞ്ചാവ്‌ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎഫ്‌എഫ്‌കെയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും എന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പാസ്‌ നല്‍കേണ്ടെന്ന്‌ അക്കാദമി തീരുമാനിച്ചു എന്നുമാണ്‌.

പക്ഷേ സത്യം ഇതൊന്നുമല്ലെന്ന്‌ രതീഷ്‌ വ്യക്തമാക്കുന്നു. എസ്‌ ദുര്‍ഗ വിവാദം ആരംഭിച്ചപ്പോള്‍ തന്നെ ചിത്രത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രതീഷിന്റെ നേതൃത്വത്തിലുള്ള നിഴലാട്ടം സാംസ്‌കാരിക സംഘടന വലിയ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. ഐഎഫ്‌എഫ്‌കെയ്‌ക്ക്‌ ബദലായി ആരംഭിച്ച്‌ കിഫ്‌ സമാന്തര ചലച്ചിത്ര മേളയ്‌ക്ക്‌ നിഴലാട്ടം പ്രവര്‍ത്തകര്‍ പിന്തുണ നല്‍കുന്നു എന്ന സംശയത്തെത്തുടര്‍ന്നാണ്‌ പാസ്‌ നല്‍കാത്തതെന്ന്‌ രതീഷ്‌ വ്യക്തമാക്കുന്നു.

സെക്രട്ടറിയോട്‌ നേരിട്ട്‌ സംസാരിച്ചപ്പോള്‍ പോയി കേസ്‌ കൊടുക്കാന്‍ പറഞ്ഞ്‌ പിടിച്ചു തള്ളി. ഞാനും തിരിച്ചു തള്ളി. അങ്ങനെയത്‌ കയ്യാങ്കളിയില്‍ കലാശിച്ചു, രതീഷ്‌ പറയുന്നു. കഞ്ചാവ്‌ ലോബിയാണ്‌ എന്നൊക്കെ പറയാന്‍ ഇവരുടെ കയ്യില്‍ എന്ത്‌ തെളിവാണുള്ളത്‌? കലയ്‌ക്ക്‌ വേണ്ടി നിലകൊള്ളുന്ന എല്ലാവരേയും ഇവര്‍ മയക്കുമരുന്ന്‌ അടിമകള്‍ എന്ന്‌ മുദ്രകുത്തുന്നത്‌ എന്തിനാണ്‌? രതീഷ്‌ ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഐഎഫ്‌എഫ്‌കെയുടെ ഒഫിഷ്യലായിരുന്നു രതീഷ്‌. എന്നാല്‍ ഇത്തവണ മീറ്റിങ്‌ പോലും അറിയിച്ചില്ലെന്ന്‌ രതീഷ്‌ പറയുന്നു. അഞ്ച്‌ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച ആളാണ്‌ ഞാന്‍, സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ആളാണ്‌, എനിക്ക്‌ ഒഫിഷ്യലാകാന്‍ പറ്റും. വരുന്നവരേയും പോകുന്നവരേയും ഒക്കെ ഒഫിഷ്യലാക്കുന്നുണ്ട്‌. അതുപോട്ടേ, ഇത്തവണ ഡെലിഗേറ്റ്‌ പാസാണ്‌ ചോദിച്ചത്‌. അതും ജനാധിപത്യപരമായ രീതിയില്‍ അക്കാദമി പറയുന്ന സംവിധാനത്തിലൂടെയാണ്‌ നേടാന്‍ ശ്രമിച്ചത്‌. അത്‌ തടയേണ്ട കാര്യം എന്താണ്‌? രതീഷ്‌ ചോദിക്കുന്നു.

കഴിഞ്ഞ തവണ ഒരു സിനിമ പ്രവര്‍ത്തകന്റെ പാസിന്‌ വേണ്ടിയുള്ള അപേക്ഷയില്‍ സെക്രട്ടറി ഒപ്പിട്ടില്ല. അതിന്റെ പിറ്റേദിവസം ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നിന്ന്‌ പത്തുപേര്‍ക്ക്‌ ഇദ്ദേഹം പാസ്‌ ഒപ്പിട്ടു കൊടുത്തു. അപ്പോള്‍ ഞങ്ങള്‍ ഇടപെട്ടു. ഇത്‌ നീതികേടാണ്‌ എന്നു ചൂണ്ടിക്കാട്ടി. അര്‍ഹതയുള്ളവര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഒരു യോഗ്യതയുമില്ലാത്ത്‌ ഒരു രാഷ്ട്രീയ കൂട്ടത്തിന്‌ ഇത്രയും പാസുകള്‍ നല്‍കുന്നത്‌ എന്തിനാണ്‌? കലാകാരന്‍മാര്‍ക്കില്ലാത്ത എന്ത്‌ പ്രത്യേകതയാണ്‌ രാഷ്ട്രീയക്കാര്‍ക്കുള്ളത്‌? രതീഷ്‌ ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഒഫിഷ്യലായാല്‍ അക്കാദമിയിലെ ചിലരുടെ വൃത്തികേടുകള്‍ തുറന്നുപറയാന്‍ സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ്‌ ഇത്തവണ ഡെലിഗേറ്റ്‌ പാസ്‌ മതിയെന്ന്‌ തീരുമാനിച്ചതെന്ന്‌ രതീഷ്‌ കൂട്ടിച്ചേര്‍ക്കുന്നു. മേളയുടെ അഞ്ചാം ദിവസമായ ചൊവ്വാഴ്‌ചായും അക്കാദമി സെക്രട്ടറി പാസുകള്‍ ഒപ്പിട്ടു നല്‍കുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com