പ്രതിഷേധിച്ചാല്‍ മനസിലാവാത്തവരുടെ മുന്നില്‍ എന്തിന് പ്രതിഷേധിക്കണം, സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു

ഇന്ത്യന്‍ പനോരമയിലോ,  ഐഎഫ്എഫ്‌കെയിലോ ഭാവിയില്‍ തന്റെ സിനിമകള്‍ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍
പ്രതിഷേധിച്ചാല്‍ മനസിലാവാത്തവരുടെ മുന്നില്‍ എന്തിന് പ്രതിഷേധിക്കണം, സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു

വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടിരുന്ന സെക്‌സി ദുര്‍ഗയെ ഇപ്പോള്‍ ഇന്ത്യന്‍ പനോരമയില്‍ നിന്നും വെട്ടിയെന്ന വാര്‍ത്ത പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇപ്പോഴത്തെ ഇന്ത്യ സര്‍ക്കാരിന്റെ, ഭരിക്കുന്ന പാര്‍ട്ടികളുടെ നിലപാടുകള്‍ വെച്ചു നോക്കുമ്പോള്‍ സെക്‌സി ദുര്‍ഗ എന്ന സിനിമ ഇന്ത്യന്‍ പനോരമയില്‍ എത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് സനല്‍ കുമാര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

ജൂറി നിര്‍ദേശിച്ച ലിസ്റ്റില്‍ അവസാന നിമിഷം വരെ സെക്‌സി ദുര്‍ഗ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സെക്‌സി ദുര്‍ഗയെ വെട്ടിമാറ്റുകയായിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേരില്‍ തൂങ്ങിയായിരുന്നു അവരാദ്യം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നത്. പേരിനെ ചൊല്ലിയുള്ള വിവാദങ്ങളെല്ലാം പുകമറ മാത്രമായിരുന്നു. ആ സിനിമ എന്താണോ ചര്‍ച്ച ചെയ്യുന്നത് അത് തന്നെയാണ് അവര്‍ക്ക് പ്രശ്‌നമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. 

ഇടുങ്ങിയ ചിന്താഗതിയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. അങ്ങിനെ ഇടുങ്ങിയ ചിന്താഗതിക്കുള്ളില്‍ നിന്നും അവര്‍ പറയുന്ന തരത്തിലുള്ള സിനിമ എടുക്കാന്‍ തയ്യാറല്ലെന്ന് സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കുന്നു. ബിജെപിയെ വിമര്‍ശിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് സെക്‌സിദുര്‍ഗ്ഗ പനോരമയില്‍ നിന്നും വെട്ടിമാറ്റപ്പെട്ടത്.  അക്കാദമിയെയും സര്‍ക്കാരിനെയും അതിന്റെ നിലപാടുകളെയും വിമര്‍ശിക്കുന്നു എന്നതാണ് സെക്‌സി ദുര്‍ഗയോട് അക്കാദമിയുടെ അസ്വാരസ്വത്തിനു കാരണം. പാടെ ഒഴിവാക്കിയാല്‍ ഇപ്പോള്‍ മൗനമായിരിക്കുന്ന സാംസ്‌കാരിക അടിമകള്‍ പോലും വായ തുറന്നാലോ എന്ന് പേടിച്ചിട്ടാണ് സിനിമയെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

13  അംഗ ജൂറി നിര്‍ദേശിച്ച 26 ചിത്രങ്ങളില്‍ നിന്നുമാണ് സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയും, രാജീവ് ജാദവിന്റെ ന്യൂഡും വെട്ടിയിരിക്കുന്നത്.

ഇപ്പോഴത്തേയോ,ഇനി വരാന്‍ പോകുന്നതോ ആയ ഒരു സര്‍ക്കാരിനേയും പ്രീതിപ്പെടുത്തി സിനിമ എടുക്കാന്‍ താത്പര്യമില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പനോരമയിലോ,  ഐഎഫ്എഫ്‌കെയിലോ ഭാവിയില്‍ തന്റെ സിനിമകള്‍ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. 

പ്രതിഷേധിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. പ്രതിഷേധിച്ചാല്‍ അത് മനസിലാവും എന്ന മനോഭാവം ഉള്ള ഏതെങ്കിലും ഗ്രൂപ്പിന്റെ മുന്നില്‍ പ്രതിഷേധിച്ചിട്ട് മാത്രമേ കാര്യമുള്ളു. പ്രതിഷേധം പോലും അര്‍ഹിക്കാത്ത തരത്തിലുള്ള സര്‍ക്കാരാണ് ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത്. 

അവരു തന്നെ നിശ്ചയിച്ച ഒരു ജൂറി, ആ ജൂറി നിര്‍ദേശിച്ച സിനിമകളെ വെട്ടിമാറ്റുന്ന നിലപാട് ഈ സര്‍ക്കാര്‍ ഒന്നിനേയും പരിഗണിക്കുന്നില്ല എന്നതിന് തെളിവാണ്. പരിപൂര്‍ണ ഫാസിസം ആണത്. അതിനെതിരെ കൊടി പിടിച്ചിട്ടോ, ബാനര്‍ ഉയര്‍ത്തിയിട്ടോ ഒന്നും ഒരു കാര്യവും ഇല്ല. 

ഒരു പ്രേമകഥയോ, നാലു പാട്ടും രണ്ട് സ്റ്റണ്ടുമുള്ള സിനിമയൊന്നും അല്ല എസ് ദുര്‍ഗ. നമ്മുടെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയാണ് സിനിമ സംസാരിക്കുന്നത്. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന, തിരുത്തപ്പെടേണ്ടതും, ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയങ്ങളാണ് എസ് ദുര്‍ഗ സംസാരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായ സിനിമ വന്നാല്‍ അവര്‍ എതിര്‍ക്കും. അത് തന്നെയാണ് എസ്ദുര്‍ഗയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com