കരണ്‍ ജോഹറിന്റെ സിനിമ വേണ്ടെന്ന് അനുഷ്‌ക ഷെട്ടി; കാരണം പ്രഭാസോ..?
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th November 2017 10:26 AM |
Last Updated: 13th November 2017 10:26 AM | A+A A- |

മുംബൈ : പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ ബോളിവുഡിലേക്കുള്ള ക്ഷണം തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി നിരസിച്ചു. കരണിന്റെ പുതിയ ചിത്രത്തിലേക്കാണ് അനുഷ്‌കയെ ക്ഷണിച്ചത്. എന്നാല്‍ അനുഷ്‌ക ക്ഷണം നിരസിക്കുകയായിരുന്നു. ക്ഷണം നിരസിച്ചതിന് പിന്നില്‍ നടന്‍ പ്രഭാസ് ആണെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്.
എന്നാല്‍ കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്ന് അനുഷ്‌ക ഷെട്ടി പറയുന്നു. അതേസമയം കരണിന്റെ ക്ഷണത്തിന് പിന്നാലെ അനുഷ്‌ക, പ്രഭാസുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും, പ്രഭാസിന്റെ ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ പ്രഭാസിനെ നായകനാക്കി ബോളിവുഡില്‍ ചിത്രം ഒരുക്കാന്‍ കരണ്‍ ജോഹര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് 20 കോടി രൂപ പ്രഭാസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കരണ്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കരണ്‍ ജോഹറും പ്രഭാസും സ്വരച്ചേര്‍ച്ചയിലല്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാഹുബലി ജോഡികളായ പ്രഭാസും അനുഷ്‌കയും പ്രയത്തിലാണെന്നും, ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും ഗോസിപ്പുകളുണ്ട്. അതേസമയം തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറയുന്നത്. പ്രഭാസ് സഹോ എന്ന ചിത്രത്തിന്റെയും, അനുഷ്‌ക ബാഗ്മതി എന്ന ചിത്രത്തിന്റെയും തിരക്കിലാണ്.