''ഗങ്ങയാടാ, ഗങ്ങ.  ഒന്നൂല്ലെടാ.... ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്''

അവാര്‍ഡ് ലഭിച്ച വിവരം ഗംഗ അറിഞ്ഞാല്‍ ഇങ്ങനെ പറയുമായിരിക്കും. ഗങ്ങയാടാ, ഗങ്ങ, ഒന്നൂല്ലെടാ, ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്...
''ഗങ്ങയാടാ, ഗങ്ങ.  ഒന്നൂല്ലെടാ.... ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്''

''നമ്മളൊന്നുമല്ലല്ലോ ഭായ് ഈ തിരിക്കണത്. ആരോ തിരിക്കണതില് നമ്മളങ്ങ് പെടണ്.'' സിനിമയിലേക്കെത്തിയതിനെക്കുറിച്ച് വിനായകന്‍ ഒരിക്കല്‍ പറഞ്ഞതാണ്. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴും വിനായകന്റെ മുഖത്തുനിന്നും ഇതേ ഡയലോഗ് തന്നെയാണ് വന്നത്.
സംഗീതവും നൃത്തവും തലയ്ക്കു പിടിച്ച് നടന്നതായിരുന്നു വിനായകന്റെ പൂര്‍വ്വകാലം. വെറുതെ നടക്കുമ്പോള്‍ ആരും കാണില്ലെന്ന് ഉറപ്പിച്ച് ബ്രേയ്ക്ക് ഡാന്‍സിന്റെ സ്റ്റെപ്പുകളിട്ടൊരു നടത്തം. എല്ലാം കണ്ടുകൊണ്ട് ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ ചമ്മലോടെ ഉള്‍വലിഞ്ഞാകും നടത്തം.
ബ്ലാക്ക് മെര്‍ക്കുറി എന്ന ഫയര്‍ ഡാന്‍സ് ഗ്രൂപ്പില്‍ നൃത്തപരിപാടിയുമായി നടക്കുന്നതിനിടെയാണ് തമ്പി കണ്ണന്താനത്തിന്റെ മോഹന്‍ലാല്‍ ചിത്രമായ മാന്ത്രികത്തിലേക്ക് അഭിനയിക്കാന്‍ അവസരം വന്നത്.
''അവസരം എന്നൊന്നും പറയാന്‍ പറ്റില്ല. നമ്മ്‌ടെ ലുക്കൊക്കെ കണ്ടപ്പോ ഒരു ഗുണ്ടാടീമിന്റെ കൂട്ടത്തില് ഒരാള്.'' തന്റെ ആദ്യ റോളിനെക്കുറിച്ച് വിനായകന്‍ പറഞ്ഞതിങ്ങനെ.
കോറിയോഗ്രാഫറാകണം എന്നാഗ്രഹിച്ച വിനായകനെ മലയാള സിനിമയ്ക്ക് ചേര്‍ന്ന വില്ലന്‍ ലുക്കുള്ളയാളാണെന്നായിരുന്നു ആദ്യത്തെ തിരിച്ചറിയല്‍. ''ഒരിക്കല് ധനുഷ് പറഞ്ഞിട്ടുണ്ടായിരുന്ന് നമ്മളെപ്പോലെ സുന്ദരന്മാരല്ലാത്ത ഒരപാട് പേര് സിനിമയിലുണ്ടെന്ന്. അങ്ങനെയാണെങ്കില് ഇവിടെ ആരും സുന്ദരന്മാരല്ലാന്നായിരുന്നു ഞാന്‍ പറഞ്ഞത്. എനിക്ക് വില്ലന്‍ ലുക്കാണെങ്കീ ചെലപ്പോ നമ്മളെയും ആര്‍ക്കെങ്കിലും ഇഷ്ടായാലോ? ഹല്ലപിന്നെ.''
സുന്ദരന്മാരെക്കുറിച്ചും തന്റെ സൗന്ദര്യത്തെക്കുറിച്ചും വിനായകന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്.

സംവിധായകര്‍ കണ്ട വില്ലന്‍ലുക്ക് വിനായകന്റെ പെരുമാറ്റത്തിലുണ്ടോ എന്ന സംശയം ചോദിച്ചപ്പോള്‍, ''ലുക്കുണ്ടെന്നേയുള്ളു, ശരിക്കും ഞാനൊരു ഉള്‍വലി ടൈപ്പാണ്. പുറത്തേക്കൊന്നും ഇറങ്ങാന്‍ എനിക്ക് ഇഷ്ടേയല്ല, എന്തു കാണാനാണ്.''
വില്ലന്‍ വേഷത്തില്‍ ഒരു ബ്രേയ്ക്ക് നല്‍കിയത് സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലെ മൊന്ത എന്ന ക്യാരക്റ്ററായിരുന്നു. കഥാപാത്രങ്ങള്‍ക്ക് പേരു ലഭിച്ചുതുടങ്ങിയ ചിത്രം. ''അതിലൊന്നും വല്യ കാര്യമില്ല.'' എന്നതാണ് വിനായകന്റെ മറുപടി.
പിന്നീടങ്ങോട്ട് സ്വന്തമായി ഒരു പേരുള്ള കഥാപാത്രങ്ങള്‍ വിനായകന് ലഭിച്ചു തുടങ്ങി. ഛോട്ടാ മുംബൈയിലെ സതീശന്‍ കുറേക്കൂടി ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബി, ബെസ്റ്റ് ആക്ടര്‍, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ആട് ഒരു ഭീകരജീവിയാണ്, ചന്ദ്രേട്ടന്‍ എവിടെയാ, കലി തുടങ്ങിയ സിനിമകളിലൊക്കെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷംതന്നെ കിട്ടി.
ഇതിനിടയില്‍ ജെയിംസ് എന്ന ഹിന്ദി സിനിമയിലും തിമിരു എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.
രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയില്‍ പ്രതാപന്‍ എന്ന രാഷ്ട്രീയ ഗുണ്ടയായി മികച്ച പ്രകടനം കാഴ്ച വെച്ച വിനായകന്‍ നേരത്തെതന്നെ രാജീവ് രവിയുടെ 'നോട്ടപ്പുള്ളി'യായിരുന്നു. വിനായകനിലെ അഭിനേതാവിനെ പ്രതാപനിലൂടെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
പിന്നില്‍ കൈ കെട്ടി ഒരു നടത്തമുണ്ടായിരുന്നു ബെസ്റ്റ് ആക്ടറില്‍ വിനായകന്‍ ചെയ്ത ഊമയായ ഗുണ്ടയ്ക്ക്. വളരെ നേര്‍ത്ത മാനറിസം കൊണ്ട് കഥാപാത്രത്തിലേക്ക് ഉള്‍ച്ചേരാനുള്ള വിനായകന്റെ അത്തരം ശ്രമങ്ങളെയാണ് രാജീവ് രവി നോട്ടമിട്ടിരുന്നത്.
അങ്ങനെ കമ്മട്ടിപ്പാടം എന്ന കൊച്ചിയുടെ സ്വന്തം ചരിത്രവായനയില്‍ ഗംഗ എന്ന കഥാപാത്രമായി വിനായകനെ തിരഞ്ഞെടുക്കുകയായിരുന്നു. വിനായകന്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചിരുന്നതു തന്നെയായിരുന്നു ഗംഗ എന്ന കഥാപാത്രം. ബ്രേയ്ക്ക് ഡാന്‍സുമായി വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഗംഗ വിനായകന്റെ ജീവിതത്തിലുമുണ്ടായിരുന്നു.
ജീവിതത്തോട് ഇഴുകിച്ചേര്‍ന്ന കഥാപാത്രത്തെ വിനായകന്‍ അതേ മട്ടില്‍ അവതരിപ്പിച്ചു. കൊച്ചി സ്ലാംഗുംകൂടി ചേര്‍ന്നതോടെ വിനായകനല്ലാതെ മറ്റൊരാളെ ആ റോള്‍ ഏല്‍പ്പിക്കാന്‍ പറ്റില്ലെന്നായി.
''ഗംഗയാടാ, ഒന്നൂല്ലെടാ വെറുതെ വിളിച്ചതാണ്.....'' എന്നു തുടങ്ങുന്ന ഡയലോഗ് പറയുമ്പോള്‍ ഗംഗ അനുഭവിച്ച മാനസികസംഘര്‍ഷങ്ങള്‍ വിനായകന്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ സിനിമാപ്രേക്ഷകര്‍ വിനായകന്റെ ആരാധകരായി. ''അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്‍ മകനേ....'' എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് അഭിനയിച്ച വിനായകന്‍ പ്രേക്ഷക മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു എന്നതിനു തെളിവാണ്; തുടര്‍ന്നുവന്ന സ്വകാര്യ അവാര്‍ഡുകളില്‍ വിനായകനെ പരിഗണിക്കാതായപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പതിനായിരങ്ങള്‍ പ്രതിഷേധമറിയിച്ചത്.
''നിങ്ങളുടെയൊക്കെ പ്രതികരണങ്ങള്‍ക്ക് ഫലം കണ്ടിരിക്കുന്നു, അതിഗംഭീര, അതിഭയങ്കര ഫലം'' എന്ന് വിനായകന്‍ അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ചു. ''പ്രതീക്ഷിച്ചില്ല, ആഗ്രഹമൊക്കെയുണ്ടായിരുന്നു.'' എന്നു പറഞ്ഞ വിനായകന്റെ മുഖത്ത് അപ്പോഴും മുമ്പ് പറഞ്ഞിരുന്ന ആ ഡയലോഗ് ഉണ്ടായിരുന്നു: ''നമ്മളൊന്നുമല്ലല്ലോ ഭായ് ഈ തിരിക്കണത്. ആരോ തിരിക്കണതില് നമ്മളങ്ങ് പെടണ്.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com