സിനിമ ഫെയ്‌സ്ബുക്ക് ലൈവില്‍; എന്തെങ്കിലും ചെയ്യൂ എന്ന് നിര്‍മ്മാതാക്കള്‍

ഓണ്‍ലൈന്‍ പൈറൈറ്റുകളെ പിടികൂടണമെന്ന് ആവശ്യപ്പെടാമെന്നല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ലെന്നാണ് പരാതി.
സിനിമ ഫെയ്‌സ്ബുക്ക് ലൈവില്‍; എന്തെങ്കിലും ചെയ്യൂ എന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി: പുതുപുത്തന്‍ മലയാള സിനിമകള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കെത്തന്നെ ഫെയ്‌സ്ബുക്ക് ലൈവുകളില്‍ വരുന്നത് പതിവായപ്പോള്‍ നിര്‍മ്മാതാക്കളും സംവിധായകരും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. ഓണ്‍ലൈന്‍ പൈറൈറ്റുകളെ പിടികൂടണമെന്ന് ആവശ്യപ്പെടാമെന്നല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ലെന്നാണ് പരാതി.
ജോമോന്റെ സുവിശേഷങ്ങള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിടെ ഫെയ്‌സ്ബുക്കില്‍ ലൈവായി വന്ന ചിത്രങ്ങള്‍. ഓണ്‍ലൈനില്‍ ചിത്രങ്ങളുടെ പ്രിന്റ് വരുന്നത് പതിവായിരിക്കുകയാണ്. പ്രേമം എന്ന സിനിമ പ്രിന്റ് ഇന്റര്‍നെറ്റുകളില്‍ വന്നത് ഏറെ വിവാദമായിരുന്നു. എവിടെനിന്നാണ് അത് പോയത് എന്നതിനെക്കുറിച്ചായിരുന്നു ഏറെയും ചര്‍ച്ച. അതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോഴും അരങ്ങേറുന്നത്. ഫെയ്‌സ്ബുക്കില്‍ ലൈവായി ചിത്രങ്ങള്‍ ഓടിക്കൊണ്ടിരിക്കുകയാണ്.
സത്യന്‍ അന്തിക്കാടും നാദിര്‍ഷയും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. അങ്കമാലി ഡയറീസ് ഇന്റര്‍നെറ്റില്‍ വന്നപ്പോള്‍ നിര്‍മ്മാതാവായ വിജയ് ബാബുവും അതിനുമുമ്പ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോളും കേസുമായി മുന്നോട്ടു പോയെങ്കിലും കൃത്യമായി ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
നാദിര്‍ഷ തന്റെ ആദ്യസിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനെതിരെ പരാതിപ്പെട്ടിരുന്നുവെങ്കിലും, ഒരാളെ അറസ്റ്റു ചെയ്തുവെങ്കിലും ഇപ്പോള്‍ സ്വതന്ത്രനായി നടക്കുന്നുവെന്നും നാദിര്‍ഷ പറഞ്ഞു. 22 ലക്ഷം മുടക്കി 2008ല്‍ ദേ മാവേലി കൊമ്പത്ത് കാസറ്റിറക്കി പിറ്റേദിവസം അതിന്റെ വ്യാജനിറങ്ങിയതോടെയാണ് താന്‍ കാസറ്റ് ഇറക്കുന്നത് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com