ദളപതിയെ മറികടന്ന് ഇളയദളപതി: 100 കോടി ക്ലബിലും വിജയ് രജനിയെ പിന്നിലാക്കി

മെര്‍സല്‍ ആണ് രജനികാന്തിന്റെ പല റെക്കോര്‍ഡുകളേയും പിന്നിലാക്കാന്‍ വിജയ്ക്ക് കൂട്ടായത്.
ദളപതിയെ മറികടന്ന് ഇളയദളപതി: 100 കോടി ക്ലബിലും വിജയ് രജനിയെ പിന്നിലാക്കി

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ രജനികാന്ത് റെക്കോര്‍ഡുകളെന്നും നോണ്‍ രജനികാന്ത് റെക്കോര്‍ഡുകളെന്നും രണ്ട് തരം റെക്കോര്‍ഡുകളുണ്ട്. ഇതില്‍ നോണ്‍ രജനി റക്കോര്‍ഡുകളുടെ സ്ഥാനം എന്നും രജനി റക്കോര്‍ഡുകള്‍ക്ക് ഒരുപടി താഴെയായിരുന്നു. തമിഴരുടെ ദളപതിയായ രജനീകാന്തിന്റെ വലിപ്പം ഇതില്‍ നിന്നും മനസിലാക്കാം. 

എന്നാല്‍ മെര്‍സല്‍ എന്ന ചിത്രത്തിലൂടെ ദളപതിയുടെ കളക്ഷന്‍ റക്കോര്‍ഡ് തമിഴിലെ ഇളയ ദളപതി വിജയ് മറികടന്നിരിക്കുകയാണ്. മെര്‍സല്‍ ആണ് രജനികാന്തിന്റെ പല റെക്കോര്‍ഡുകളേയും പിന്നിലാക്കാന്‍ വിജയ്ക്ക് കൂട്ടായത്. കരിയറിലെ ആദ്യ 200 കോടി ചിത്രത്തിനൊപ്പം 100 കോടി ക്ലബ്ബിലും രജനിയെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്.

തമിഴ് സിനിമയില്‍ 100 കോടി എന്ന ബോക്‌സ് ഓഫീസ്  അക്കം പിന്നിട്ട ആറ് താരങ്ങള്‍ മാത്രമെയുള്ളു. അതില്‍ ഏറ്റവും മുന്നില്‍ ദളപതി വിജയ് ആണ്. രജനികാന്ത്, സൂര്യ, അജിത്, വിക്രം, കമല്‍ഹാസന്‍ എന്നിവരാണ് മറ്റ് അഞ്ച് പേര്‍. വിക്രത്തിന് രണ്ടും കമല്‍ഹാസന് ഒരു ചിത്രവും മാത്രമാണ് 100 കോടി ക്ലബ്ബിലുള്ളത്.

തുപ്പാക്കി മുതല്‍ മെര്‍സല്‍ വരെ ആറ് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിലെത്തിയ വിജയ് ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയാണ് ആദ്യ 100 കോടി ചിത്രം. തുപ്പാക്കിക്ക് ശേഷം ഏആര്‍ മുരുകദോസ് സംവിധാനം ചെയ്ത കത്തിയാണ് രണ്ടാമത്തെ ചിത്രം. 2014ലാണ് കത്തി തിയറ്ററിലെത്തിയത്. പരാജയമായി മാറിയ ചിംബുദേവന്‍ ചിത്രം പുലിയാണ് 100 കോടി പിന്നിട്ട മൂന്നാമത്തെ ചിത്രം. 118 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 102 കോടി കളക്ഷന്‍ നേടിയിരുന്നു. ആറ്റ്‌ലി ചിത്രം തെരി 2016ലും ഭരതന്‍ ചിത്രം ഭൈരവ, ആറ്റ്‌ലി ചിത്രം മെര്‍സല്‍ എന്നിവ 2017ലും 100 കോടി പിന്നിട്ടു.

100 കോടി ക്ലബ്ബില്‍ മുന്നില്‍ വിജയ് ആണെങ്കില്‍ 200 കോടിയില്‍ മുന്നില്‍ നില്‍ക്കുന്നത് രജനികാന്താണ്. നാല് 100 കോടി ചിത്രങ്ങള്‍ ഉള്ള രജനികാന്തിന് അതില്‍ രണ്ടും 200 കോടി ചിത്രങ്ങളാണ്. എന്തിരന്‍, കബാലി എന്നിവയാണ് 200 കോടി ക്ലബ്ബിലെത്തിയ രജനി ചിത്രങ്ങള്‍. ഐ എന്ന ഒറ്റ ചിത്രവുമായി 200 കോടി ക്ലബ്ബില്‍ വിക്രമും ഇടം നേടിയിട്ടുണ്ട്. ആകെ നാല് തമിഴ് ചിത്രങ്ങളാണ് 200 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com