''ഈ സിനിമ കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്''

കേരളീയം കൂട്ടായ്മയുടെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച ചിത്രം
''ഈ സിനിമ കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്''

കൊച്ചി: കുറഞ്ഞ ബഡ്ജറ്റില്‍ തീര്‍ത്ത പതിനൊന്നാം സ്ഥലം എന്ന ചിത്രത്തെക്കുറിച്ച് സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് എഴുതിയ നിരൂപണം.
കോഴിക്കോട്, തൃശൂര്‍ ശ്രീ തീയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്ന ഈ ചിത്രം വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെക്കുറിച്ചാണ്. പറയുന്നത്. കേരളീയം കൂട്ടായ്മയുടെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച ചിത്രം രഞ്ജിത് ചിറ്റാടെയാണ് സംവിധാനം ചെയ്തത്. എസ്. ശരതിന്റേതാണ് കഥ. തിരക്കഥ, സംഭാഷണം: കെ. സജിമോന്‍, ക്യാമറ: നിജയ് ജയന്‍.
  
പതിനൊന്നാം സ്ഥലം എന്ന സിനിമ കാണാതെ പോകുന്നത് ഒരു കുറ്റകൃത്യമാണ് എന്ന് വിചാരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ആധുനിക സമൂഹം നടത്തിയ ആദിവാസികളുടെ വംശഹത്യയെ ഇത് ഓര്‍മ്മപ്പെടുത്തുന്നു. ഇടതും വലതും മധ്യത്തിലും നിന്ന് ആദിവാസികളെ വയനാടിന്റെ ഭൂമിയില്‍ പതിറ്റാണ്ടുകളായി കൊല്ലാക്കൊല ചെയ്ത രാഷ്ട്രീയം വിചാരണ അര്‍ഹിക്കുന്നു. മരിച്ചാല്‍ പോലും അടക്കം ചെയ്യാനിടമില്ലാത്ത നിലയിലേക്ക് ഈ ആദിവാസികളെ തുരത്തിയോടിച്ചവരാണ് രാജ്യദ്രോഹികള്‍ . അവര്‍ക്കെതിരെയാണ് ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച് കേസെടുക്കേണ്ടത്. അത് നടക്കാതെ പോകുന്നതാണ് , അത് നീട്ടിവയ്ക്കപ്പെടുന്നതാണ് നമ്മുടെ രാഷ്ട്രീയം ഒരു അന്യായ പ്രയോഗമായി മാറുന്നത് .
വിധു വിന്‍സന്റിന്റെ ' മാന്‍ഹോള്‍' അത് കണ്ടത് മുതല്‍ ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അതിനായി സുഹൃത്തുക്കളായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനോടും കോഴിക്കോട്ടെ ഫിലീം സൊസൈറ്റി സംഘാടകനായ ബൈജു മേരിക്കുന്നിനോടുമൊക്കെ മാന്‍ഹോളിന് വേണ്ടി കടുത്ത ഭാഷയില്‍ പോരാടായിട്ടുണ്ട്. ഭൂമിയില്‍ മൃതദേഹം അടക്കം ചെയ്യാനിടമില്ലാതെ അടുക്കള പൊളിച്ച് അതിനിടം കണ്ടെത്തുന്ന സജിയുടെ ആറടി കണ്ട് അതിനായി വാദിച്ചിട്ടുണ്ട് . എന്നാല്‍ പതിനൊന്നാം സ്ഥലം എന്ന സിനിമ കണ്ട ശേഷം ഈ നിലപാടുകള്‍ ഞാന്‍ തിരുത്തുന്നു. എന്തുകൊണ്ടും മാന്‍ഹോളിനേക്കാളും ആറടിയേക്കാളും മികച്ച സിനിമയാണ് പതിനൊന്നാം സ്ഥലം. ഈ സിനിമയുടെ മനുഷ്യപ്പറ്റും അതുയര്‍ത്തിപ്പിടിയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ആഴവും പരിചരണത്തിന്റെ മികവും മാന്‍ഹോളിനും ആറടിക്കും ഉണ്ട് എന്ന് ഞാന്‍ മൂന്നും കണ്ടശേഷം കരുതുന്നില്ല . ആ രണ്ടു സിനിമകളും മികച്ച സിനിമകള്‍ തന്നെയാണെങ്കിലും തിരസ്‌കൃത ജീവിതങ്ങളിലേക്ക് ആഴത്തില്‍ വേരു പതിപ്പിയ്ക്കുന്നത് പതിനൊന്നാം സ്ഥലമാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യില്‍ ഈ സിനിമ മലയാള സിനിമാ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടാതെ പോയതും ഒരു പുരസ്‌കാരത്തിന് പോലും ഇതിനെ പരിഗണിക്കാതെ പോയതും അതത് ജൂറികള്‍ ചെയ്ത തെറ്റു തന്നെയാണ്. വലിയ സാധ്യതകളെ മുളയിലേ നുളളിക്കളയുകയാണ് ഈ ജൂറികള്‍ ചെയ്തത്. ആ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രമായിരുന്നു എന്ന് കരുതാനാകില്ല , എല്ലാ തിരഞ്ഞെടുപ്പും ഒരു തിരഞ്ഞെടുപ്പായിരിക്കുന്നത് പോലും ഇതും തിരഞ്ഞെടുപ്പുകളുടെ അന്ധ സാധ്യതകളില്‍ ഒന്നു മാത്രം. അതില്‍ അന്യായത്തിന്റെ വിഷം പുരണ്ടിരിക്കുന്നു , പതിനൊന്നാം സ്ഥലം ഒഴിവാക്കിയതിലൂടെ .
കോഴിക്കോട്ടെ നല്ല സിനിമയുടെ പ്രേക്ഷകര്‍ ഈ സിനിമയോട് ഇനിയും നീതി കാട്ടിയിട്ടില്ല. കോഴിക്കോട്ട് അവസാനം നടന്ന ചലച്ചിത്രോത്സവങ്ങളുടെ എണ്ണം വച്ചു നോക്കിയാല്‍ പോലും ഇവിടെ വ്യത്യസ്ത സിനിമകള്‍ക്ക് പ്രേക്ഷകര്‍ കുറവല്ല. അതില്‍ ഒരു ശതമാനം പോലും ശ്രീ തിയറ്ററില്‍ ഇന്ന് ഞായറാഴ്ച വന്നു പോയില്ല . നല്ല സിനിമക്കായുള്ള പോരാട്ടത്തെ അതിനെ പിന്തുണയ്ക്കുന്നതായി അഭിനയിക്കുന്നവര്‍ കൊല്ലുന്ന വിധം ഇങ്ങിനെയാകുന്നതും അന്യായമാണ്. നല്ല സിനിമയുടെ മനഷ്യപ്പറ്റുള്ള പ്രേക്ഷകര്‍ ഇവിടെയുണ്ടെങ്കില്‍ പതിനൊന്നാം സ്ഥലം എന്ന സിനിമ ടിക്കറ്റെടുത്ത് കാണാന്‍ തയ്യാറാകണം. ആ നിക്ഷേപം, ആ പ്രവര്‍ത്തനം ഒരു പ്രതിരോധമാണ്. കാഴ്ചയെ മറയ്ക്കുന്ന അന്ധതകള്‍ക്കെതിരായ പ്രതിരോധം . 
പതിനൊന്നാമത്തെ സ്ഥലം എടുത്ത രജ്ഞിത്ത് ചിറ്റാടെക്കും ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ കേരളീയം ടീമിനും അഭിവാദ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com