20 വര്‍ഷമായി തുടരുന്ന ചോദ്യത്തിന് ഉത്തരം നല്‍കി ലാല്‍ജോസ്; മോഹന്‍ലാലിനെ നായകനാക്കി സിനിമ നാളെ മുതല്‍ ഷൂട്ടിംഗ്

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തല്‍ക്കാലം പേരിട്ടിട്ടില്ല.
20 വര്‍ഷമായി തുടരുന്ന ചോദ്യത്തിന് ഉത്തരം നല്‍കി ലാല്‍ജോസ്; മോഹന്‍ലാലിനെ നായകനാക്കി സിനിമ നാളെ മുതല്‍ ഷൂട്ടിംഗ്

കൊച്ചി: 1998ല്‍ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ലാല്‍ജോസ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ ലാല്‍ജോസ് കേട്ടുകൊണ്ടിരുന്ന ചോദ്യത്തിന് ഇതാ ഇപ്പോള്‍ ഉത്തരം. മോഹന്‍ലാലിനെ നായകനാക്കി എന്തേ പടം പിടിക്കുന്നില്ലേ? എന്നായിരുന്നു ആ ചോദ്യം. നാളെ മുതല്‍ ആ സിനിമ തുടങ്ങുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തല്‍ക്കാലം പേരിട്ടിട്ടില്ല. ഫെയ്‌സ്ബുക്കിലൂടെയാണ് ലാല്‍ജോസ് ഈ വിവരം അറിയിച്ചത്.


മോഹന്‍ലാല്‍- ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരു സിനിമ കാണണമെന്ന് ജനങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ലാല്‍ജോസ് മാജിക്കില്‍ ലാല്‍മാജിക്കുംകൂടി ചേരുന്ന കാഴ്ച കാണാനായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ. എന്നാല്‍ ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്യാനൊരുങ്ങിയതേയില്ല. ഇരുവരും കട്ട ഉടക്കാണെന്നു വരെ ഗോസിപ്പിറങ്ങി. എന്നാല്‍ പ്രേക്ഷകരുടെ ആകാംക്ഷയ്ക്കും ഗോസിപ്പുകാരുടെ വാദങ്ങള്‍ക്കും അറുതിവരുത്തിക്കൊണ്ട് ലാല്‍ജോസ് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്. നാളെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്നി പി. നായരമ്പലമാണ്.

നശിച്ചുകിടക്കുന്ന ഒരു കോളേജിനെ നന്നാക്കാനായി എത്തുന്ന പ്രൊഫസര്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുന്നത്. കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ കൂട്ടുകെട്ടില്‍നിന്നും ഒരു നന്മയുള്ള, രസമേറെയുള്ള ചിത്രം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് താനെന്ന് ലാല്‍ജോസ് പറഞ്ഞു. അങ്കമാലി ഡയറീസിലൂടെ മലയാളസിനിമയിലെത്തിയ ലിച്ചിയാണ് നായികയായെത്തുന്നത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യര്‍ കോളേജിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.  വിഷ്ണുശര്‍മ്മയാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com