''നീ ഒരു പൂവിന്‍ മൗനഗാനം നീ ഹൃദയത്തിന്‍ ഗാനോത്സവം'; സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി വിടവാങ്ങി

കന്നഡ, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ച സബിത ചൗധരി
''നീ ഒരു പൂവിന്‍ മൗനഗാനം നീ ഹൃദയത്തിന്‍ ഗാനോത്സവം'; സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി വിടവാങ്ങി

കൊല്‍ക്കത്ത: സംഗീതചക്രവര്‍ത്തി സലില്‍ ചൗധരിയുടെ ജീവിതത്തിന്റെയും സംഗീതത്തിന്റെയും വാമഭാഗം സബിത ചൗധരിയുടെ ശബ്ദം ഇനി ഓര്‍മ്മകളില്‍ ഈണമിടും. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. കാന്‍സര്‍ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം.


അര്‍ത്ഥസമ്പുഷ്ടവും ഓരോ ഗാനങ്ങളും ഹൃദയഗീതവുമായിരുന്ന ചലച്ചിത്ര സംഗീതകാലത്ത് ഹൃദയംകൊണ്ട് ഭാഷകള്‍ക്കതീതമായി പാടിയ സബിത ചൗധരി മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. സലില്‍ദാ എന്ന സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തിലൂടെയാണ് സബിത ബാനര്‍ജി എന്നറിയപ്പെട്ട ആദ്യനാളുകളില്‍ വിവിധ ഭാഷകളിലേക്ക് സംഗീതയാത്ര നടത്തിയത്. ബംഗാളി ഗായികയായി രംഗത്തുവന്ന സബിത ഹിന്ദി ചലചിത്രഗാനരംഗത്തും ശക്തമായ സാന്നിധ്യമായിമാറി. സലില്‍ ചൗധരിയുടെ ഇഷ്ടഗായികയായി മാറിയ സബിതയെ സലില്‍ ചൗധരി ജീവിതത്തോടൊപ്പം ചേര്‍ത്തു. സലില്‍ ചൗധരി നേരത്തെ വിവാഹിതനായിരുന്നു. ജ്യോതി ചൗധരിയെ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുമുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തിലെ ദാമ്പത്യത്തിന്റെ സ്വരസ്ഥാനങ്ങളെല്ലാം മാറിക്കിടക്കുകയായിരുന്നു. സംഗീതപ്രേമിയായ സംഗീതസംവിധായകന്‍ സബിതയുടെ ശബ്ദങ്ങളില്‍ തന്റെ പാട്ടുകളെയും ജീവിതത്തെയും കണ്ടതോടെ അത് ഇരുവരുടെയും സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. സബിതസലില്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളാണുളളത്.

 കന്നഡ, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ച സബിത ചൗധരി ഏറെയും പാടിയത് സലില്‍ ചൗധരിയുടെ പാട്ടുകള്‍തന്നെ. സലില്‍ ചൗധരിക്കു വേണ്ടി മലയാളത്തില്‍ ഏറ്റവുമധികം പാടിയ ഗായികയും സബിതാ ചൗധരിയാണ്.
1975ല്‍ പുറത്തിറങ്ങിയ തോമാശ്ലീഹ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ 'വൃശ്ചിക്കെണ്ണേ, വേളിപ്പെണ്ണേ...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

1978ല്‍ പുറത്തിറങ്ങിയ ഏതോ ഒരു സ്വപ്‌നം എന്ന ചിത്രത്തിലെ 'ഒരു മുഖം മാത്രം കണ്ണില്‍..' എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മദനോത്സവത്തിലെ 'മേലേ പൂമല താഴെ തേനല, കാറ്റേ വാ....' എന്ന ഗാനംകൂടിയായതോടെ സബിത ചൗധരി മലയാളത്തിന്റെ ഗായിക എന്ന പേരെടുത്തിരുന്നു.


സബിത ചൗധരി വിടവാങ്ങുമ്പോള്‍ മദനോത്സവം എന്ന ചിത്രത്തിലെ സബിത ചൗധരിയുടെതന്നെ ശബ്ദത്തില്‍ ഇറങ്ങിയ ഒരു ഗാനംതന്നെയാണ് മലയാളത്തില്‍ നിന്നും അവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ളത്.
''നീ മായും നിലാവോ, എന്‍ ജീവന്റെ കണ്ണീരോ
നീ പ്രണയത്തിന്‍ ഹംസഗാനം, നീ അതിലൂറും കണ്ണീര്‍ക്കണം
മായുന്നിതോ, ഈ മാരിവില്‍പ്പൂ
ഈ മണ്‍കൂട് നിന്നോട് കണ്ണീരോടോതുന്നിതാ, പോകല്ലേ
നീ ഒരു പൂവിന്‍ മൗനഗാനം
നീ ഹൃദയത്തിന്‍ ഗാനോത്സവം
മായുന്നിതോ നീ മാരിവില്‍പ്പൂവേ...''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com