തെരുവുപാട്ടുകാരന് വിനീത് ശ്രീനിവാസന്റെ ക്ഷണം: നമുക്കൊരുമിച്ച് ഒരു പാട്ടു പാടണം

പേര് മുഹമ്മദ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശിയാണ്
തെരുവുപാട്ടുകാരന് വിനീത് ശ്രീനിവാസന്റെ ക്ഷണം: നമുക്കൊരുമിച്ച് ഒരു പാട്ടു പാടണം

കൊച്ചി: തെരുവില്‍ കൂപ്പിയ കൈകളില്‍ മൈക്കും തിരുകിപ്പിടിച്ച് ആസ്വദിച്ച് അതേ ഭാവം ശബ്ദത്തില്‍ നിറച്ച് എഴുപതു വയസ്സു കടന്ന ഒരാള്‍ പാടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? തെരുവില്‍ കണ്ടില്ലെങ്കിലും കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ ഈ പാട്ടുകാരന്‍ ഹിറ്റാണ്.
നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഈ വീഡിയോ കണ്ടയുടന്‍ അന്വേഷണം ആരംഭിച്ചു. ഒടുക്കം ആ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ തന്നെ ആ ഗായകനെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചു. അതോടെയാണ് വിനീത് ശ്രീനിവാസന്‍ ആ പാട്ടുകാരനെ ഒരുമിച്ചൊരു പാട്ട് പാടാന്‍ ക്ഷണിച്ചത്.

ഇനി ആ പാട്ടുകാരനെക്കുറിച്ച് പറയാം:  പേര് മുഹമ്മദ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശിയാണ്. 
ഇരുപത്തിയെട്ട് വര്‍ഷത്തോളം ചുമട്ടുതൊഴിലാളി ആയിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ആയിരുന്നു ചുമടെടുത്തിരുന്നത്. വീട്ടില്‍ ഭാര്യയും രണ്ട് ആണും ഒരു പെണ്ണും ഉള്‍പ്പടെ മൂന്ന് മക്കളും. വാര്‍ധക്യത്തിലേക്ക് കടന്നതോടെ ജോലിക്കുപോകാന്‍ കഴിയാതെ ആയി. അതോടെ ഭാര്യക്കും വേറെ കുടുംബമായി താമസിക്കുന്ന മക്കള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീടുവിട്ടിറങ്ങി. ഇപ്പോള്‍ ഓരോ കവലകളിലും പോയി പാട്ടുപാടി ജീവിക്കുകയാണ്. ഓട്ടോറിക്ഷയും മൈക്ക് സെറ്റും വാടകയ്ക്ക് എടുക്കും. രണ്ടുംകൂടി ദിവസേന ആയിരം രൂപ. കവലകളില്‍ചെന്ന് ഒരു ദിനം മുഴുവന്‍ പാടിയാല്‍ ആറായിരം രൂപവരെ കിട്ടും. അതാത് പ്രദേശങ്ങളിലെ ലോഡ്ജുകളില്‍ അന്തിയുറക്കം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കൂടുതലും തങ്ങുന്നത്. കോട്ടയത്ത് ഉള്ളപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ സിഐടിയുവിന്റെ ഓഫീസില്‍ അന്തിയുറക്കം. ഒരു സ്ഥലത്ത് പരമാവധി രണ്ടാഴ്ചയോ ഒരു മാസമോ ഉണ്ടാകും.
പ്രജോദ് കടയ്ക്കല്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് മുഹമ്മദിന്റെ പാട്ടുകള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാക്കിയതും വിനീത് ശ്രീനിവാസനുമായി പരിചയപ്പെടുത്തിയതും.
പ്രജോദ് കടയ്ക്കല്‍: മുഹമ്മദിന്റെ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിനീതിന് കൈമാറിയിട്ടുണ്ട്. ജീവിതത്തിന്റെ സായംകാലത്ത് മുഹമ്മദിന്റെ ജീവിതം വിനീത് ശ്രീനിവാസന്റെ കരങ്ങളിലൂടെ മുകളിലേക്ക് ഉയരുന്ന നിമിഷത്തിനായാണ് ഇനി കാത്തിരിപ്പ്. മുഹമ്മദ് എന്ന തെരുവുഗായകന്‍ നാളെ ലോകം അറിയപ്പെടുന്ന ഒരാള്‍ ആകുമെന്ന് എനിക്കുറപ്പുണ്ട്. അത് അങ്ങനെ തന്നെ സംഭവിക്കണം. അതാണ് കാവ്യനീതി. പ്രീയപ്പെട്ട വിനീത് ശ്രീനിവാസന്‍, ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ഒപ്പം മുഹമ്മദിന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കിയ എന്റെ അജ്ഞാതരായ ലക്ഷക്കണക്കിന്  സുഹൃത്തുക്കള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com