പദ്മാവതി 'പദ്മാവത്' ആക്കണം; 26 രംഗങ്ങള്‍ ഒഴിവാക്കണം; ഉപാധികളോടെ പ്രദര്‍ശനാനുമതി

പദ്മാവതി 'പദ്മാവത്' ആക്കണം; 26 രംഗങ്ങള്‍ ഒഴിവാക്കണം; ഉപാധികളോടെ പ്രദര്‍ശനാനുമതി

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതി ഉപാധികളോടെ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതി ഉപാധികളോടെ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി. മൂന്ന് പ്രധാന ഉപാധികളാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടു വച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പദ്മാവതി എന്ന പേര് മാറ്റി  'പദ്മാവത്' എന്നാക്കണം, ചിത്രത്തിലെ 26 രംഗങ്ങള്‍ നീക്കം ചെയ്യണം, യഥാര്‍ഥ സംഭവവുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്നിവയാണ് ഉപാധികള്‍. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ പാലിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പ്രതികരിച്ചു. 

യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിക്കുക. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും ചിത്രത്തിന് ചരിത്വുമായി ഒരു ബന്ധവുമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം. അടുത്ത മാസം നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ അന്തിമാനുമതി നല്‍കുകയുള്ളുവെന്ന് വിദഗ്ധ സമിതി അറിയിച്ചു. 

സിനിമയില്‍ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്താവനയെത്തുടര്‍ന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് രാജകുടുബാംഗങ്ങളേയും ചരിത്രകാരേയും ഉള്‍ുപ്പെടുത്തി വിദഗ്ധ സമിതിയുണ്ടാക്കിയിരുന്നു. ഇവര്‍ ചിത്രം കണ്ടതിന് ശേഷം വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരിന്നു.

ഏറെ വിവദാങ്ങള്‍ക്കൊടുവിലാണ് ദീപിക പദുക്കോണ്‍ നായികയായ പദ്മാവതിക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നത്. ചിത്രം രജപുത്ര രാജ്ഞി റാണി പദ്മിനിയെ തെറ്റായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ചില തീവ്ര രജപുത്ര സംഘടനകള്‍ ആരംഭിച്ച പ്രതിഷേധം തീവ്ര ഹിന്ദുത്വ സംഘടനകളും ബിജെപിയും ഏറ്റെടുക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ചിത്രം നിരോധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ അടക്കം പദ്മാവവതിക്കെതിരെ രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com